Health Lifestyle

എത്ര കുടിച്ചാലും ദാഹം മാറുന്നില്ലേ? നിങ്ങളുടെ ശരീരം തരുന്ന മുന്നറിയിപ്പാകാം!

എത്ര വെള്ളം കുടിച്ചാലും ദാഹം മാറാതിരിക്കുന്നുണ്ടെങ്കിൽ, അത് വെറുമൊരു കാലാവസ്ഥാ വ്യതിയാനമാണെന്ന് കരുതി തള്ളിക്കളയരുത്. ശരീരം നൽകുന്ന ഇത്തരം സൂചനകൾക്ക് പിന്നിൽ കൃത്യമായ കാരണങ്ങളുണ്ടെന്ന് ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. തുടർച്ചയായി അനുഭവപ്പെടുന്ന അമിതമായ ദാഹത്തെ ശാസ്ത്രീയമായി പോളിഡിപ്സിയ (Polydipsia) എന്നാണ് വിളിക്കുന്നത്.

ദാഹം അനുഭവപ്പെടുന്നതിന് ഏറ്റവും സാധാരണമായ ഒരു കാരണം ആവശ്യത്തിന് വെള്ളം കുടിക്കാത്തത് തന്നെയാണ്. ചൂടുള്ള അന്തരീക്ഷത്തിൽ ജോലി ചെയ്യുന്നവർ, എയർകണ്ടീഷണർ മുറികളിൽ ദീർഘനേരം ചെലവഴിക്കുന്നവർ, ദിവസവും വ്യായാമം ചെയ്യുന്നവർ എന്നിവർ ശരീരത്തിൽ നിന്ന് നഷ്ടപ്പെടുന്ന വെള്ളത്തിന്റെ അളവ് പലപ്പോഴും തിരിച്ചറിയാറില്ല. കൂടാതെ, ഉയർന്ന രക്തസമ്മർദ്ദം, അലർജി, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്ക് കഴിക്കുന്ന ചില മരുന്നുകൾ ശരീരത്തിലെ ദ്രാവകങ്ങൾ കുറയ്ക്കുകയും വായ വരണ്ടതാക്കുകയും ചെയ്യും.

സ്ത്രീകളിൽ ഈസ്ട്രജൻ ഹോർമോണിലുണ്ടാകുന്ന മാറ്റങ്ങൾ ശരീരത്തിലെ വെള്ളത്തിന്റെ അംശവും ഇലക്ട്രോലൈറ്റ് സന്തുലിതാവസ്ഥയും നിലനിർത്തുന്നതിനെ ബാധിക്കാറുണ്ട്. ഇത് എത്ര വെള്ളം കുടിച്ചാലും വീണ്ടും ദാഹം തോന്നാൻ കാരണമാകുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നത് മറ്റൊരു പ്രധാന കാരണമാണ്. രക്തത്തിലെ അധികമുള്ള പഞ്ചസാരയെ മൂത്രത്തിലൂടെ പുറന്തള്ളാൻ ശരീരം കൂടുതൽ വെള്ളം ഉപയോഗിക്കുമ്പോഴാണ് ഇത്തരം ആളുകൾക്ക് വിട്ടുമാറാതെ ദാഹം അനുഭവപ്പെടുന്നത്.

ഉറക്കക്കുറവും രാത്രിയിലെ അമിത വിയർപ്പും ദാഹം കൂട്ടാൻ ഇടയാക്കും. രാത്രിയിൽ അറിയാതെ പോകുന്ന ദ്രാവക നഷ്ടം നികത്താനാണ് ശരീരം അടുത്ത ദിവസം കൂടുതൽ ദാഹ സൂചനകൾ നൽകുന്നത്. അതുപോലെ ചായ, കാപ്പി എന്നിവയുടെ അമിത ഉപയോഗവും ഉപ്പ് കൂടിയ ലഘുഭക്ഷണങ്ങളും ശരീരത്തിൽ നിന്ന് വെള്ളം കൂടുതൽ നഷ്ടപ്പെടാൻ കാരണമാകും.

ദീർഘകാലമായുള്ള വൃക്കരോഗങ്ങൾ (Chronic kidney disease), രക്തത്തിൽ കാൽസ്യത്തിന്റെ അളവ് കൂടുന്നത്, വായ വരണ്ടുപോകുന്ന രോഗങ്ങൾ എന്നിവയും അമിത ദാഹത്തിന് കാരണമാകാറുണ്ട്.

ദാഹത്തോടൊപ്പം ഇടയ്ക്കിടെ മൂത്രമൊഴിക്കേണ്ടി വരികയോ അമിത തളർച്ച അനുഭവപ്പെടുകയോ ചെയ്താൽ രക്തത്തിലെ പഞ്ചസാര പരിശോധിക്കേണ്ടതാണ്. ധാരാളം വിയർക്കുന്ന അവസരങ്ങളിൽ സാധാരണ വെള്ളത്തിന് പകരം ഇലക്ട്രോലൈറ്റുകൾ അടങ്ങിയ പാനീയങ്ങൾ കുടിക്കാം. ദിവസേന കുടിക്കുന്ന വെള്ളത്തിന്റെ അളവ് കൃത്യമായി ശ്രദ്ധിക്കുക. സാധാരണയിൽ കവിഞ്ഞ അമിത ദാഹം തുടർച്ചയായി അനുഭവപ്പെട്ടാൽ അത് നിസ്സാരമായി കാണാതെ ഒരു ഡോക്ടറുടെ ഉപദേശം തേടുന്നത് നന്നായിരിക്കും.