യുവാക്കളിലും ജെൻ സി (Gen Z) തലമുറയിലും ഫിറ്റ്നസ്, പോഷകാഹാരം എന്നിവയെക്കുറിച്ചുള്ള അവബോധം കുറയുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ബാബാ രാംദേവ്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പുതിയ വീഡിയോയിലൂടെയാണ് വ്യായാമം ദിനചര്യയുടെ ഭാഗമാക്കാൻ അദ്ദേഹം ചെറുപ്പക്കാരോട് ആഹ്വാനം ചെയ്തത്. ജിമ്മിൽ പോയി പരമ്പരാഗത രീതിയിലുള്ള വ്യായാമങ്ങൾ ചെയ്യാൻ താല്പര്യമില്ലാത്തവർക്ക് സൈക്ലിംഗ്, ഓട്ടം, സ്വിമ്മിംഗ്, ബാഡ്മിന്റൺ തുടങ്ങിയ കായിക വിനോദങ്ങളിൽ ഏർപ്പെടാമെന്നും അദ്ദേഹം നിർദ്ദേശിക്കുന്നു.
ശരീരത്തിന് കരുത്തും വഴക്കവും നൽകുന്ന അഞ്ച് പ്രധാന വ്യായാമമുറകളും വീഡിയോയിലൂടെ അദ്ദേഹം പരിചയപ്പെടുത്തുന്നുണ്ട്. സൂര്യനമസ്കാരം, ബൈഠക്, സ്കന്ദാസനം, സാധാരണ ദണ്ഡ്, ഹനുമാൻ ദണ്ഡ് എന്നിവയാണ് രാംദേവ് നിർദ്ദേശിക്കുന്ന അഞ്ച് വ്യായാമങ്ങൾ.
ശരീരത്തിലെ പ്രധാന പേശികളെല്ലാം ഉപയോഗിച്ച് ശ്വാസോച്ഛ്വാസ ക്രമീകരണത്തോടെ ചെയ്യുന്ന 12 യോഗാസനങ്ങളുടെ സമാഹാരമാണ് സൂര്യനമസ്കാരം. ഇത് ശരീരത്തിന് വഴക്കവും ഊർജ്ജവും നൽകുന്നു. താഴ്ഭാഗത്തെ പേശികൾക്കും തുടകൾക്കും ശക്തി നൽകുന്നതാണ് ‘ഹിന്ദു സ്ക്വാറ്റ്’ എന്ന് വിളിക്കുന്ന ബൈഠക്. വിരിഞ്ഞ ഇടുപ്പിനും കാലുകളുടെ വഴക്കത്തിനും ബാലൻസിംഗിനും സഹായിക്കുന്ന ഒന്നാണ് സ്കന്ദാസനം അഥവാ സൈഡ് ലങ്സ്.
പുഷ്-അപ്പിന് സമാനമായി നെഞ്ച്, തോൾ, കൈകൾ, വയറിലെ പേശികൾ എന്നിവയ്ക്ക് കരുത്ത് നൽകുന്ന വ്യായാമമാണ് സാധാരണ ദണ്ഡ്. ഡൗൺവേർഡ് ഡോഗ്, കോബ്ര പോസ് തുടങ്ങിയവ സമന്വയിപ്പിച്ച് ശരീരത്തിന്റെ മുകൾഭാഗത്തിനും താഴ്ഭാഗത്തിനും ഒരുപോലെ വഴക്കവും ആയാസവും നൽകുന്ന ഒന്നാണ് ഹനുമാൻ ദണ്ഡ്. കൃത്യമായ രീതിയിൽ ഇവ ചെയ്യുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തിന്റെ ആകൃതി നിലനിർത്താനും മാനസികസമ്മർദ്ദം കുറയ്ക്കാനും സഹായിക്കുമെന്നും ബാബാ രാംദേവ് ഓർമ്മിപ്പിക്കുന്നു.




