പാലാരിവട്ടത്ത് വാടകവീട്ടിൽ താമസിച്ചിരുന്ന സ്ത്രീകളെ വിവസ്ത്രരാക്കി കവർച്ച നടത്തിയ കേസിൽ 6 പ്രതികളെ പൊലീസ് പിടികൂടി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു പിടികൂടിയ ഇവരുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല. കേസിൽ ഇനി ഒരാളെക്കൂടി പിടികൂടാനുണ്ട്. നേരിട്ടു കവർച്ചയിൽ പങ്കെടുത്ത 5 പേരും ഗൂഢാലോചന നടത്തിയ 2 പേരും ഉൾപ്പെടെയുള്ള സംഘത്തിലെ ചിലരുമായി ഇരകൾക്കു മുൻപ് കച്ചവട ബന്ധമുണ്ടായിരുന്നു. സാമ്പത്തിക തർക്കമാണ് കവർച്ചയിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
വ്യാഴാഴ്ച പുലർച്ചെ സംസ്കാര ജംക്ഷനു സമീപത്തെ വാടകവീട്ടിൽ ആയുധങ്ങളുമായി അതിക്രമിച്ചുകയറിയ സംഘം വാതിൽ അകത്തുനിന്നു പൂട്ടി ആളുകളെ തടഞ്ഞുവെക്കുകയായിരുന്നു. തുടർന്ന് കത്തി കാട്ടി ഭീഷണിപ്പെടുത്തി 10 മൊബൈൽ ഫോണുകളും പണവും സ്വർണവും കവർന്നു. കവർച്ചയ്ക്കിടെ വീട്ടിലുണ്ടായിരുന്ന 3 സ്ത്രീകളുടെ വസ്ത്രങ്ങളഴിച്ച് പ്രതികൾ അപമാനിക്കുകയും ചെയ്തു.
അസമിലെ നാഗാവ് സ്വദേശിയുടെ പരാതിയിൽ പാലാരിവട്ടം പൊലീസാണ് കേസ് എടുത്തത്. 3.05 ലക്ഷം രൂപ വിലമതിക്കുന്ന 10 മൊബൈൽ ഫോണുകൾ, 1.20 ലക്ഷം രൂപ, എടിഎം കാർഡുകൾ, തിരിച്ചറിയൽ രേഖകൾ എന്നിവ കവർന്നതായാണ് പരാതിയിൽ പറയുന്നത്.
പുലർച്ചെ 12.30നും 1.15നും ഇടയിൽ നടന്ന ആക്രമണത്തിനിടെ സ്ത്രീകളുടെ സ്വർണമാലയും കമ്മലും പ്രതികൾ അപഹരിച്ചു. ആകെ 6.05 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. മോഷ്ടിക്കപ്പെട്ട എല്ലാ ഫോണുകളും പണത്തിന്റെ ഒരു പങ്കും കണ്ടെടുത്ത പൊലീസ്, പിടിയിലായ 5 പേർക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് അറിയിച്ചു. ബാക്കി മോഷണവസ്തുക്കൾ വീണ്ടെടുക്കാനും അവസാന പ്രതിയെ പിടികൂടാനുമായി അന്വേഷണം പുരോഗമിക്കുകയാണ്.




