അച്ഛനെ കാണാൻ തോന്നുന്നുവെന്ന് മകൾ അയച്ച ഒരു ലളിതമായ സന്ദേശം പിറ്റേന്ന് രാവിലെ വളരെ വൈകാരികമായ ഒരു അത്ഭുതമായി മാറി. മകളെ കാണാനായി മണിക്കൂറുകളോളം യാത്ര ചെയ്ത് എത്തിയ ആ പിതാവ്, മാതാപിതാക്കളുടെ നിശബ്ദവും അളവറ്റതുമായ സ്നേഹത്തിന്റെ ഉത്തമ ഉദാഹരണമായി.
@apple.kaivalya എന്ന ഇൻസ്റ്റാഗ്രാം ഐഡിയിലൂടെയാണ് ഒരു യുവതി ഈ വീഡിയോ പങ്കുവെച്ചത്. തലേദിവസം രാത്രിയാണ് താൻ അച്ഛനെ ഓർക്കുന്നുവെന്ന് പറഞ്ഞ് സന്ദേശമയച്ചതെന്നും പിറ്റേന്ന് രാവിലെ വാതിൽ തുറന്നപ്പോൾ ബാഗും തൂക്കി നിൽക്കുന്ന അച്ഛനെയാണ് കണ്ടതെന്നും അവർ പറയുന്നു. അച്ഛൻ 14 മണിക്കൂർ യാത്ര ചെയ്താണ് മകളുടെ അടുത്തെത്തിയത്. ജോലിത്തിരക്കുകൾക്കിടയിലും മകളോടൊപ്പം 8 മണിക്കൂർ സമയം ചെലവഴിച്ച ശേഷം 14 മണിക്കൂർ വീണ്ടും യാത്ര ചെയ്ത് അദ്ദേഹം മടങ്ങി.
ഈ ചെറിയ സന്ദർശനത്തിനിടയിൽ മകളുടെ വീട്ടുജോലികൾ സഹായിക്കാനും അവൾക്കിഷ്ടപ്പെട്ട ഭക്ഷണം വാങ്ങി നൽകാനും ആ അച്ഛൻ മറന്നില്ല. മടങ്ങുന്നതിന് മുൻപ് എപ്പോഴും സന്തോഷത്തോടെയിരിക്കണമെന്നും താൻ കൂടെയുണ്ടെന്നും അദ്ദേഹം മകളെ ഓർമ്മിപ്പിച്ചു. താൻ വരാൻ ആവശ്യപ്പെട്ടതുകൊണ്ടല്ല അച്ഛൻ വന്നതെന്നും, മകൾ ഒരിക്കലും ഒറ്റയ്ക്കല്ല എന്ന് ഓർമ്മിപ്പിക്കാനാണ് അദ്ദേഹം എത്തിയതെന്നും യുവതി കുറിച്ചു.
“ചിലപ്പോൾ മാതാപിതാക്കൾ ഞങ്ങൾ ഒപ്പമുണ്ടെന്ന് വാക്കുകൾ കൊണ്ട് പറയാറില്ല, പകരം ഇതുപോലെ അപ്രതീക്ഷിതമായി കടന്നുവരും; തങ്ങൾ ഒരിക്കലും ഒറ്റയ്ക്കല്ല എന്ന് മക്കളെ ഓർമ്മിപ്പിക്കാൻ അത് മാത്രം മതി,” എന്ന് യുവതി കുറിച്ച ഈ വൈകാരിക വീഡിയോയ്ക്ക് താഴെ നിരവധിയാളുകളാണ് സ്നേഹം നിറഞ്ഞ കമന്റുകളുമായി രംഗത്തെത്തിയത്. “ഇതാണ് അച്ഛൻമാർ!” എന്നും, തങ്ങളുടെ ജീവിതത്തിലും സമാനമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ആളുകൾ പ്രതികരിച്ചു.




