Featured Movie News

മുത്തച്ഛന്റെ വഴിയിൽ കൊച്ചുമകൻ: ശിവാജി ഗണേശന്റെ കുടുംബത്തിൽ നിന്ന് നായകനായി ദർഷൻ ഗണേശൻ

കുട്ടിക്കാലം മുതൽ ഭാവിയിൽ മുത്തച്ഛനെ പോലെ നടനാകണം എന്നായിരുന്നു ‘നടികർ തിലകം’ ശിവാജി ഗണേശന്റെ ചെറുമകനായ ദർഷൻ ഗണേശന്റെ ആഗ്രഹം. ശിവാജിയുടെ മൂത്ത മകൻ രാംകുമാറിന്റെ ഇളയ മകനാണ് ദർഷൻ. എന്നാൽ ചെറുപ്പത്തിലെ സ്വതവേയുള്ള ലജ്ജയും സഭാകമ്പവും അതിന് വലിയ തടസമായിരുന്നു. തുടർന്ന് നൃത്തവും കർണാടക സംഗീതവും നാടക അഭിനയവും പഠിക്കാൻ തുടങ്ങിയതോടെ ദർഷന്റെ ആത്മവിശ്വാസം ഉയർന്നു.

കോളേജിൽ വെച്ച് ആദ്യ നാടകത്തിൽ അഭിനയിച്ചതോടെ സഭാകമ്പം പൂർണമായും മാറുകയും, ജീവിതം സിനിമയ്ക്കും അഭിനയത്തിനുമായി മാറ്റിവെക്കാൻ തീരുമാനിക്കുകയും ചെയ്തു. കുടുംബത്തിന്റെ പിന്തുണയോടെ FLAME-ൽ നിന്ന് അഭിനയ പഠനം പൂർത്തിയാക്കിയ ദർഷൻ, എൽഎസ്ഡി (NSD), എഫ്‌ടിഐഐ (FTII) അധ്യാപകരിൽ നിന്നും മാർഗനിർദേശങ്ങൾ സ്വീകരിച്ചു.

പഠനത്തിനു ശേഷം ഇന്ത്യയിലുടനീളമുള്ള വിവിധ നാടക സംഘങ്ങളുമായി സഹകരിച്ച് ദർഷൻ സജീവമായി പ്രവർത്തിച്ചു. തെരുവ് നാടകങ്ങൾ, ഇംഗ്ലീഷ്, ഹിന്ദി നാടകങ്ങൾ (പ്രശസ്തമായ ‘സബ’ ഗ്രൂപ്പുകൾക്കൊപ്പമുള്ളവ ഉൾപ്പെടെ) എന്നിവയിൽ വേഷമിട്ടുകൊണ്ട് തന്റെ അഭിനയശൈലി മെച്ചപ്പെടുത്തി. കോവിഡ് കാലത്തിനു ശേഷം പരസ്യങ്ങളിലും സിനിമകളിലും അവസരം തേടി ഓഡിഷനുകളിൽ പങ്കെടുത്തു. പരിശ്രമങ്ങളുടെ ഫലമായി കാഡ്ബറി, കൊക്കക്കോള, മിന്ത്ര, പേടിഎം തുടങ്ങിയ പ്രമുഖ ബഹുരാഷ്ട്ര ബ്രാൻഡുകളുടെ പരസ്യങ്ങളിൽ ദർഷൻ സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടു. കഠിനാധ്വാനവും പരിശീലനവും ഒടുവിൽ അദ്ദേഹത്തെ തന്റെ ആദ്യ സിനിമയിലെ വേഷത്തിലേക്ക് എത്തിക്കുകയായിരുന്നു.

തമിഴിലെ പ്രശസ്ത സിനിമാ നിർമ്മാണ സ്ഥാപനമായ സത്യജ്യോതി ഫിലിംസ് നിർമിക്കുന്ന ‘ലെനിൻ പാണ്ഡ്യൻ’ എന്ന ചിത്രത്തിലൂടെയാണ് ദർഷൻ ഗണേശൻ നായകനായി അരങ്ങേറ്റം കുറിക്കുന്നത്. റോജ, ഗംഗൈ അമരൻ, ഇളവരസു തുടങ്ങിയ പ്രഗത്ഭർക്കൊപ്പമാണ് ദർഷൻ വെള്ളിത്തിരയിൽ ചുവടുവെക്കുന്നത്.

ചെന്നൈയിൽ നടന്ന ചടങ്ങിൽ ‘ഇസൈജ്ഞാനി’ ഇളയരാജയാണ് ദർഷന്റെ ലോഞ്ചിങ് നിർവഹിച്ചത്. ചെറിയച്ചൻ പ്രഭു, ജ്യേഷ്ഠൻ വിക്രം പ്രഭു എന്നിവരെപ്പോലെ പിതാമഹന്റെ യശസ്സ് നിലനിർത്താൻ പ്രതിജ്ഞാബദ്ധനായി പ്രവർത്തിക്കുന്ന ദർഷന് രജനികാന്ത്, കമലഹാസൻ തുടങ്ങിയ പ്രമുഖരും ആശംസകൾ നേർന്നിട്ടുണ്ട്. സെപ്റ്റംബർ 25-നാണ് ദർഷന്റെ അരങ്ങേറ്റ ചിത്രമായ ‘ലെനിൻ പാണ്ഡ്യൻ’ തിയേറ്ററുകളിലെത്തുന്നത്.