ഗുവാഹത്തി: നിശ്ചിത ഇടവേളകളിൽ മൂന്നുതവണ മൊഴിചൊല്ലി വിവാഹബന്ധം വേർപെടുത്തുന്ന ‘തലാഖ്-ഇ-ഹസ്സൻ’ രാജ്യത്ത് നിരോധിച്ചിട്ടില്ലെന്നും അതിനാൽ അത് നിയമപരമായി സാധുവാണെന്നും ഗുവാഹത്തി ഹൈക്കോടതി ഉത്തരവിട്ടു. മൂന്ന് മാസങ്ങളിലായി മൂന്ന് തവണ തലാഖ് ചൊല്ലിയ നടപടി പഴയ നിയമപ്രകാരം വിവാഹമോചനമായി രജിസ്റ്റർ ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അസം സ്വദേശി നൽകിയ ഹർജിയിലാണ് കോടതിയുടെ ഈ നിർണായക ഉത്തരവ്. മുസ്ലിം വിവാഹവും വിവാഹമോചനവും സംബന്ധിച്ച 2024-ലെ അസം നിർബന്ധിത രജിസ്ട്രേഷൻ നിയമപ്രകാരം രജിസ്ട്രേഷനായി അപേക്ഷ സമർപ്പിക്കാൻ ജസ്റ്റിസ് അരുൺ ദേവ് ചൗധരി ഹർജിക്കാരനോട് നിർദേശിക്കുകയും ചെയ്തു.
ഭാര്യക്കും ഭർത്താവിനും പുനരാലോചനയ്ക്കുള്ള അവസരം നൽകിക്കൊണ്ട് വ്യത്യസ്ത ഇടവേളകളിൽ മൂന്നുതവണ തലാഖ് ചൊല്ലുന്ന ശൈലിയാണ് ‘തലാഖ്-ഇ-ഹസ്സൻ’. ഒരേസമയത്ത് തന്നെ മൂന്ന് തലാഖും ചൊല്ലി ബന്ധം വേർപെടുത്തുന്ന മുത്തലാഖ് (തലാഖ്-ഇ-ബിദ്ദത്) രീതി മാത്രമാണ് 2017-ൽ സുപ്രീം കോടതി ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ചിരുന്നത്. 2016-ൽ വിവാഹിതനായ ഹർജിക്കാരന്റെ ഭാര്യ 2018-ൽ കുടുംബവീട് വിട്ടുപോയിരുന്നു.
തുടർന്ന് നടത്തിയ സമവായ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെയാണ് കഴിഞ്ഞ മാർച്ച് 22, ഏപ്രിൽ 26, മേയ് 27 തീയതികളിലായി ഇയാൾ തലാഖ് ചൊല്ലി വിവാഹബന്ധം അവസാനിപ്പിച്ചെന്നുകാട്ടി കോടതിയെ സമീപിച്ചത്. ‘തലാഖ്-ഇ-ഹസ്സൻ’ രാജ്യത്ത് നിരോധിച്ചിട്ടില്ലാത്തതിനാൽ മതപരമായ മുഴുവൻ നടപടിക്രമങ്ങളും പാലിച്ചാണ് താൻ ബന്ധം വേർപെടുത്തിയതെന്ന് ഹർജിക്കാരൻ വാദിച്ചു. എന്നാൽ പഴയ നിയമപ്രകാരം ഇത്തരം വിവാഹമോചനങ്ങൾ രജിസ്റ്റർ ചെയ്യാൻ സാധിക്കില്ലെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. കേസ് പരിഗണിച്ച കോടതി ‘തലാഖ്-ഇ-ഹസ്സൻ’ നിരോധിക്കപ്പെട്ടിട്ടില്ലെന്നും സാധുവാണെന്നും ശരിവെച്ചെങ്കിലും പഴയ ബാർപെട്ട അതോറിറ്റി വഴി രജിസ്റ്റർ ചെയ്യണമെന്ന ആവശ്യം നിരസിച്ചു. പകരം 2024-ലെ പുതിയ നിയമപ്രകാരം രജിസ്റ്റർ ചെയ്യാൻ നിർദേശിക്കുകയായിരുന്നു.
കേസിൽ ഹർജിക്കാരന്റെ ഭാര്യക്ക് കോടതി മുൻപ് നോട്ടീസ് അയച്ചിരുന്നെങ്കിലും അവർ ഹാജരായിരുന്നില്ല. എന്നാൽ ഭാര്യ കോടതിയിൽ ഹാജരാകാതിരുന്നതുകൊണ്ട് മാത്രം അവരുടെ അവകാശങ്ങൾ ഇല്ലാതാകുന്നില്ലെന്നും, ‘തലാഖ്-ഇ-ഹസ്സൻ’ നടപടിയെ ചോദ്യംചെയ്ത് അവർക്ക് നിയമനടപടികളുമായി മുന്നോട്ടുപോകാമെന്നും ഹൈക്കോടതി വ്യക്തമാക്കി.




