അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയിലിലായ മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിയെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ച് ബിജെപി കൗൺസിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ.
തിരുവനന്തപുരം സെൻട്രൽ ജയിലിലെ ആശുപത്രി ബ്ലോക്ക് സാധാരണ സെല്ലുകളെ അപേക്ഷിച്ച് വളരെ വൃത്തിയുള്ളതാണെന്നും, നല്ല മെത്തയും ഫാനും വൃത്തിയുള്ള ശൗചാലയവുമൊക്കെ താൻ ജയിൽ ഡിജിപി ആയിരുന്നപ്പോൾ മെച്ചപ്പെടുത്തിയെടുത്തതാണെന്നും ശ്രീലേഖ കുറിച്ചു. ഇപ്പോൾ അത് ആർക്കെങ്കിലും നല്ലതുപോലെ പ്രയോജനപ്പെടുന്നുണ്ടെങ്കിൽ സന്തോഷമുണ്ടെന്ന് തച്ചങ്കരിയുടെ പേരെടുത്തു പറയാതെയായിരുന്നു അവരുടെ പരിഹാസം.
ശ്രീലേഖയുടെ പോസ്റ്റ്: ‘തിരുവനന്തപുരം സെന്ട്രല് ജയിലിലെ ‘ആശുപത്രി ബ്ലോക്ക്’ സെല്ലുകളെ അപേക്ഷിച്ച് വളരെ വൃത്തിയുള്ളതാണ്. നല്ല കിടക്ക, മെത്ത, തലയിണ, ഫാൻ, വൃത്തിയുള്ള ശൗചാലയം, പിന്നെ പ്രത്യേകം ഒറ്റയ്ക്ക് കഴിയാനുള്ള സൗകര്യങ്ങൾ, ചുറ്റും മനോഹരമായ പൂന്തോട്ടം, പ്രത്യേക ഭക്ഷണം… ഇതൊക്കെ ഞാൻ ജയിൽ വകുപ്പ് ഡിജിപി ആയിരുന്നപ്പോൾ മെച്ചപ്പെയെടുത്തിയെടുത്തതാണ്. ഇപ്പോൾ അത് ആർക്കെങ്കിലും നല്ലതുപോലെ പ്രയോജനപ്പെടുന്നുണ്ടെങ്കിൽ സന്തോഷം!’
ഒരേ ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥരായ ഇരുവരും സർവീസിലിരിക്കെ പലപ്പോഴും കൊമ്പുകോർത്തിരുന്നു. ശാരീരിക ബുദ്ധിമുട്ടുകളെത്തുടർന്ന് കഴിഞ്ഞ ദിവസം രാത്രി തച്ചങ്കരിയെ ജയിലിലെ ആശുപത്രി ബ്ലോക്കിലേക്ക് മാറ്റിയിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ശ്രീലേഖയുടെ പരിഹാസ പോസ്റ്റ് എത്തുന്നത്. 2003 മുതൽ 2007 വരെയുള്ള കാലയളവിൽ 64 ലക്ഷത്തിലധികം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ച കേസിൽ തച്ചങ്കരിക്ക് നാല് വർഷം കഠിനതടവും 30.84 ലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്.
ഉന്നത പദവി വഹിച്ചിരുന്ന വ്യക്തിയായതിനാൽ ശിക്ഷയിൽ ഇളവ് നൽകാനാകില്ലെന്നും വിധിന്യായത്തിൽ വ്യക്തമാക്കിയിരുന്നു. 1987 ബാച്ച് ഉദ്യോഗസ്ഥനായ തച്ചങ്കരി 2023-ൽ മനുഷ്യാവകാശ കമ്മീഷൻ ഇൻവെസ്റ്റിഗേഷൻ ഡിജിപിയായാണ് സർവീസിൽ നിന്ന് വിരമിച്ചത്. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് അഴിമതിക്കേസിൽ ഒരു മുൻ ഡിജിപി ജയിലിലാകുന്നത്.




