കാറിന്റെ ബോണറ്റിൽ പിടിച്ചുതൂങ്ങി നിൽക്കുന്ന യുവതി, ക്രമേണ വേഗം കൂട്ടുന്ന കാർ, തുടർന്ന് പിടിവിട്ട് മുന്നിലേക്ക് വീഴുന്ന യുവതിയുടെ ശരീരത്തിലൂടെ കാർ കയറിയിറങ്ങി പോകുന്ന ദാരുണമായ കാഴ്ച. ഉത്തർപ്രദേശിലെ ലഖ്നൗവിൽ കഴിഞ്ഞ ദിവസം അരങ്ങേറിയ ഞെട്ടിക്കുന്ന സംഭവമാണിത്. അനാമിക എന്ന യുവതിക്കാണ് ഈ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഷഹനാസ് എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
റിപ്പോർട്ടുകൾ പ്രകാരം അനാമികയും ഷഹനാസും ഏറെക്കാലമായി അടുത്ത പരിചയത്തിലായിരുന്നു. എന്നാൽ അനാമികയോട് താൻ ‘യഷ് താക്കൂർ’ ആണെന്നാണ് ഷഹനാസ് പരിചയപ്പെടുത്തിയിരുന്നത്. കഴിഞ്ഞ ദിവസം അനാമിക യുവാവിനെ മറ്റൊരു യുവതിക്കൊപ്പം നഗരത്തിൽ വെച്ച് അപ്രതീക്ഷിതമായി കണ്ടുമുട്ടി. തുടർന്ന് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് താൻ കബളിപ്പിക്കപ്പെടുകയായിരുന്നുവെന്ന് യുവതി തിരിച്ചറിഞ്ഞത്.
ഇതോടെ യുവാവ് കാറിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അനാമിക കാർ തടഞ്ഞ് മറുപടി വേണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഇത് വകവെക്കാതെ ഇയാൾ കാർ മുന്നോട്ടെടുത്തതോടെ യുവതി ബോണറ്റിൽ പിടിച്ചുതൂങ്ങി. കാർ നിർത്തുമെന്ന് കരുതിയെങ്കിലും ഇയാൾ വേഗം കൂട്ടുകയാണ് ചെയ്തത്. “നിനക്ക് എന്ത് വേണമെങ്കിലും ചെയ്യാം, ദയവായി കാർ നിർത്തൂ” എന്ന് യുവതി നിലവിളിക്കുന്നത് വിഡിയോയിൽ കേൾക്കാം. ഒടുവിൽ പിടിവിട്ട് കാറിനടിയിലേക്ക് വീണ യുവതിയുടെ ശരീരത്തിലൂടെ കാർ കയറിയിറങ്ങുകയും യുവാവ് വാഹനം അതിവേഗത്തിൽ ഓടിച്ചുപോവുകയുമായിരുന്നു.
ഗുരുതരമായി പരുക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ പോലീസിൽ പരാതി നൽകി. വ്യാജ പേര് പറഞ്ഞ് തന്നെ വഞ്ചിച്ചെന്നും മനഃപൂർവം കൊലപ്പെടുത്താൻ ശ്രമിച്ചെന്നും യുവതി പരാതിയിൽ ആരോപിക്കുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ യുവാവിനെ അറസ്റ്റ് ചെയ്ത പോലീസ് കേസിൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.




