Featured Healthy Food

പേരയ്ക്കയുള്ളപ്പോള്‍ എന്തിന് ‘സൂപ്പർ ഫുഡുകൾ’? ഈ സാധാരണ പഴത്തിന്റെ ഗുണങ്ങൾ കേട്ടാൽ ഞെട്ടും!

ബെറികളും കിവികളും മറ്റ് വിദേശ പഴങ്ങളും ആൾക്കാരുടെ ശ്രദ്ധ കവരുമ്പോൾ, നമ്മൾ പലപ്പോഴും അവഗണിക്കുന്ന ഒന്നാണ് പേരയ്ക്ക. എന്നാൽ പോഷകങ്ങളാൽ സമ്പന്നവും ഒപ്പം തന്നെ പോക്കറ്റിന് അനുയോജ്യമായതുമായ ഒന്നാണ് ഈ സാധാരണ ഫലം. വൈറ്റമിൻ സി, ഫൈബർ, പൊട്ടാസ്യം, ആൻ്റിഓക്സിഡന്റുകൾ എന്നിവയാൽ സമൃദ്ധമായ പേരയ്ക്ക നമ്മുടെ ദൈനംദിന ഭക്ഷണക്രമത്തിൽ എളുപ്പത്തിൽ ഉൾപ്പെടുത്താം. ഇത് തനിയെയോ, ഫ്രൂട്ട് ബൗളുകളിൽ ചേർത്തോ, അല്പം ഉപ്പും മുളകുപൊടിയും ചേർത്തോ കഴിക്കാവുന്നതാണ്.

പേരയ്ക്കയുടെ പോഷകഗുണങ്ങളെക്കുറിച്ച് ലൈഫ് സ്റ്റൈൽ കോച്ച് ലൂക്ക് കുട്ടീഞ്ഞോ ഇൻസ്റ്റാഗ്രാമിലൂടെ വ്യക്തമാക്കുന്നുണ്ട്. ഏകദേശം 100 ഗ്രാം പേരയ്ക്കയിൽ 228 മില്ലിഗ്രാം വൈറ്റമിൻ സി അടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. ഇത് ഓറഞ്ചിലുള്ളതിനേക്കാൾ എത്രയോ മടങ്ങാണ്. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ആൻ്റിഓക്സിഡന്റായി പ്രവർത്തിക്കാനും സഹായിക്കും. കൂടാതെ, 100 ഗ്രാം പേരയ്ക്കയിൽ 5 ഗ്രാം ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് ദഹനം സുഗമമാക്കാനും, കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും, വിശപ്പ് നിയന്ത്രിക്കാനും സഹായിക്കുന്നു. കൊളസ്ട്രോളും രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രിക്കാനും ഫൈബർ ഉപകരിക്കും.

സസ്യാഹാരികളിൽ ഇരുമ്പിന്റെ (Iron) അംശം ശരീരം ആഗിരണം ചെയ്യുന്നതിന് വൈറ്റമിൻ സി വളരെ ആവശ്യമാണ്. പേരയ്ക്കയിലെ ഈ വൈറ്റമിൻ സി സസ്യഭക്ഷണങ്ങളിൽ നിന്നുള്ള ഇരുമ്പിന്റെ ആഗിരണത്തെ സഹായിക്കുമെന്ന് ലൂക്ക് ചൂണ്ടിക്കാണിക്കുന്നു. രക്തസമ്മർദ്ദം, പേശികളുടെ പ്രവർത്തനം, ഹൃദയാരോഗ്യം എന്നിവയ്ക്ക് ആവശ്യമായ പൊട്ടാസ്യവും, കോശങ്ങളുടെ വളർച്ചയ്ക്ക് ആവശ്യമായ ഫോളേറ്റും പേരയ്ക്കയിൽ ധാരാളമുണ്ട്.

ചുവന്ന (പിങ്ക്) പേരയ്ക്കയെക്കുറിച്ചും അദ്ദേഹം പരാമർശിക്കുന്നുണ്ട്. തക്കാളിയിൽ കാണപ്പെടുന്ന ലൈക്കോപീൻ എന്ന ആൻ്റിഓക്സിഡന്റാണ് ഇതിന് ചുവപ്പുനിറം നൽകുന്നത്. ഇത് പ്രോസ്റ്റേറ്റ്, ചർമ്മം, മുടി എന്നിവയുടെ ആരോഗ്യത്തിന് നല്ലതാണ്. പ്രമേഹമുള്ളവർക്കും ധൈര്യമായി പേരയ്ക്ക കഴിക്കാമെന്ന് ലൂക്ക് വ്യക്തമാക്കുന്നു. ജ്യൂസായി കുടിക്കുന്നതിന് പകരം പൂർണ്ണമായും പഴമായി തന്നെ കഴിച്ചാൽ ഫൈബർ നഷ്ടപ്പെടാതെ ലഭിക്കും. വൈറ്റമിൻ സിയും ഫൈബറും നിറഞ്ഞ, കുറഞ്ഞ ചെലവിൽ ലഭ്യമാകുന്ന ഈ പ്രാദേശിക ഫലത്തെ മറക്കരുതെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു.