Sports

ഹർമൻപ്രീത് കൗറിന്റെ ‘അവിശ്വസനീയ ക്യാച്ച്’! കായികലോകത്തെ ഞെട്ടിച്ച ആ വീഡിയോയ്ക്ക് പിന്നിലെ സത്യമെന്ത്?

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെ ഒരു താരം ഓടിയെത്തി മറഞ്ഞുമറിഞ്ഞ് (somersault) അവിശ്വസനീയമായ ഒരു ക്യാച്ച് എടുക്കുന്ന വീഡിയോ വ്യാഴാഴ്ച സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തരംഗമായിരുന്നു. ഹർമൻപ്രീത് കൗറിന്റെ ക്യാച്ച് എന്ന പേരിലാണ് പലരും ഇത് പങ്കുവെച്ചത്. എന്നാൽ ഇത് വ്യാജമായി എഐ (AI) ഉപയോഗിച്ച് നിർമ്മിച്ച വീഡിയോ ആണ്. ഭൂരിഭാഗം ആളുകളും തമാശയ്ക്കാണ് ഇത് പങ്കുവെച്ചതെങ്കിലും, ഇത്തരം വീഡിയോകൾ കാര്യങ്ങൾ കൃത്യമായി അറിയാത്ത ആരാധകരെ തെറ്റിദ്ധരിപ്പിക്കാൻ ഇടയാക്കും.

അടുത്ത കാലത്തായി വലിയ ആശങ്കയുയർത്തുന്ന ഒന്നായി ഡീപ്പ്‌ഫേക്ക് സാങ്കേതികവിദ്യ മാറിയിട്ടുണ്ട്. പ്രത്യേകിച്ചും പ്രമുഖ വ്യക്തികളാണ് ഇതിന്റെ പ്രധാന ഇരകൾ. വ്യക്തികളുടെ മുഖവും ശബ്ദവും കൃത്രിമമായി ഉപയോഗിച്ച് എഐ സാങ്കേതികവിദ്യയിലൂടെ നിർമ്മിക്കുന്ന, എന്നാൽ ഒറ്റനോട്ടത്തിൽ സത്യമെന്ന് തോന്നിക്കുന്ന വ്യാജ വീഡിയോകളും ഓഡിയോകളുമാണ് ഡീപ്പ്‌ഫേക്കുകൾ.

മറ്റുള്ളവരുടെ പ്രശസ്തി തകർക്കാനും വ്യക്തിഗത സുരക്ഷയെ ബാധിക്കാനും ലക്ഷ്യമിട്ടാണ് പലപ്പോഴും ഇവ നിർമ്മിക്കുന്നത്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനും ആളുകളെ അപകീർത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും ഇത്തരം വ്യാജ വീഡിയോകൾ ഉപയോഗിക്കാം. സാങ്കേതികവിദ്യയുടെ വളർച്ചയോടെ, യഥാർത്ഥ ഏതാണ് വ്യാജം ഏതാണെന്ന് തിരിച്ചറിയാൻ പൊതുജനങ്ങൾക്കും അധികൃതർക്കും ഒരുപോലെ പ്രയാസമായി മാറിയിരിക്കുകയാണ്.

ഡീപ്പ്‌ഫേക്കുകളിൽ നിന്ന് നിങ്ങളുടെ വിവരങ്ങളെ എങ്ങനെ സംരക്ഷിക്കാം?

ഡീപ്പ്‌ഫേക്കുകളിൽ നിന്ന് 100 ശതമാനം പൂർണ്ണമായ സംരക്ഷണം ഉറപ്പുനൽകാൻ കഴിയില്ലെങ്കിലും, നിങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ദുരുപയോഗം ചെയ്യുന്നത് തടയാൻ ചില മുൻകരുതലുകൾ എടുക്കാം.

സ്വകാര്യ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിലോ മറ്റ് പൊതു പ്ലാറ്റ്‌ഫോമുകളിലോ പങ്കുവെക്കുന്നത് പരമാവധി ഒഴിവാക്കുക. പങ്കുവെക്കേണ്ടി വന്നാൽ അക്കൗണ്ടിന്റെ പ്രൈവസി സെറ്റിംഗ്സ് ഏറ്റവും ഉയർന്ന സുരക്ഷയിൽ സൂക്ഷിക്കുക.

ശക്തമായ രഹസ്യവാക്കുകൾ (Passwords) ഉപയോഗിച്ച് സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ സുരക്ഷ ഉറപ്പാക്കുക. ഇത് ഹാക്കർമാർ നിങ്ങളുടെ ചിത്രങ്ങളോ വീഡിയോകളോ കൈക്കലാക്കുന്നത് തടയും.

കമ്പ്യൂട്ടറുകളിലും ഫോണുകളിലും നല്ലൊരു ആന്റിവൈറസ് സോഫ്റ്റ്‌വെയർ ഉപയോഗിക്കുക. വിവരങ്ങൾ ചോർത്തുന്ന മാൽവെയറുകളെ തടയാൻ ഇത് സഹായിക്കും.

ഡീപ്പ്‌ഫേക്ക് ഉള്ളടക്കങ്ങളുടെ ചില പൊതുവായ ലക്ഷണങ്ങൾ മനസ്സിലാക്കുക. ഒരു വീഡിയോയോ ചിത്രമോ അമിതമായി പെർഫെക്റ്റ് ആണെന്നോ അതല്ലെങ്കിൽ സ്വാഭാവികമല്ലെന്നോ തോന്നിയാൽ അത് വിശ്വസിക്കാനോ ഷെയർ ചെയ്യാനോ നിൽക്കരുത്.

നിങ്ങളുടെ ചിത്രങ്ങളിലും വീഡിയോകളിലും വാട്ടർമാർക്കുകൾ (Watermarks) ചേർക്കുന്നത് മറ്റുള്ളവർ അത് ദുരുപയോഗം ചെയ്യുന്നത് ഒരു പരിധി വരെ തടയും.

ഡിജിറ്റൽ ഫയലുകളിൽ ഉടമസ്ഥാവകാശം, നിർമ്മിച്ച തീയതി എന്നിവ വ്യക്തമാക്കുന്ന മെറ്റാഡാറ്റ (Metadata) ശരിയാണെന്ന് ഉറപ്പാക്കുക. ഭാവിയിൽ ചിത്രങ്ങൾ ദുരുപയോഗം ചെയ്യപ്പെട്ടാൽ ഉടമസ്ഥാവകാശം തെളിയിക്കാൻ ഇത് സഹായിക്കും.