“മനസ്സുണ്ടെങ്കിൽ മാർഗ്ഗവുമുണ്ട്” എന്ന പ്രശസ്തമായ ചൊല്ല് വെറുതെയുണ്ടായ ഒന്നല്ല. അസാധ്യമായ കാര്യങ്ങളെ തങ്ങളുടെ കഠിനാധ്വാനം കൊണ്ട് സാധ്യമാക്കി മാറ്റിയ പ്രതിഭകളുടെ ജീവിതാനുഭവങ്ങളിൽ നിന്നാണ് ഇത്തരം പൊൻവാക്കുകൾ പിറവിയെടുക്കുന്നത്. മുംബൈ സ്വദേശിയായ ജയ് കുമാര്‍ വൈദ്യയുടെ ജീവിതവും ഇതിനൊരു മികച്ച ഉദാഹരണമാണ്.
ഇന്ന് നാസയിലെ (NASA) പ്രമുഖ എഞ്ചിനീയർമാരിൽ ഒരാളാണ് ജയ് കുമാര്‍. നാസയുടെ ഗൊദാർദ് സ്പേസ് ഫ്ലൈറ്റ് സെന്ററിലെ പ്ലാനറ്ററി എൻവയോൺമെന്റ്സ് ലബോറട്ടറിയിൽ ഗ്രൗണ്ട് സപ്പോർട്ട് എക്യുപ്മെന്റ് എഞ്ചിനീയറിംഗ് ലീഡ്, ഗ്രൗണ്ട് സിസ്റ്റംസ് ഓപ്പറേഷൻസ് ലീഡ് എന്നീ ചുമതലകൾ അദ്ദേഹം വഹിക്കുന്നു. ബഹിരാകാശ ദൗത്യങ്ങളിൽ വിവിധ ഗ്രഹങ്ങളുടെ അന്തരീക്ഷത്തിലെ അയോണുകളെ കൃത്യതയോടെ കണ്ടെത്തുന്നതിനുള്ള മാസ് സ്പെക്ട്രോമീറ്ററുകൾ വികസിപ്പിക്കുന്നതിലാണ് ഇദ്ദേഹത്തിന്റെ വൈദഗ്ധ്യം.
ഉന്നത സ്ഥാനത്ത് നിൽക്കുന്ന ഈ എഞ്ചിനീയറുടെ തുടക്കം മുംബൈയിലെ ഒരു ചേരി പ്രദേശത്തു നിന്നായിരുന്നു എന്നത് ഏറെ അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. മുംബൈ കുർളയിലെ ഒരു ചെറിയ മുറിയിലായിരുന്നു ജയ് കുമാര്‍ വളർന്നത്. അച്ഛനില്ലാതെ, അമ്മ ഒറ്റയ്ക്ക് കഷ്ടപ്പെട്ടാണ് ജയ് കുമാറിനെ വളർത്തിയത്. അമ്മയ്ക്ക് തണലാകാൻ പഠനത്തോടൊപ്പം ടിവി അറ്റകുറ്റപ്പണികൾ ചെയ്ത് പ്രതിമാസം 4,000 രൂപയോളം അദ്ദേഹം സമ്പാദിച്ചിരുന്നു. സ്കൂൾ ഫീസ് അടയ്ക്കാൻ കഴിയാത്തതിനെ തുടർന്ന് റിസൾട്ട് തടഞ്ഞുവെച്ച അനുഭവങ്ങൾ പോലും ഇദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്.
കുട്ടിക്കാലത്ത് ടിവിയിൽ കണ്ട ബഹിരാകാശ പരിപാടികളും മംഗളയാൻ, വോയേജർ ദൗത്യങ്ങളുമാണ് ജയ് കുമാറിന് ശാസ്ത്രത്തോടുള്ള താല്പര്യം വളർത്തിയത്. തുടർപഠനത്തിനുള്ള പണം കണ്ടെത്തുന്നതിനായി അദ്ദേഹം കുട്ടികൾക്ക് ട്യൂഷൻ എടുക്കുകയും ചെയ്തിരുന്നു. മുംബൈയിലെ കെ.ജെ. സോമയ്യ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ ബിരുദം നേടിയ ശേഷം യുഎസിലെ യൂണിവേഴ്സിറ്റി ഓഫ് വിർജീനിയയിൽ നിന്നാണ് അദ്ദേഹം ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയത്. ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിൽ (TIFR) ഗവേഷകനായി പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം റോബോട്ടിക്സിൽ മൂന്ന് ദേശീയ അവാർഡുകളും നാല് സംസ്ഥാന അവാർഡുകളും കരസ്ഥമാക്കിയിട്ടുണ്ട്.
ദാരിദ്ര്യത്തോടും പ്രതികൂല സാഹചര്യങ്ങളോടും പോരാടി നാസയിൽ വരെ എത്തിച്ചേർന്ന ജയ് കുമാറിന്റെ പ്രചോദനാത്മകമായ ഈ ജീവിതകഥ സമൂഹമാധ്യമങ്ങളിൽ വൻ തരംഗമായി മാറിയിരിക്കുകയാണ്.മുംബൈ ചേരിയിൽ നിന്ന് നാസ എഞ്ചിനീയറിലേക്ക്—കേൾക്കേണ്ട ഒന്നായ ജയ്കുമാർ വൈദ്യയുടെ പ്രചോദനാത്മക ജീവിതകഥ




