Featured Sports

കളിക്കാനാളില്ല, പാസ്പോർട്ടില്ലാത്ത 21 -കാരനെ പാക്കിസ്ഥാൻ ഇംഗ്ലണ്ടിലെത്തിച്ചു! 4 വിക്കറ്റെടുത്ത് പുതിയ പേസ് വിസ്മയം!

ലണ്ടൻ: തുടർച്ചയായ രണ്ട് തോൽവികൾക്ക് പിന്നാലെ പാക്കിസ്ഥാൻ ടീമിൽ നിന്ന് ഏഴ് താരങ്ങളെ പുറത്താക്കിയത് വലിയ ചർച്ചയായിരുന്നു. മൂന്നാം ടെസ്റ്റിനായി മാത്രം ഏഴ് പകരക്കാരെയാണ് പാക്കിസ്ഥാൻ ഇംഗ്ലണ്ടിലെത്തിച്ചത്. അതിലൊരാളായിരുന്നു 21 വയസ്സുകാരൻ പേസർ റസവുല്ല. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ കളിക്കുന്ന ഈ യുവപേസറുടെ ടീം എൻട്രി അങ്ങേയറ്റം നാടകീയമായിരുന്നു. പാസ്പോർട്ട് പോലുമില്ലാതെ പാക്കിസ്ഥാനിലെ ഖൈബർ പക്തൂൺഖ്വയിലെ പർവത പ്രദേശത്ത് കഴിഞ്ഞിരുന്ന റസവുല്ലയെ അതിവേഗ നീക്കങ്ങളിലൂടെയാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഇംഗ്ലണ്ടിലെത്തിച്ചത്.

ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിവരം റസവുല്ല വളരെ വൈകിയാണ് അറിഞ്ഞത്. റസവുല്ലയുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നതിനാൽ പിസിബി അധികൃതർ താരത്തിന്റെ പരിശീലകനെയാണ് വിവരമറിയിച്ചത്. സിലക്ഷൻ കാര്യം അറിഞ്ഞയുടൻ പരിശീലകൻ ബൈക്കിൽ പോയി പർവത പ്രദേശത്തുനിന്ന് റസവുല്ലയെ കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ ലഹോറിലെത്താൻ നിർദേശം നൽകിയ പിസിബി, താരത്തിനായി താൽക്കാലിക പാസ്പോർട്ടും യുകെ യാത്രയ്ക്കുള്ള രേഖകളും അതിവേഗം തയാറാക്കി നൽകി.

മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ 23 ഓവറുകൾ എറിഞ്ഞ താരം നാല് വിക്കറ്റുകൾ വീഴ്ത്തി. തുടർച്ചയായി 145 കിലോമീറ്ററിലധികം വേഗതയിൽ പന്തെറിഞ്ഞ റസവുല്ല രാജ്യാന്തര തലത്തിൽ ശ്രദ്ധ നേടുകയും ചെയ്തു. മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ നാസർ ഹുസൈൻ യുവതാരത്തെ പ്രശംസിച്ചു: “റസവുല്ലയുടെ സ്പെൽ ഞാൻ നന്നായി ആസ്വദിച്ചു. അദ്ദേഹത്തിന്റെ പ്രകടനം പാക്കിസ്ഥാന് വേറിട്ടൊരു കരുത്ത് നൽകി. അത് ജോ റൂട്ട് ഉൾപ്പടെയുള്ള ഇംഗ്ലിഷ് ബാറ്റർമാരെ പ്രതിരോധത്തിലാക്കി,” അദ്ദേഹം പറഞ്ഞു.

പാക്കിസ്ഥാനിൽ പന്തേറു പ്രതിഭകൾക്ക് കുറവില്ലെങ്കിലും സിലക്ടർമാരുടെ നിലപാടാണ് പ്രശ്നമെന്ന് മുൻ ഇംഗ്ലണ്ട് താരം സ്റ്റുവർട്ട് ബ്രോഡ് ചൂണ്ടിക്കാട്ടി. “റസവുല്ലയെ കാണുമ്പോഴാണ് പാക്കിസ്ഥാനിൽ പ്രതിഭകളുടെ കുറവില്ലെന്ന് മനസ്സിലാകുന്നത്. പാക്കിസ്ഥാൻ സൂപ്പർ ലീഗ് ഫാസ്റ്റ് ബോളിങ്ങിന് പേരുകേട്ടതാണ്. എന്നാൽ സിലക്ടർമാർ കൂടുതൽ യാഥാസ്ഥിതികരാകുന്നതാണ് പ്രശ്നം. അവർ ശരിയായ കളിക്കാരെ തിരഞ്ഞെടുക്കാൻ മടിക്കുന്നു,” ബ്രോഡ് വ്യക്തമാക്കി.