വിദേശത്തേക്ക് പോകുന്നതിന് മുൻപ് തന്റെ സ്കോർപിയോ കാർ സുരക്ഷിതമായി സൂക്ഷിക്കാൻ ബീഹാറിലെ ഉടമ കണ്ടെത്തിയ വിചിത്രമായ വഴി സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടുന്നു. വാഹനം പുറത്തോ പാർക്കിംഗ് കേന്ദ്രങ്ങളിലോ ഇട്ടിട്ടു പോകുന്നതിന് പകരം, ക്രെയിൻ ഉപയോഗിച്ച് കാർ വീടിന്റെ ടെറസിലേക്ക് ഉയർത്തി വെക്കുകയാണ് ഇയാൾ ചെയ്തത്.
ഒരു മഹിന്ദ്ര സ്കോർപിയോ ക്ലാസിക് ക്രെയിനിൽ തൂങ്ങി വീടിന് മുകളിലേക്ക് നീങ്ങുന്നതും ടെറസിൽ സുരക്ഷിതമായി ഇറക്കിവെക്കുന്നതുമായ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്.
താൻ വിദേശത്തായിരിക്കുമ്പോൾ കാർ മോഷ്ടാക്കളുടെ കയ്യിൽപ്പെടാതിരിക്കാനും സുരക്ഷിതമായിരിക്കാനുമാണ് ഉടമ ഈ വഴി തിരഞ്ഞെടുത്തതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഈ ദൃശ്യങ്ങൾ ബിഹാറിൽ ഏത് സ്ഥലത്തുനിന്നുള്ളതാണെന്നോ വാഹന ഉടമ ആരാണെന്നോ വ്യക്തമല്ല. ഭാരമേറിയ കാർ വീടിന്റെ ടെറസിൽ വെക്കുന്നതിൽ കെട്ടിടത്തിന്റെ ബലക്ഷയം ഉൾപ്പെടെയുള്ള സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നിരവധി പേർ ആശങ്ക പ്രകടിപ്പിക്കുമ്പോൾ, ഉടമയുടെ ബുദ്ധിയെ പുകഴ്ത്തിയും രസകരമായ കമന്റുകളിട്ടുമാണ് മറ്റു ചിലർ ഇതിനോട് പ്രതികരിക്കുന്നത്.




