Crime

സുന്നത്ത് ശസ്ത്രക്രിയ പാളി; വികൃതമായി ജനനേന്ദ്രിയം, കുട്ടിക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം

സുന്നത്ത് ശസ്ത്രക്രിയയ്ക്കിടെ ലിംഗത്തിന് ഗുരുതരമായി പരുക്കേറ്റ കുട്ടിക്ക് മലേഷ്യന്‍ കോടതി 113,371 ഡോളർ (ഏകദേശം 1.08 കോടി രൂപ) നഷ്ടപരിഹാരം വിധിച്ചു. സ്വകാര്യ ക്ലിനിക്കിൽ വെച്ച് നടത്തിയ ശസ്ത്രക്രിയയിൽ കുട്ടിയുടെ ലിംഗത്തിൽ വലിയ മുറിവുണ്ടാകുകയും തുന്നിച്ചേർത്ത ഭാഗത്ത് കടുത്ത വീക്കവും പാടുകളും പ്രത്യക്ഷപ്പെടുകയുമായിരുന്നു. ഇത് കാരണം അവയവത്തിന്റെ സ്വാഭാവിക ഘടന പൂർണ്ണമായി നഷ്ടപ്പെട്ടു. 2023 മാർച്ചിൽ ഫയൽ ചെയ്ത ഈ കേസിൽ തിങ്കളാഴ്ചയാണ് കോടതി നിർണായക വിധി പ്രസ്താവിച്ചത്.

ശസ്ത്രക്രിയയിൽ വിദഗ്ധരായ ഡോക്ടർമാർ കേസ് പരിശോധിച്ചപ്പോഴാണ് ഡോക്ടറുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് ഇതിന് കാരണമായതെന്ന് വ്യക്തമായത്. ശസ്ത്രക്രിയ നടത്തിയ ആളുടെ കടുത്ത അശ്രദ്ധ മൂലമാണ് ഇത്തരമൊരു സംഭവം നടന്നതെന്ന് കോടതിയും സ്ഥിരീകരിച്ചു. ആവശ്യത്തിൽ കൂടുതൽ അഗ്രചർമ്മം മുറിച്ചു മാറ്റിയതാണ് പ്രശ്നം വഷളാക്കിയത്. ലിംഗം വീങ്ങി കഠിനമായ വേദന അനുഭവിച്ച കുട്ടി ദിവസങ്ങളോളം ആശുപത്രിയിൽ കഴിഞ്ഞ ശേഷമാണ് സ്കിൻ ഗ്രാഫ്റ്റിങ് ചികിത്സയിലൂടെ മുറിവുകൾ ഉണക്കിയെടുത്തത്.

തുടക്കത്തിൽ ലേസർ ശസ്ത്രക്രിയ നടത്താനാണ് കുട്ടിയുടെ അമ്മ ആഗ്രഹിച്ചിരുന്നതെങ്കിലും പരമ്പരാഗത രീതിയാണ് കൂടുതൽ നല്ലതെന്ന് ഡോക്ടർ അവരെ വിശ്വസിപ്പിക്കുകയായിരുന്നു. എന്നാൽ ശസ്ത്രക്രിയ പരാജയപ്പെട്ടതോടെ അമ്മ സംഭവം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടു. ഇതിനെതിരെ ക്ലിനിക് അപകീർത്തി കേസ് ഫയൽ ചെയ്തതോടെയാണ് യഥാർത്ഥ വിവരങ്ങൾ പുറത്തുവന്നതും കോടതി കനത്ത തുക നഷ്ടപരിഹാരമായി വിധിച്ചതും.