വിശ്വാസികൾക്ക് ഏറ്റവും പരിപാവനമായ ഒന്നാണ് ഗംഗാസ്നാനം. ഗംഗാനദിയിൽ മുങ്ങിനിവരുന്നത് സർവ പാപങ്ങളും കഴുകിക്കളയുമെന്നാണ് വിശ്വാസം. എന്നാൽ ഗംഗാസ്നാനം ചെയ്യുന്ന സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുന്ന ഒരു സംഘം തന്നെ ഹരിദ്വാർ പോലുള്ള തീർഥാടന കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. സാധാരണക്കാരെയും പ്രശസ്തരെയുമെല്ലാം ഇവർ ക്യാമറക്കണ്ണുകളിൽ പകർത്തി ചൂഷണം ചെയ്യാറുണ്ട്. നിർമ്മിത ബുദ്ധിയുടെ (AI) വരവോടെ ഇത്തരം ചിത്രങ്ങളും ദൃശ്യങ്ങളും മോശമായി എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നതും വർധിച്ചിരിക്കുകയാണ്.
തന്റെ ഗംഗാസ്നാന ദൃശ്യങ്ങൾ അശ്ലീലമായി എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതിനെതിരെ നിയമനടപടിക്കൊരുങ്ങിയിരിക്കുകയാണ് ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറായ സോനം യാദവ്. ചുരിദാർ ധരിച്ചാണ് സോനം ഗംഗയിൽ സ്നാനം ചെയ്തത്. എന്നാൽ എഡിറ്റ് ചെയ്ത വീഡിയോയിൽ ഇവർ അടിവസ്ത്രം മാത്രം ധരിച്ച് കുളിക്കുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
ദശലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള സോനത്തിന്റെ ഈ വ്യാജ വീഡിയോ നിമിഷനേരം കൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്.
തുടർന്നാണ് ഇവർ ശക്തമായ നിയമനടപടിയുമായി രംഗത്തെത്തിയത്. “നിങ്ങൾക്ക് ഒട്ടും നാണമില്ലേ, ഞാൻ കൃത്യമായി വസ്ത്രം ധരിച്ചാണ് ഗംഗാസ്നാനം ചെയ്തത്. ആരെങ്കിലും അടിവസ്ത്രമിട്ട് ഗംഗയിൽ കുളിക്കുമോ?” എന്ന് പരാതി നൽകിയ ശേഷം പങ്കുവെച്ച വീഡിയോയിൽ സോനം ചോദിക്കുന്നു. വീഡിയോ നീക്കം ചെയ്യാൻ അവസരം നൽകുമെന്നും, അല്ലാത്തപക്ഷം നിയമപരമായി ശക്തമായി മുന്നോട്ടുപോകുമെന്നും സോനം വ്യക്തമാക്കി.




