വിമാനയാത്രയ്ക്ക് സമാനമായ ആഡംബര സൗകര്യങ്ങൾ വെറും 505 രൂപയ്ക്ക് നൽകുന്ന കേരള ആർ.ടി.സി.യുടെ ബസ് സർവീസ് വ്യവസായി ഹർഷ് ഗോയങ്ക പങ്കുവെച്ച വീഡിയോയിലൂടെ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. തിരുവനന്തപുരത്തിനും എറണാകുളത്തിനുമിടയിൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി.യുടെ വോൾവോ എസി ബസിനെ കേരളത്തിലെ ‘ബിസിനസ് ക്ലാസ്’ സർവീസ് എന്നാണ് ഹർഷ് ഗോയങ്ക വിശേഷിപ്പിച്ചത്.
36 പുഷ്-ബാക്ക് സീറ്റുകളുള്ള ഈ ബസിൽ കൂടുതൽ ലെഗ് റൂം സൗകര്യമുണ്ട്. ഓരോ സീറ്റിലും വ്യക്തിഗത ടിവി സ്ക്രീനുകളും യു.എസ്.ബി ചാർജിംഗ് പോർട്ടുകളും നൽകിയിട്ടുണ്ട്. യാത്രയിലുടനീളം ഹൈ-സ്പീഡ് വൈ-ഫൈ സൗകര്യവും യാത്രക്കാർക്ക് ലഭ്യമാണ്. ചായയും കാപ്പിയും ലഭ്യമാകുന്ന പാന്ട്രിയും മിനി ഫ്രിഡ്ജുമാണ് ഇതിലെ പ്രധാന ആകർഷണം. കൂടാതെ ദീർഘദൂര യാത്രക്കാർക്കായി ബസിനുള്ളിൽ ടോയ്ലറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
തിങ്കൾ മുതൽ വെള്ളി വരെയാണ് ഈ സർവീസ് പ്രവർത്തിക്കുന്നത്. രാവിലെ 5.30-ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ബസ് കൊല്ലം, ആലപ്പുഴ, ഹൈക്കോടതി വഴി രാവിലെ 9.30-ഓടെ എറണാകുളത്തെത്തും. വൈകുന്നേരം 5.30-ന് എറണാകുളത്ത് നിന്ന് തിരികെ തിരുവനന്തപുരത്തേക്ക് പുറപ്പെടും. 505 രൂപയാണ് ടിക്കറ്റ് നിരക്ക്. കെ.എസ്.ആർ.ടി.സി. വെബ്സൈറ്റ്, ‘എന്റെ കെ.എസ്.ആർ.ടി.സി’ ആപ്പ്, ബുക്കിംഗ് കൗണ്ടറുകൾ അല്ലെങ്കിൽ വാട്ട്സ്ആപ്പ് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
ആലപ്പുഴയിൽ നിന്ന് ബംഗളൂരുവിലേക്ക് സമാനമായ ബിസിനസ് ക്ലാസ് ബസ് സർവീസ് ആരംഭിച്ചതിനെക്കുറിച്ച് മുൻപ് മുഖ്യമന്ത്രിയുടെ ഓഫീസും വീഡിയോ പങ്കുവെച്ചിരുന്നു. അത്യാധുനിക സൗകര്യങ്ങളും കുറഞ്ഞ ടിക്കറ്റ് നിരക്കുമാണ് ഈ സർവീസിനെ ജനപ്രിയമാക്കുന്നത്.




