ആദ്യ ഭാര്യയുമായുള്ള ബന്ധത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ഭർത്താവിനെ രണ്ടാം ഭാര്യയും സംഘവും ചേർന്ന് കൊലപ്പെടുത്തി. രാംകിഷോർ വാൽമീയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രണ്ടാം ഭാര്യ സുഫിയ ബാനോ, ഇവരുടെ കാമുകൻ, കാമുകന്റെ സഹായി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കൂടാതെ സുഫിയയുടെ പ്രായപൂർത്തിയാകാത്ത മകനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കൊലപാതകത്തിന് ശേഷം രാംകിഷോറിന്റെ മൃതദേഹം ഒരു പെട്ടിയിലാക്കി ദൂരെയുള്ള കനാലിൽ തള്ളുകയായിരുന്നു. രണ്ടു ദിവസത്തിന് ശേഷമാണ് പോലീസ് മൃതദേഹം കണ്ടെടുത്തത്. നാലു വർഷത്തെ പ്രണയത്തിന് ശേഷമാണ് രാംകിഷോറും സുഫിയയും വിവാഹിതരായത്. എന്നാൽ സുഫിയക്ക് മറ്റൊരു ബന്ധമുണ്ടെന്ന് സംശയിച്ച് രാംകിഷോർ സ്ഥിരമായി വഴക്കുണ്ടാക്കാറുണ്ടായിരുന്നു. ഈ സമയങ്ങളിൽ രാംകിഷോർ തന്റെ ആദ്യ ഭാര്യയെ സന്ദർശിക്കുകയും അവർക്ക് സാമ്പത്തിക സഹായം നൽകുകയും ചെയ്തിരുന്നു.
ഇതിൽ പ്രകോപിതയായ സുഫിയ കാമുകനുമായി ചേർന്ന് രാംകിഷോറിനെ വധിക്കാൻ പദ്ധതിയിടുകയായിരുന്നു. തുടർന്ന് സെപ്റ്റംബർ 14-ന് രാത്രി ഉറങ്ങിക്കിടക്കുകയായിരുന്ന രാംകിഷോറിനെ സുഫിയയും കാമുകനും ചേർന്ന് കുത്തിക്കൊലപ്പെടുത്തി. രാംകിഷോറിന്റെ ആദ്യ ഭാര്യ കവിതാ ദേവി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കേസിന്റെ ചുരുളഴിയുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.




