ഉത്തർപ്രദേശിലെ മൊറാദാബാദിൽ നെയ്യ് കയറ്റി വന്ന ട്രക്ക് മറിഞ്ഞുണ്ടായ അപകടത്തിന് പിന്നാലെ വേറിട്ടൊരു കാഴ്ചയ്ക്ക് വഴിയോരം സാക്ഷ്യം വഹിച്ചു. ട്രക്ക് മറിഞ്ഞ് റോഡിലുടനീളം നെയ്യ് ചിതറി വീണതോടെ, വൻ ജനക്കൂട്ടമാണ് ഇത് ശേഖരിക്കാനായി സ്ഥലത്ത് തടിച്ചുകൂടിയത്. അപകടത്തിൽപ്പെട്ട വാഹനം വകവെക്കാതെ ആളുകൾ റോഡിൽ കിടന്ന നെയ്യ് ഡപ്പികളും പാക്കറ്റുകളും എടുക്കാൻ തിരക്കുകൂട്ടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്.
ഹരിയാനയിൽ നിന്ന് രുദ്രപൂരിലെ ഫാക്ടറിയിലേക്ക് പോകുകയായിരുന്ന ട്രക്കിന്റെ നിയന്ത്രണം ഡ്രൈവർക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായത്. നിയന്ത്രണം വിട്ട ട്രക്ക് റോഡരികിലേക്ക് മറിയുകയും ചരക്കുകൾ പൂർണ്ണമായും വഴിയിലേക്ക് വീഴുകയുമായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസാണ് നെയ്യ് ശേഖരിക്കാൻ തടിച്ചുകൂടിയ ആളുകളെ മാറ്റി സ്ഥിതിഗതികൾ ശാന്തമാക്കിയത്. തുടർന്ന് മറിഞ്ഞ ട്രക്ക് മാറ്റി റോഡിലെ ഗതാഗതം പുനഃസ്ഥാപിച്ചു. വൻ അപകടമായിരുന്നെങ്കിലും ആർക്കും പരിക്കുകളോ ജീവഹാനിയോ സംഭവിച്ചിട്ടില്ല.
സമാനമായ മറ്റൊരു സംഭവം ഈ ആഴ്ച മഹാരാഷ്ട്രയിലെ പാൽഘറിലും റിപ്പോർട്ട് ചെയ്തിരുന്നു. മുംബൈ-അഹമ്മദാബാദ് ദേശീയപാതയിൽ പാൽ ടാങ്കർ മറിഞ്ഞതിനെ തുടർന്ന് കുപ്പികളും പാത്രങ്ങളുമായി എത്തിയ പ്രദേശവാസികൾ റോഡിൽ ഒഴുകിയ പാൽ ശേഖരിക്കാൻ തിരക്കുകൂട്ടിയിരുന്നു.




