Oddly News

രണ്ടു വർഷമായി റേഞ്ചില്ല; പരിഹരിക്കാൻ ‘നാടകം’; ടെക്നീഷ്യനെ മൊബൈൽ ടവറിൽ കെട്ടിയിട്ട് ഗ്രാമീണർ, വൈറൽ വിഡിയോയ്ക്ക് പിന്നിൽ ട്വിസ്റ്റ്

ഉത്തർപ്രദേശിലെ ഫത്തേപ്പൂരിൽ രണ്ട് വർഷമായി നെറ്റ്‌വർക്ക് ലഭിക്കാത്തതിൽ രോഷാകുലരായ ഗ്രാമീണർ ടെലികോം ടെക്നീഷ്യനെ മൊബൈൽ ടവറിൽ കെട്ടിയിട്ടു. വ്യാഴാഴ്ച വൈകുന്നേരം ഹർദൗലി ഗ്രാമത്തിലാണ് സംഭവം നടന്നത്. എന്നാൽ, വെറുമൊരു നാട്ടുപ്രതിഷേധം എന്ന് കരുതിയ ഈ സംഭവത്തിന് പിന്നിൽ അപ്രതീക്ഷിത ട്വിസ്റ്റാണ് പുറത്തുവന്നിരിക്കുന്നത്.

കമ്പനി അധികൃതരുടെ ശ്രദ്ധ ഈ വിഷയത്തിലേക്ക് ക്ഷണിക്കാൻ വേണ്ടി ടെക്നീഷ്യനായ ആദിത്യഭാൻ സിങ് തന്നെയാണ് തന്നെ കെട്ടിയിടാൻ ഗ്രാമീണരോട് ആവശ്യപ്പെട്ടതെന്നാണ് വിവരങ്ങൾ വ്യക്തമാക്കുന്നത്.

വൈദ്യുതി വിതരണത്തിലെ തരാറുകൾ പരിശോധിക്കാൻ ഹർദൗലിയിലെ ടവറിന് സമീപമെത്തിയ ആദിത്യഭാനിനെ മോശം നെറ്റ്‌വർക്കിനെച്ചൊല്ലി ഗ്രാമീണർ തടഞ്ഞുവെക്കുകയായിരുന്നു. രണ്ടു വർഷമായി പരാതി നൽകിയിട്ടും കമ്പനി യാതൊരു നടപടിയും എടുക്കുന്നില്ലെന്നും വലിയ തുകയ്ക്ക് റീച്ചാർജ് ചെയ്തിട്ടും റേഞ്ച് കിട്ടുന്നില്ലെന്നും ഗ്രാമീണർ പരാതിപ്പെട്ടു.

തുടർന്ന്, തന്നെ ടവറിൽ കെട്ടിയിട്ടാൽ മാത്രമേ കമ്പനി അധികൃതർ ഈ പ്രശ്നം ഗൗരവമായി എടുക്കൂ എന്നും, മേലധികാരികൾക്ക് മുന്നിൽ തെളിവായി കാണിക്കാൻ ഇത് സഹായിക്കുമെന്നും ആദിത്യഭാൻ തന്നെ ഗ്രാമീണരോട് പറയുകയായിരുന്നു. ഇതനുസരിച്ച് രണ്ട് മണിക്കൂറോളം ഇയാളെ ടവറിന് സമീപം കെട്ടിയിടുകയും, ഗ്രാമീണരിലൊരാൾ ഇതിന്റെ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ വീഡിയോ വൈറലാവുകയും ചെയ്തു.

വീഡിയോ കണ്ടതിനെ തുടർന്ന് സംഭവസ്ഥലത്തെത്തിയ പൊലീസ് ടെക്നീഷ്യനെ കെട്ടഴിച്ചു മാറ്റി. സംഭവത്തിൽ കണ്ടാലറിയാവുന്ന നാട്ടുകാർക്കെതിരെ ബിന്ദികി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചുകൊണ്ട് പൊലീസ് അന്വേഷണം വേഗത്തിലാക്കി വരികയാണ്.

സംഭവത്തിൽ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഫത്തേപൂർ പൊലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് ഗ്രാമവാസികളിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചു വരികയാണ്.