ഇംഗ്ലീഷ് ഭാഷയിലെ കണിശമായ പ്രയോഗങ്ങൾക്കും അഗാധമായ അറിവിനും പേരുകേട്ട തിരുവനന്തപുരം എം.പി.യും കോൺഗ്രസ് നേതാവുമായ ശശി തരൂരിനും അബദ്ധം പറ്റി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് പങ്കുവെച്ച സന്ദേശത്തിലാണ് തരൂരിന് ഒരു ചെറിയ വ്യാകരണ പിഴവ് സംഭവിച്ചത്. “On his 76th birthday” എന്ന് എഴുതുന്നതിന് പകരം prepositions മാറിപ്പോയി “In his 76th birthday” എന്നാണ് തരൂർ തന്റെ എക്സ് (X) അക്കൗണ്ടിൽ കുറിച്ചത്.
ശശി തരൂരിനെപ്പോലൊരാൾക്ക് തെറ്റ് പറ്റിയത് സോഷ്യൽ മീഡിയ ഉപയോക്താക്കൾ വളരെ വേഗത്തിലാണ് കണ്ടെത്തിയത്. ഒരാൾ “തരൂർ ജിക്ക് പോലും വ്യാകരണ തെറ്റ് പറ്റി” എന്ന് തമാശ രൂപേണ കുറിച്ചപ്പോൾ, “അതെ, ‘on’ എന്നത് ‘in’ ആയി മാറിയതാണ്, ഇത്തരം തെറ്റുകൾ എപ്പോഴും സംഭവിക്കാറുണ്ട്” എന്ന് മറുപടി നൽകിക്കൊണ്ട് തരൂർ അത് സമ്മതിക്കുകയും ചെയ്തു.
തരൂരിന്റെ ഈ മറുപടിയെ ചിരിയോടെയും കൗതുകത്തോടെയുമാണ് ആളുകൾ സ്വീകരിച്ചത്. “ലോകത്തിന്റെ ഘടനയിൽ തന്നെ എന്തോ തകരാർ സംഭവിച്ചതാണെന്നും നാം ഒരു സിമുലേഷനിലാണ് ജീവിക്കുന്നത്” എന്നും ചിലർ തമാശയായി കുറിച്ചു. ശശി തരൂരിനെപ്പോലുള്ള പ്രഗത്ഭർക്കും അബദ്ധങ്ങൾ സംഭവിക്കാമെന്നത് മറ്റുള്ളവർക്ക് ആശ്വാസം നൽകുന്ന ഒന്നാണെന്നും, ആളുകൾ അദ്ദേഹത്തിന്റെ വാക്കുകൾ എത്രത്തോളം ശ്രദ്ധയോടെയാണ് നിരീക്ഷിക്കുന്നത് എന്നതിന് തെളിവാണ് ഇതെന്നും സോഷ്യൽ മീഡിയയിൽ പ്രതികരണങ്ങൾ വന്നു.




