Health

കാൽ പൊക്കി വെച്ചാൽ ഹൃദയം ബലപ്പെടുമോ? ട്രെൻഡിന് പിന്നിലെ സത്യം വെളിപ്പെടുത്തി ഡോക്ടർ

കാൽ ഉയർത്തി വെക്കുന്നത് ഹൃദയാരോഗ്യം വർദ്ധിപ്പിക്കുമെന്ന തെറ്റായ പ്രചാരണത്തെക്കുറിച്ച് വിശദീകരിക്കുകയാണ് ഗുരുഗ്രാമിലെ ആർടൈമിസ് ഹോസ്പിറ്റലിലെ സർജിക്കൽ ഓങ്കോളജിസ്റ്റായ ഡോ. വർത്തിക വിശ്വാനി. കാൽ ഉയർത്തി വെക്കുന്നത് ചില പ്രത്യേക സാഹചര്യങ്ങളിൽ വൈദ്യശാസ്ത്രപരമായി പ്രയോജനപ്പെടാറുണ്ടെങ്കിലും, അത് ഹൃദയത്തെ ശക്തിപ്പെടുത്തുമെന്നോ ഹൃദ്രോഗങ്ങളെ തടയുമെന്നോ കരുതുന്നത് ശരിയല്ലെന്ന് അവർ വ്യക്തമാക്കുന്നു.

രക്തസമ്മർദ്ദം പെട്ടെന്ന് താഴുന്ന അവസരങ്ങളിൽ തല താഴ്ത്തി വെച്ച് കാലുകൾ ഹൃദയത്തിന്റെ നിലവാരത്തേക്കാൾ ഉയർത്തി വെക്കാറുണ്ട്. അതുപോലെ കാലുകളിൽ നീരുള്ളവർക്ക് കാലിനടിയിൽ തലയിണ വെക്കാൻ നിർദ്ദേശിക്കാറുണ്ട്. കാലുകൾ ഹൃദയത്തിന്റെ നിരപ്പിനേക്കാൾ ഉയർത്തി വെക്കുമ്പോൾ ഗുരുത്വാകർഷണം കാരണം ഞരമ്പുകളിലെ രക്തപ്രവാഹവും ലിംഫാറ്റിക് ദ്രാവകങ്ങളുടെ ഒഴുക്കും സുഗമമാകുന്നു. ദീർഘനേരം നിൽക്കുന്നത് മൂലമുണ്ടാകുന്ന ക്ഷീണം, കാലുകളിലെ ഭാരം, നേരിയ നീര് എന്നിവ താത്കാലികമായി കുറയ്ക്കാൻ ഇത് സഹായിക്കും. വെരിക്കോസ് വെയ്ൻ, ലിംഫെഡീമ തുടങ്ങിയ പ്രശ്നങ്ങളുള്ളവർക്കും ഇത് താത്കാലിക ആശ്വാസം നൽകും.

എന്നാൽ, രക്തപ്രവാഹം താത്കാലികമായി സുഗമമാക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് തുല്യമല്ല. കാൽ ഉയർത്തി വെക്കുന്നത് കൊണ്ട് ഹൃദയം ശക്തമാകുകയോ, വെരിക്കോസ് വെയ്ൻ പൂർണ്ണമായി ഭേദമാകുകയോ ഇല്ല. രോഗലക്ഷണങ്ങളിൽ നിന്ന് താത്കാലിക ആശ്വാസം ലഭിക്കുമെന്നല്ലാതെ ഇതൊരു ശാശ്വത പരിഹാരമല്ല.

രക്തചംക്രമണ പ്രശ്നങ്ങളും നീരും പരിഹരിക്കുന്നതിന് കാൽ ഉയർത്തി വെക്കുന്നതിനേക്കാൾ നടപ്പ്, കാണെട്ടി (Calf) പേശികൾക്കുള്ള വ്യായാമങ്ങൾ, ശരീരഭാരം നിയന്ത്രിക്കൽ, ആവശ്യമെങ്കിൽ കംപ്രഷൻ സ്റ്റോക്കിംഗ്സ് ഉപയോഗിക്കൽ എന്നിവയാണ് കൂടുതൽ ഫലപ്രദം. കാൽ ഉയർത്തി വെക്കുന്നത് ശാരീരികമായി മറ്റ് ചില ഗുണങ്ങൾ നൽകുമെങ്കിലും, അത് ഹൃദയത്തെ നേരിട്ട് ആരോഗ്യമുള്ളതാക്കുമെന്ന അവകാശവാദം വാസ്തവവിരുദ്ധമാണെന്ന് ചുരുക്കം.