Oddly News

വിശ്വസ്തരായ ഡ്രൈവർക്കും വീട്ടുജോലിക്കാരിക്കും 25,000 രൂപ വീതം ഉടമയുടെ നിക്ഷേപം! കൈയടിച്ച് സോഷ്യൽ മീഡിയ

വീട്ടുജോലിക്കാരുടെ സാമ്പത്തിക ഭദ്രതയുടെ പ്രാധാന്യം ഉയർത്തിക്കാട്ടുന്ന തികച്ചും മാതൃകാപരമായ ഒരു പ്രവൃത്തി സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നു. പെൻഷനോ പ്രൊവിഡന്റ് ഫണ്ട് (PF) ആനുകൂല്യങ്ങളോ ഇല്ലാത്ത തന്റെ ഡ്രൈവർക്കും വീട്ടുജോലിക്കാരിക്കും വേണ്ടി സ്വന്തം ചെലവിൽ പണം നിക്ഷേപിച്ച് ഒരു വ്യക്തിയാണ് കൈയടി നേടുന്നത്. നരേഷ് എന്ന വ്യക്തിയാണ് തനിക്ക് കീഴിൽ ജോലി ചെയ്യുന്ന രണ്ടുപേർക്കായി ‘കിസാൻ വികാസ് പത്ര’ (KVP) പദ്ധതിയിൽ 25,000 രൂപ വീതം നിക്ഷേപിച്ച വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

തന്റെ ഡ്രൈവർക്കും വീട്ടുജോലിക്കാരിക്കും ഭാവിയിൽ പെൻഷനോ മറ്റ് സാമ്പത്തിക സുരക്ഷിതത്വമോ ഇല്ലെന്ന് മനസ്സിലാക്കിയപ്പോഴാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് നരേഷ് എക്സിൽ (ട്വിറ്റർ) കുറിച്ചു. ഇപ്പോൾ നിക്ഷേപിച്ച 25,000 രൂപ 10 വർഷം കൊണ്ട് ഇരട്ടിയാകും. ഇനി മുതൽ എല്ലാ വർഷവും ഈ തുക ഇവരുടെ പേരിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാരിന്റെ സമ്പാദ്യ പദ്ധതിയായ കിസാൻ വികാസ് പത്ര നിക്ഷേപങ്ങൾക്ക് സുരക്ഷിതത്വവും മികച്ച ലാഭവും ഉറപ്പുനൽകുന്നുണ്ട്.

വിശ്വസ്തരായ തൊഴിലാളികളുള്ള മറ്റുള്ളവരും ഇതുപോലെ ചെറിയ തുകയെങ്കിലും അവരുടെ ഭാവി സമ്പാദ്യത്തിനായി നീക്കിവെക്കണമെന്ന് നരേഷ് അഭ്യർത്ഥിച്ചു. മാസം 10,000 രൂപ വീതമെങ്കിലും നിക്ഷേപിക്കുന്നത് അവരുടെ വാർദ്ധക്യകാലത്ത് വലിയൊരു ആശ്വാസമാകുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

നരേഷിന്റെ ഈ മാതൃകാപരമായ പ്രവൃത്തിയെ പ്രശംസിച്ച് നിരവധിയാളുകളാണ് സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയത്. അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന സാധാരണക്കാരുടെ പ്രയാസങ്ങൾ മനസ്സിലാക്കി പ്രവർത്തിച്ച അദ്ദേഹത്തിന്റെ മനസ്സലിവിനെ ആളുകൾ അഭിനന്ദിച്ചു. ഇതുപോലെയുള്ള നല്ല മനുഷ്യരാണ് സമൂഹത്തിന് മാതൃകയെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു.