താരങ്ങളെ ബോഡിഷെയ്മിങ് നടത്തി വ്യക്തിഹത്യ ചെയ്യുന്നതിനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് ബോളിവുഡ് താരം സൽമാൻ ഖാൻ. റിയാലിറ്റി ഷോയായ ‘ബിഗ് ബോസ് 20’-ന്റെ വേദിയേലാണ് സൈബർ ബുള്ളിയിങ്ങിന് ഇരയാകുന്നവർക്കായി താരം പരസ്യമായി നിലപാടെടുത്തത്. ഒരാളുടെ ശരീരഭാരത്തെക്കുറിച്ചോ ലുക്കിനെക്കുറിച്ചോ കുടുംബത്തെക്കുറിച്ചോ വയസിനെക്കുറിച്ചോ പരിഹസിക്കുന്നത് അവരുടെ വളർത്തലിന്റെ തകരാറാണെന്ന് സൽമാൻ വ്യക്തമാക്കി. തത്സമയ അവതരണത്തിനിടയിൽ തൊപ്പിയും ജാക്കറ്റും ടി-ഷർട്ടും ഊരിമാറ്റിയ താരം, മേക്കപ്പ് ആർട്ടിസ്റ്റിനെ വിളിച്ച് തന്റെ മുഖത്തെ മേക്കപ്പ് തുടച്ചുമാറ്റുകയും ചെയ്തു.
60 വയസായതിന്റെ പേരിൽ താൻ നേരിടുന്ന അധിക്ഷേപങ്ങൾക്കും തടിയെക്കുറിച്ചും തലമുടിയെക്കുറിച്ചുമുള്ള പരിഹാസങ്ങൾക്കും സൽമാൻ വേദിയിൽ വച്ചുതന്നെ മറുപടി നൽകി. തനിക്ക് 60 വയസായെന്നത് യാഥാർഥ്യമാണെന്നും, എപ്പോഴും ‘മേംനേ പ്യാർ കിയ’ സിനിമയിലെ പഴയ സൽമാൻ ഖാനായി ഇരിക്കാൻ കഴിയില്ലെന്നും താരം പറഞ്ഞു. ഇതാണ് തന്റെ ഇപ്പോഴത്തെ രൂപമെന്നും ധൈര്യമുണ്ടെങ്കിൽ വന്ന് ട്രോൾ ചെയ്യൂ എന്നും സൽമാൻ വെല്ലുവിളിച്ചു.
സഹോദരൻ സൊഹൈൽ ഖാൻ, വരുൺ ധവാൻ എന്നിവർക്കെതിരെയുള്ള സൈബർ ആക്രമണങ്ങളെയും താരം വിമർശിച്ചു. പേരുപറഞ്ഞില്ലെങ്കിലും പ്രസവത്തിന് ശേഷം ശരീരഭാരം കൂടിയതിന്റെ പേരിൽ കടുത്ത അധിക്ഷേപം നേരിട്ട നടിയും സുഹൃത്തുമായ കത്രീന കൈഫിനെയും സൽമാൻ പിന്തുണച്ചു. ഗർഭിണിയാകുമ്പോൾ സ്ത്രീകളുടെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ സ്വാഭാവികമാണെന്നും, അത് ആർക്കും മുന്നിലും തെളിയിക്കേണ്ടതില്ലെന്നും താരം ഓർമ്മിപ്പിച്ചു. സിനിമയിലേക്ക് തിരിച്ചെത്തുമ്പോൾ അവർ വീണ്ടും ഫിറ്റാകുമെന്നും, എന്നാൽ ഇപ്പോൾ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് അവർ ആഗ്രഹിക്കുന്നതെന്നും പറഞ്ഞ സൽമാൻ, പ്രസവിച്ച സ്ത്രീകളെ സോഷ്യൽ മീഡിയയിൽ പരിഹസിക്കുന്നത് എന്തിനാണെന്നും ചോദിച്ചു.
വ്യാജ അക്കൗണ്ടുകളിലൂടെ മറ്റുള്ളവരെ അധിക്ഷേപിച്ച് പണം സമ്പാദിക്കുന്ന പ്രവണതയെയും സൽമാൻ രൂക്ഷമായി വിമർശിച്ചു. മറ്റുള്ളവരെ കളിയാക്കുന്നതിന് മുൻപ് സ്വന്തം ജീവിതത്തിലേക്കും ആരോഗ്യത്തിലേക്കും നോക്കാൻ ഉപദേശിച്ച താരം, ലൈക്കുകൾക്കും റീച്ചുകൾക്കും വേണ്ടി ആളുകളെ വ്യക്തിഹത്യ നടത്തുന്ന രീതി തിരുത്തണമെന്നും ഓർമ്മിപ്പിച്ചു.




