ബെംഗളൂരുവിലെ വജരഹള്ളിയിൽ നാല് മാസം പ്രായമുള്ള ഇരട്ട പെൺകുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഉമാദേവി എന്ന വീട്ടമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു. ഭർത്താവ് രാമലിംഗപ്പ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തലഘട്ടപുര പൊലീസ് നടപടിയെടുത്തത്.
2002-ൽ വിവാഹിതരായ ഇവർ കുട്ടികളില്ലാത്തതിനെ തുടർന്ന് ഐവിഎഫ് ചികിത്സയിലൂടെയാണ് 2026 മേയ് 5-ന് ഇരട്ട പെൺകുട്ടികളുടെ മാതാപിതാക്കളായത്. തുടക്കത്തിൽ കുഞ്ഞുങ്ങളെ സ്നേഹത്തോടെ പരിചരിച്ചിരുന്ന ഉമാദേവിക്ക് പിന്നീട് മാനസിക അസ്വസ്ഥതകൾ അനുഭവപ്പെടുകയും ചികിത്സ തേടുകയും ചെയ്തിരുന്നു. പ്രസവാനന്തര വിഷാദമാണ് (പോസ്റ്റ്പാർട്ടം ഡിപ്രഷൻ) ക്രൂരകൃത്യത്തിന് കാരണമായതെന്നാണ് സംശയിക്കുന്നത്.
ചൊവ്വാഴ്ച വീടിനുള്ളിൽ കുഞ്ഞുങ്ങളെ മരിച്ച നിലയിലും ഉമാദേവിയെ ആത്മഹത്യയ്ക്ക് ശ്രമിക്കുന്ന രീതിയിലും ഭർത്താവാണ് കണ്ടത്. കുഞ്ഞുങ്ങളെ വെള്ളത്തിൽ മുക്കിക്കൊല്ലുകയായിരുന്നുവെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. തുടർന്ന് ഭർത്താവ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.




