Featured Good News

ആന്റീ, ഓർമ്മയുണ്ടോ ഈ മുഖം… 29 വർഷങ്ങൾക്കു ശേഷം നാനിയെ കാണാനെത്തി യുവാവ്- ഹൃദയം കവർന്ന് വീഡിയോ!

ഹൃദയം കവരുന്നതും വികാരനിർഭരവുമായ നിരവധിയേറെ കാഴ്ചകൾ ദിവസേന സോഷ്യൽ മീഡിയയിൽ എത്താറുണ്ട്. അത്തരത്തിൽ ബെംഗളൂരുവിൽ നിന്നുള്ള ഒരു ഡോക്ടർ പങ്കുവെച്ച ഓർമ്മക്കുറിപ്പും ദൃശ്യങ്ങളുമാണ് ഇപ്പോൾ സൈബർ ലോകത്ത് തരംഗമാകുന്നത്. തന്റെ ബാല്യകാലത്ത് ബഹ്‌റൈനിൽ വെച്ച് പതിനഞ്ച് വർഷത്തോളം പരിപാലിച്ച നാനിയെ മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം നേരിൽ കണ്ടുമുട്ടിയ നിമിഷങ്ങളാണ് ഡോ. റെനോയ് ഫിലിപ്പ് ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടത്. ജാനകി ആന്റിയെന്ന തന്റെ പ്രിയപ്പെട്ട നാനിയെ അദ്ദേഹം വൈകാരികമായി ആശ്ലേഷിക്കുന്നത് കണ്ടുനിൽക്കുന്നവരുടെ മനസ്സ് നിറയ്ക്കും.

ബഹ്‌റൈനിൽ വെച്ചുള്ള പഴയകാല ചിത്രങ്ങൾ കാണിച്ചുകൊണ്ടാണ് ഡോ. റെനോയ് വീഡിയോ ആരംഭിക്കുന്നത്. തങ്ങളെ സ്നേഹത്തോടെ പോറ്റി വളർത്തിയ ജാനകി ആന്റിയെക്കുറിച്ചുള്ള ചെറുപ്പകാല ഓർമ്മകൾ അദ്ദേഹം ചിത്രങ്ങൾ ചൂണ്ടിക്കാട്ടി ഓർത്തെടുക്കുന്നുണ്ട്. ‘ഇതാണ് ഞങ്ങളുടെ ജാനകി ആന്റി, ഞങ്ങൾ തമ്മിൽ വലിയ സ്നേഹബന്ധത്തിലായിരുന്നു’ എന്ന് അദ്ദേഹം വികാരഭരിതനായി പറയുന്നു.

വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ജാനകി ആന്റിയുടെ വീട്ടിലെത്തുന്ന ഡോക്ടർ, ‘ജാനകി ആന്റി, എവിടെയാണ്?’ എന്ന് സ്നേഹത്തോടെ വിളിച്ച് അകത്തേക്ക് കയറുന്നതും വീഡിയോയിൽ കാണാം. 93 വയസ്സ് പിന്നിട്ട ആന്റിയെ കണ്ട മാത്രയിൽ തന്നെ അദ്ദേഹം കെട്ടിപ്പിടിക്കുകയായിരുന്നു. സോഷ്യൽ മീഡിയ ഉപയോക്താക്കളെ ഒന്നടങ്കം കണ്ണീരണിയിക്കുന്നതായിരുന്നു ഇരുവരുടെയും ഈ പുനഃസംഗമം.

’29 വർഷത്തെ കാത്തിരിപ്പിന് ശേഷം എന്റെ നാനിയുമായുള്ള കണ്ടുമുട്ടൽ! 93 വയസ്സായെങ്കിലും അവർ ഇപ്പോഴും വലിയ സന്തോഷത്തിലും ഊർജ്ജത്തിലുമാണ്’ എന്ന അടിക്കുറിപ്പോടെയാണ് ഡോക്ടർ വീഡിയോ പങ്കുവെച്ചത്. ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കവർന്ന ഈ വീഡിയോയ്ക്ക് താഴെ, ‘കാലത്തിന് പോലും മായ്ക്കാൻ കഴിയാത്ത അപൂർവ്വ ബന്ധം’ എന്നാണ് നിരവധി പേർ കമന്റ് ചെയ്തിരിക്കുന്നത്.