ഫാത്തിമ സന മികച്ച ഓൾറൗണ്ട് പ്രകടനം പുറത്തെടുത്തെങ്കിലും, പാകിസ്താനെ നാല് വിക്കറ്റിന് തോൽപിച്ച് നിലവിലെ ചാമ്പ്യന്മാരായ ശ്രീലങ്ക വനിതാ ഏഷ്യാ കപ്പ് ഫൈനലിൽ കടന്നു. പതറാതെ പൊരുതിയ ശ്രീലങ്കൻ ടീമിന് മുന്നിൽ പാകിസ്താന്റെ ശ്രമങ്ങൾ ഒടുവിൽ പാഴാവുകയായിരുന്നു. ശ്രീലങ്കയ്ക്കെതിരേ 36 പന്തില്‍നിന്ന് 47 റണ്‍സിന്റെ മിന്നുന്ന പ്രകടനവും തുടര്‍ന്ന് നിര്‍ണായമായ ലങ്കയുടെ നാലു വിക്കറ്റും വീഴ്ത്തിയിട്ടും പരമ്പരാഗത വൈരികളായ ഇന്ത്യയ്ക്കെതിരേ ഫൈനല്‍ കളിക്കാന്‍ കഴിയാത്ത സങ്കടത്തില്‍ സന ഗ്രൗണ്ടില്‍ വിതുമ്പിപ്പോയി.
പാകിസ്താൻ മുന്നോട്ടുവെച്ച 131 റൺസ് വിജയലക്ഷ്യം 18.4 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ശ്രീലങ്ക മറികടന്നു. ഹർഷിത സമരവിക്രമ (31 പന്തിൽ 36), കവിഷ ദിൽഹാരി (33 പന്തിൽ 33), അവസാന നിമിഷങ്ങളിൽ നിർണായക പ്രകടനം കാഴ്ചവെച്ച നീലക്ഷിക സിൽവ (10 പന്തിൽ 18*) എന്നിവരുടെ മികച്ച ബാറ്റിങ് കരുത്തിലാണ് ലങ്കൻ വിജയം. ഞായറാഴ്ചയാണ് കലാശപ്പോരാട്ടം നടക്കുക.
36 പന്തിൽ പുറത്താകാതെ 47 റൺസ് നേടുകയും നാല് വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്ത പാകിസ്താൻ ക്യാപ്റ്റൻ ഫാത്തിമ സനയുടെ മികച്ച ഓൾറൗണ്ട് പ്രകടനത്തിനും ടീമിനെ രക്ഷിക്കാനായില്ല. വിജയിക്കാൻ 13 റൺസ് വേണ്ട സമയത്ത് 19-ാം ഓവറിൽ ഫാത്തിമ സന എറിഞ്ഞ നോബോളിൽ നീലക്ഷിക സിൽവ സിക്സർ അടിച്ചതോടെ ശ്രീലങ്കൻ ജയം കൂടുതൽ എളുപ്പമായി മാറുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്റെ തുടക്കം തകർച്ചയോടെയായിരുന്നു. രണ്ടാം ഓവറിൽ തന്നെ ഓപ്പണർ മുനീബ അലിയെ (8 പന്തിൽ 2) നഷ്ടമായ അവർക്ക്, പവർപ്ലേ അവസാനിക്കും മുൻപ് ഷവാൽ സുൽഫിക്കറിന്റെയും (16 പന്തിൽ 24) വിക്കറ്റ് നഷ്ടമായി. പത്തോവർ പൂർത്തിയാകുന്നതിന് മുൻപായി ആയിഷ സഫർ (8 പന്തിൽ 7), സദഫ് ഷംസ് (11 പന്തിൽ 8) എന്നിവരും പുറത്തായി.
തുടർന്ന് അഞ്ചാം വിക്കറ്റിൽ ഗുൽ ഫിറോസയ്ക്കൊപ്പവും (32 പന്തിൽ 21) ആറാം വിക്കറ്റിൽ തുബ ഹസ്സനൊപ്പവും (10 പന്തിൽ 12) ഫാത്തിമ സന നടത്തിയ പോരാട്ടമാണ് പാകിസ്താനെ വലിയ തകർച്ചയിൽ നിന്ന് കരകയറ്റിയത്. അഞ്ചാം വിക്കറ്റിൽ 40 റൺസും ആറാം വിക്കറ്റിൽ 38 റൺസും കൂട്ടിച്ചേർത്ത ഫാത്തിമ, രണ്ട് സിക്സും നാല് ഫോറുമടക്കമാണ് 47 റൺസ് നേടിയത്.
2024-ലെ ഫൈനലിന്റെ ആവർത്തനമെന്നോണം ഫൈനലിൽ ശ്രീലങ്ക ഇനി ഇന്ത്യയെ നേരിടും. ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിലിറങ്ങുന്ന ഇന്ത്യൻ ടീം എട്ടാം ഏഷ്യാ കപ്പ് കിരീടമാണ് ലക്ഷ്യമിടുന്നത്. അതേസമയം, കഴിഞ്ഞ തവണ ആദ്യമായി നേടിയ കിരീടം നിലനിർത്താനാണ് ആതിഥേയരായ ശ്രീലങ്കയുടെ ശ്രമം.




