Featured Oddly News

ഈര്‍ക്കിലില്‍ സാരി ചുറ്റിയാലും വിടില്ല! പെൺവേഷം ധരിച്ച് രാത്രിയാത്രയ്ക്കിറങ്ങിയ യുവാവിന്റെ വൈറൽ വിഡിയോ!

ഡൽഹിയിലെ പൊതുവിടങ്ങൾ രാത്രികാലങ്ങളിൽ സ്ത്രീകൾക്ക് എത്രത്തോളം സുരക്ഷിതമാണെന്ന് നേരിട്ടറിയാൻ ഇറങ്ങിത്തിരിച്ച ഒരു കണ്ടന്റ് ക്രീയേറ്റര്‍ക്ക് (Content creator) അനുഭവിക്കേണ്ടി വന്നത് തികച്ചും അസ്വസ്ഥതയുണ്ടാക്കുന്ന കാര്യങ്ങളാണ്. ഇൻസ്റ്റാഗ്രാമിൽ ‘BeJaintle’ എന്ന പേരിൽ അറിയപ്പെടുന്ന ഈ യുവാവ് ഒരു സ്ത്രീയുടെ വേഷം ധരിച്ച് നടത്തിയ സോഷ്യൽ പരീക്ഷണത്തിന്റെ വീഡിയോ ഇതിനകം 1.7 കോടിയിലധികം ആളുകൾ കണ്ടുകഴിഞ്ഞു. രാത്രിയിൽ പെൺകുട്ടികൾ നേരിടുന്ന പ്രയാസങ്ങൾ മനസ്സിലാക്കാൻ ഒരു സ്ത്രീയുടെ വേഷമണിഞ്ഞ് സ്കൂട്ടറിൽ ഡൽഹി നഗരത്തിലൂടെ സഞ്ചരിക്കുകയായിരുന്നു ഇയാൾ.

സ്ത്രീകളുടെ വസ്ത്രവും മേക്കപ്പും ധരിച്ച്, മുഖം ദുപ്പട്ട കൊണ്ട് മറച്ചാണ് ഇയാൾ യാത്ര ആരംഭിച്ചത്. വീഡിയോ പകർത്തുവാൻ ഇയാളുടെ സുഹൃത്തുക്കളും കൂടെയുണ്ടായിരുന്നു. എന്നാൽ വീടിന് പുറത്തിറങ്ങിയ ഉടൻ തന്നെ വഴിയാത്രക്കാർ ഇയാളെ തുറിച്ചുനോക്കാൻ തുടങ്ങിയതായി യുവാവ് പറയുന്നു. പെട്രോൾ പമ്പിൽ വണ്ടി നിർത്താൻ കയറിയപ്പോഴും ഇത് തുടർന്നു. ചുറ്റുമുണ്ടായിരുന്ന പുരുഷന്മാർ തുടർച്ചയായി നോക്കാൻ തുടങ്ങിയതോടെ യാത്ര കൂടുതൽ അസ്വസ്ഥതയുണ്ടാക്കുന്നതായി മാറി.

യാത്ര മുന്നോട്ട് പോകുംതോറും ഭയപ്പെടുത്തുന്ന പല അനുഭവങ്ങളും ഇയാൾക്കുണ്ടായി. രണ്ട് പുരുഷന്മാർ നോക്കിനിൽക്കുകയും തുടർന്ന് സ്കൂട്ടറിനെ പിന്തുടർന്ന് അടുത്തേക്ക് വരാൻ ശ്രമിക്കുകയും ചെയ്തു. മറ്റൊരു വ്യക്തി യാത്രയ്ക്കിടയിൽ അടുത്തെത്തി സംസാരിക്കാൻ ശ്രമിച്ചു. ഓട്ടോറിക്ഷ ഡ്രൈവർമാരിൽ നിന്നും മോശം അനുഭവമുണ്ടായി. രണ്ട് ഓട്ടോകൾ ഇയാളുടെ സ്കൂട്ടറിന് മുന്നിലേക്ക് വണ്ടി കയറ്റാൻ ശ്രമിച്ചു. ഇതിലൊരാൾ സുഹൃത്തുക്കൾ വീഡിയോ പകരർത്തുന്നത് കണ്ടതോടെ പിന്മാറിയെങ്കിലും, രണ്ടാമത്തെയാൾ സ്കൂട്ടറിന് നേരെ വണ്ടി ഓടിച്ച ശേഷം പിന്നീട് സ്ഥലം വിടുകയായിരുന്നു.

സംഭവങ്ങൾ അതിരുകടന്നതോടെ ഈ പരീക്ഷണം അവസാനിപ്പിക്കാൻ തീരുമാനിച്ചു. കഴിഞ്ഞ രണ്ടു മണിക്കൂറിനിടെ തനിക്കുണ്ടായ അനുഭവങ്ങൾ വളരെ ഭയാനകവും അസ്വസ്ഥതയുണ്ടാക്കുന്നതുമായിരുന്നു എന്ന് ഇയാൾ പറഞ്ഞു. സൈക്കിളിലും ബൈക്കിലും ഓട്ടോയിലും കാറിലുമൊക്കെയായി എത്തിയ ആളുകൾ തന്നെ പിന്തുടരാൻ ശ്രമിച്ചതായി ഇയാൾ വ്യക്തമാക്കി. രാത്രിയിൽ ഒറ്റയ്ക്ക് പുറത്തിറങ്ങുന്ന സ്ത്രീകൾ എത്രത്തോളം ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടാകും എന്ന് മനസ്സിലാക്കാൻ ഈ സംഭവം സഹായിച്ചെന്നും, സ്ത്രീകൾക്ക് രാത്രികാലങ്ങളിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് സുരക്ഷിതമല്ലെന്നും ഇയാൾ കൂട്ടിച്ചേർത്തു.

ഈ വീഡിയോ പുറത്തുവന്നതോടെ രാത്രികാലങ്ങളിലെ സ്ത്രീസുരക്ഷയെക്കുറിച്ചും അവർ നേരിടുന്ന ശല്യപ്പെടുത്തലുകളെക്കുറിച്ചും സോഷ്യൽ മീഡിയയിൽ വൻ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ഇത് തങ്ങൾ ദിവസവും നേരിടുന്ന കടുപ്പമേറിയ യാഥാർത്ഥ്യമാണെന്ന് നിരവധി സ്ത്രീകളാണ് കമന്റ് ബോക്സിൽ കുറിച്ചത്. ഈ ഒരു സംഭവം കൊണ്ടുമാത്രം ഒരു നഗരത്തിന്റെ സുരക്ഷ പൂർണ്ണമായി അളക്കാൻ കഴിയില്ലെങ്കിലും, പൊതുസ്ഥലങ്ങളിൽ സ്ത്രീകൾ നേരിടുന്ന സുരക്ഷാ ആശങ്കകളെക്കുറിച്ച് വലിയൊരു ചർച്ചയ്ക്ക് ഈ വീഡിയോ വഴിതുറന്നിരിക്കുകയാണ്.