Oddly News

കാട്ടാനയുടെ കഴുത്തിൽ ഭാരമേറിയ ട്രാക്ടർ ടയർ! അസമിൽ നടന്ന ത്രില്ലർ രക്ഷാപ്രവർത്തനം

അസമിലെ ഗൊലാഘട്ട് ജില്ലയിൽ കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങി അവശ നിലയിലായ ഒരു കാട്ടാനയെ രക്ഷപെടുത്തി. മനുഷ്യർ ഉപേക്ഷിക്കുന്ന മാലിന്യങ്ങൾ വന്യജീവികൾക്ക് എത്രത്തോളം വലിയ ഭീഷണിയാകുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവം.

കഴുകിൽ ടയർ മുറുകിയ നിലയിൽ ആനയെ കണ്ടതോടെയാണ് രക്ഷാപ്രവർത്തനങ്ങൾക്ക് തുടക്കമായത്. കാസിരംഗയിലെ സെന്റർ ഫോർ വൈൽഡ് ലൈഫ് റീഹാബിലിറ്റേഷൻ ആൻഡ് കൺസർവേഷൻ (CWRC), ഗൊലാഘട്ട് ഫോറസ്റ്റ് ഡിവിഷൻ, പ്രാദേശികവാസികൾ എന്നിവർ സംയുക്തമായാണ് ജീവനുതന്നെ ഭീഷണിയായ ഈ ഘട്ടത്തിൽ രക്ഷാപ്രവർത്തനം നടത്തിയത്. ദൗത്യസംഘം ആനയുടെ കഴുത്തിൽ നിന്ന് ടയർ വിജയകരമായി നീക്കം ചെയ്യുകയും അതിന് പുതിയൊരു ജീവിതം സമ്മാനിക്കുകയും ചെയ്തു.

ആനയുടെ കഴുത്തിൽ ടയർ എങ്ങനെയാണ് കുടുങ്ങിയതെന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല. എങ്കിലും, ജനവാസ മേഖലകൾക്ക് സമീപം ജീവിക്കുന്ന കാട്ടുമൃഗങ്ങൾക്ക് മനുഷ്യർ വലിച്ചെറിയുന്ന പ്ലാസ്റ്റിക്കും മറ്റ് വസ്തുക്കളും എത്രത്തോളം അപകടകരമാണെന്ന് ഈ സംഭവം ഓർമ്മിപ്പിക്കുന്നു.

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും ഈ രക്ഷാപ്രവർത്തനത്തെക്കുറിച്ച് തൻ്റെ എക്സ് (X) അക്കൗണ്ടിൽ പങ്കുവെച്ചിരുന്നു. “മനുഷ്യനായാലും മൃഗമായാലും, അസമിൽ ആരും ദുരിതത്തിലാകില്ല. നുമാലിഗഡിൽ ഒരു കാട്ടാനയുടെ കഴുത്തിൽ ടയർ കുടുങ്ങി ജീവന് തന്നെ ഭീഷണിയായ അവസ്ഥയിലായിരുന്നു. ഞങ്ങൾ ഉടനടി ഇടപെട്ട് ടയർ നീക്കം ചെയ്യുകയും, ആനയുടെ ജീവൻ രക്ഷിച്ച് അതിനെ കൂട്ടത്തിലേക്ക് തിരികെ അയക്കുകയും ചെയ്തു,” അദ്ദേഹം കുറിച്ചു.

വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും വൈൽഡ് ലൈഫ് റെസ്ക്യൂ ടീമിന്റെയും പ്രദേശവാസികളുടെയും ഏകോപിച്ചുള്ള പ്രവർത്തനമാണ് ഈ ദൗത്യം വിജയകരമാക്കിയത്. മാലിന്യങ്ങൾ ഉത്തരവാദിത്തത്തോടെ സംസ്കരിക്കേണ്ടതിന്റെയും, കാട്ടുമൃഗങ്ങളുടെ ആവാസവ്യവസ്ഥയിലേക്ക് ഇത്തരത്തിലുള്ള വസ്തുക്കൾ എത്താതിരിക്കാൻ ശ്രദ്ധിക്കേണ്ടതിന്റെയും ആവശ്യകത ഈ സംഭവം വീണ്ടും ചൂണ്ടിക്കാണിക്കുന്നു.