ഭർത്താവിന്റെ ഏഴ് വർഷം നീണ്ട രഹസ്യബന്ധം പുറത്തുകൊണ്ടുവന്ന ഭാര്യയുടെ വെളിപ്പെടുത്തലുകൾ ചൈനീസ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. ഇൻഷുറൻസ് ഏജന്റായ യുവതിയുമായുള്ള ഭർത്താവിൻ്റെ ബന്ധത്തിൻ്റെ വിവരങ്ങളും വൻതുകയുടെ ഇൻഷുറൻസ് പോളിസികളും പല ഹോട്ടലുകളിൽ ഒരുമിച്ച് താമസിച്ചതിന്റെ തെളിവുകളും പുറത്തുവിട്ടതോടെ സംഭവം നിയമപോരാട്ടത്തിലേക്ക് കടന്നതായി സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ചൈനയിലെ ഗ്വാങ്സിയിലുള്ള ലിയുഴൗ സ്വദേശിനിയായ ഷെൻ എന്ന സ്ത്രീയാണ് തന്റെ ഭർത്താവ് ഗുവോയുടെ ഈ രഹസ്യബന്ധം തുറന്നുകാട്ടിയത്.
2017-ലാണ് ഭർത്താവ് ഗുവോയ്ക്ക് ഇൻഷുറൻസ് ഏജന്റായ ലിയുമായുള്ള ബന്ധത്തെക്കുറിച്ച് ഷെൻ ആദ്യമായി സംശയിക്കുന്നത്. ഇരുവരും തമ്മിലുള്ള ചാറ്റുകളിൽ പ്രണയസന്ദേശങ്ങളും ഒപ്പം “I love you” എന്നർത്ഥം വരുന്ന 520 യുവാൻ വീതമുള്ള സാമ്പത്തിക ഇടപാടുകളും ഷെൻ കണ്ടെത്തി. ഇതിനുപുറമേ, ലിയുടെ ഏജൻസി വഴി ഭർത്താവ് ഏകദേശം 1.5 മില്യൺ യുഎസ് ഡോളറിൻ്റെ (ഏകദേശം 14 കോടിയോളം രൂപ) ഇൻഷുറൻസ് എടുത്തതായും 180-ലധികം തവണ ഹോട്ടലുകളിൽ ഒരുമിച്ച് താമസിച്ചതായും തെളിഞ്ഞതോടെയാണ് ഭാര്യ നിയമനടപടികളിലേക്ക് കടന്നത്.
ഷെന്നിൻ്റെ സ്വന്തം അന്വേഷണത്തിലൂടെയാണ് ഈ വിവരങ്ങളെല്ലാം പുറത്തുവന്നത്. ഇരുവർക്കും രണ്ടു വയസ്സുള്ള ഒരു മകളുണ്ട്. വെറുമൊരു വഴിവിട്ട ബന്ധം എന്നതിലുപരി വലിയ സാമ്പത്തിക കാര്യങ്ങളും ഇൻഷുറൻസ് ഇടപാടുകളും ഇതിൽ ഉൾപ്പെട്ടിരിക്കുന്നതിനാൽ കേസ് ഏറെ സങ്കീർണ്ണമായിട്ടുണ്ട്. സംഭവം പുറത്തുവന്നതോടെ ദാമ്പത്യവിശ്വാസത്തെക്കുറിച്ചും ഇൻഷുറൻസ് മേഖലയിലെ സുതാര്യതയെക്കുറിച്ചും ചൈനീസ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളാണ് നടക്കുന്നത്.




