ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെ ഭരണകാലത്ത് പൊലീസ് വേണ്ടത്ര അന്വേഷിക്കാതെ അവസാനിപ്പിച്ച കേസ് കോടതിയുടെ ശക്തമായ ഇടപെടലിൽ വീണ്ടും തുറന്നതോടെ, പ്രമുഖ വ്യവസായി നടത്തിയ പീഡനങ്ങളുടെയും കേസ് ഒതുക്കാൻ നടന്ന കോടികളുടെ ഇടപാടുകളുടെയും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
പത്തോളം പെൺകുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ ജെം ഗ്രാനൈറ്റ്സ് ഉടമ വീരമണി (84), കേസ് ഒതുക്കിത്തീർക്കാൻ മാത്രം 70 കോടി രൂപയോളം ഉദ്യോഗസ്ഥർക്ക് കൈക്കൂലിയായി നൽകിയെന്നാണ് കണ്ടെത്തൽ. ഓഗസ്റ്റ് അവസാനത്തോടെ വീരമണി, ഇയാളുടെ സഹായി മഹേന്ദ്ര സിംഹൻ, ഭാര്യ ശാന്തി (60) എന്നിവരെ പൊലീസ് പിടികൂടിയിരുന്നു. കേസിൽ മറ്റൊരു സഹായിയായ ഗണേശൻ കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത്. ഈ കോടികളുടെ പണമിടപാടിൽ ഇടനില നിന്ന പ്രമുഖ ട്രേഡ് യൂണിയൻ നേതാവിന്റെ മകനും ഉടൻ പിടിയിലാകുമെന്നാണ് സൂചന.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് 13 വയസ്സുള്ള പെൺകുട്ടിയെ ഒരു വയോധികൻ ക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. തുടർന്ന് സാമൂഹിക പ്രവർത്തകൻ നൽകിയ പരാതിയിൽ കേസെടുത്തെങ്കിലും ഇരയായ പെൺകുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് പറഞ്ഞ് പൊലീസ് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.
എന്നാൽ പൊലീസിന്റെ ഈ നിലപാടിനെ കോടതി രൂക്ഷമായി വിമർശിക്കുകയും കേസ് വീണ്ടും അന്വേഷിക്കാൻ ഉത്തരവിടുകയും ചെയ്തതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. പോയസ് ഗാർഡനിലെ ആഡംബര ബംഗ്ലാവിലും സ്വന്തം വസതിയിലുമെത്തിച്ച് പെൺകുട്ടികളെ പീഡിപ്പിക്കുന്നത് ഇയാളുടെ പതിവായിരുന്നു. സന്നദ്ധപ്രവർത്തനങ്ങളുടെ മറവിൽ ശാന്തി എന്ന സ്ത്രീയാണ് പെൺകുട്ടികളെ ഇയാളുടെ അടുത്തെത്തിച്ചിരുന്നത്. ഒടുവിൽ ദൃശ്യങ്ങളിലുള്ള പെൺകുട്ടിയെ കണ്ടെത്തി മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് വീരമണിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.




