പത്തനംതിട്ട മല്ലപ്പള്ളിയിൽ പള്ളി സെമിത്തേരികളിലെ കല്ലറകളിൽ നിന്ന് ഗ്രാനൈറ്റ് സ്ലാബുകൾ മോഷ്ടിച്ച മൂന്നംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. മലയാളിയായ സജിത്ത്, കന്യാകുമാരി സ്വദേശി ജലാൽ സുന്ദർ സിങ്, പശ്ചിമ ബംഗാൾ സ്വദേശി സുർജിത്ത് ബർമാൻ എന്നിവരാണ് പിടിയിലായത്.
മല്ലപ്പള്ളിയിലെ രണ്ട് പള്ളികളിലെ സെമിത്തേരികളിൽ നിന്നാണ് കല്ലറകൾക്ക് മുകളിൽ സ്ഥാപിച്ചിരുന്ന ഗ്രാനൈറ്റ് സ്ലാബുകൾ ഇവർ ഇളക്കിയെടുത്ത് കടത്തിക്കൊണ്ടുപോയത്. പള്ളികളിൽ ഗ്രാനൈറ്റ് പണികൾ ചെയ്തിരുന്ന തൊഴിലാളികൾ തന്നെയാണ് ഈ തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ചത്. പിന്നീട് എളുപ്പത്തിൽ ഇളക്കി മാറ്റാൻ പാകത്തിന് സിമന്റും ഗ്രൗട്ടും അധികം ഉപയോഗിക്കാതെയാണ് ഇവർ സെമിത്തേരികളിൽ ഗ്രാനൈറ്റ് ഫിറ്റ് ചെയ്തിരുന്നത്. തുടർന്ന് മറ്റ് പള്ളികളിൽ നിന്ന് പുതിയ ഓർഡറുകൾ ലഭിക്കുമ്പോൾ ഈ സ്ലാബുകൾ ഇളക്കിയെടുത്ത് അവിടെക്കൊണ്ടുപോയി വീണ്ടും ഉറപ്പിക്കുകയാണ് ഇവർ ചെയ്തിരുന്നത്.
മോഷ്ടിക്കുന്ന ഗ്രാനൈറ്റ് കടത്താൻ പ്രതികളിൽ ഒരാളുടെ കാറാണ് ഇവർ ഉപയോഗിച്ചിരുന്നത്. ഇതിനായി ഗ്രാനൈറ്റ് കയറ്റിവെക്കാൻ പാകത്തിന് കാറിലെ സീറ്റുകൾ പ്രത്യേക രീതിയിലാണ് ക്രമീകരിച്ചിരുന്നത്. ഒരോ കല്ലറയിലും ഗ്രാനൈറ്റ് പാകുന്നതിനായി 45,000 രൂപ വരെ ഇവർ ഈടാക്കിയിരുന്നതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായി.
വിപണിയിലെ ഗ്രാനൈറ്റിന്റെ അമിതവിലയും ലഭ്യതക്കുറവുമാണ് ഇത്തരമൊരു മോഷണത്തിലേക്ക് നയിച്ചതെന്നാണ് പ്രതികൾ പോലീസിനോട് വെളിപ്പെടുത്തിയത്. സെമിത്തേരികളിൽ സിസിടിവി ക്യാമറകൾ ഇല്ലാതിരുന്നതിനാൽ അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ പോലീസിന് തെളിവുകളൊന്നും കണ്ടെത്താനായിരുന്നില്ല. എന്നാൽ പ്രതികളിലൊരാൾ മദ്യപിച്ച് വാഹനമോടിച്ചതിന് പോലീസ് പിടിയിലായതാണ് കേസിൽ നിർണായക വഴിത്തിരിവായത്.
സ്റ്റേഷനിലുള്ള ഇയാളെ ജാമ്യത്തിലിറക്കാൻ കൂടെയുള്ളവർ വരാതിരുന്നതിനെ തുടർന്ന് പോലീസുകാർ ഇവരുടെ താമസസ്ഥലത്തെത്തി മറ്റുള്ളവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പള്ളികളിൽ നടന്ന സ്ലാബ് മോഷണത്തിന്റെ ചുരുളഴിഞ്ഞതും പ്രതികൾ കുറ്റം സമ്മതിച്ചതും.
നേരത്തെ മല്ലപ്പള്ളി മാർത്തോമാ പള്ളി, മങ്കുഴിപ്പടി പള്ളി എന്നിവടങ്ങളിലെ സെമിത്തേരികളിലാണ് ഇത്തരത്തിൽ കല്ലറകളിൽ നിന്ന് ഗ്രാനൈറ്റ് മോഷണം പോയത്. വലിയ ഗ്രാനൈറ്റ് സ്ലാബുകൾ വാഹനങ്ങളുടെ സഹായമില്ലാതെ കൊണ്ടുപോകാൻ കഴിയില്ലെന്നതിനാലും ഒരാൾക്ക് മാത്രമായി ഇത് ചെയ്യാനാകില്ലെന്നതിനാലും സംഭവത്തിന് പിന്നിൽ വലിയൊരു സംഘമുണ്ടെന്ന് പോലീസ് നേരത്തെ സംശയിച്ചിരുന്നു.




