ബൈക്കിൽ അപകടകരമായ രീതിയിൽ കുട്ടികളെയും വഹിച്ച് യാത്ര ചെയ്ത യുവാവിനെതിരെ കേസെടുത്തു. കർണാടകയിലെ മൈസൂരുവിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചിരുന്നു. ബൈക്കിന്റെ പിന്നിൽ ഘടിപ്പിച്ച ഇരുമ്പ് കൊട്ടയിൽ കോഴിക്കുഞ്ഞുങ്ങളെപ്പോലെ അഞ്ച് കുട്ടികളെ ഇരുത്തിയാണ് ഇയാൾ യാത്ര ചെയ്തത്. മൈസൂരു-നഞ്ചൻഗുഡ് റോഡിലൂടെ ഞായറാഴ്ച രാത്രി നടത്തിയ ഈ യാത്രയുടെ ദൃശ്യങ്ങൾ എക്സിലാണ് (ട്വിറ്റർ) പ്രത്യക്ഷപ്പെട്ടത്.
കുട്ടികളുടെ സുരക്ഷയെക്കുറിച്ച് ആർക്കെങ്കിലും ബോധമുണ്ടോ എന്ന ചോദ്യത്തോടെ പുറത്തുവന്ന വിഡിയോയ്ക്ക് വലിയ വിമർശനമാണ് ഉയർന്നത്. കുട്ടികളുടെ ജീവൻ അപകടത്തിലാക്കുന്ന ഇത്തരം രീതികൾ ഗതാഗത നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണെന്ന് ആളുകൾ ചൂണ്ടിക്കാട്ടി. അതേസമയം, രാജ്യത്തിന്റെ പല ഭാഗങ്ങളിലും സമാനമായ ദൃശ്യങ്ങൾ സാധാരണയായി കാണാറുണ്ടെന്ന് കമന്റ് ചെയ്തവരുമുണ്ട്.
ഇത്രയധികം കുട്ടികളെ ഇരുചക്രവാഹനത്തിൽ കൊണ്ടുപോകാൻ അനുവദിക്കുന്നത് എങ്ങനെയെന്നും, കോഴികളെ വിൽക്കാൻ കൊണ്ടുപോകുന്നതുപോലെയുള്ള ഈ യാത്ര തികച്ചും തെറ്റാണെന്നും ജനങ്ങൾ പ്രതികരിച്ചു. സംഭവം സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതോടെയാണ് ദൃശ്യങ്ങൾ മുൻനിർത്തി പൊലീസ് ഇയാൾക്കെതിരെ കേസെടുത്തത്.




