ഒരു പല്ലെടുക്കാൻ രണ്ടു ലക്ഷം രൂപയെന്ന വാർത്ത കേട്ട് ഞെട്ടി സോഷ്യൽ മീഡിയ. അമേരിക്കയിൽ നിന്നുള്ള നിതിൻ മൽഹോത്രയുടെ ഇൻസ്റ്റാഗ്രാം റീൽ കണ്ടപ്പോഴാണ് ഈ അമ്പരപ്പ്. അമേരിക്കയിലെ അതിരൂക്ഷമായ ഉയർന്ന ചികിത്സാച്ചെലവിനെക്കുറിച്ച് വലിയ ചർച്ചകൾക്കാണ് ഈ വീഡിയോ വഴിതെളിച്ചിരിക്കുന്നത്. ദന്തചികിത്സയ്ക്കായി അവിടെ ചെലവഴിക്കേണ്ടിവരുന്ന വൻതുകയാണ് ഈ സംഭവം വ്യക്തമാക്കുന്നത്.
പല്ലുവേദനയെ തുടർന്ന് ചികിത്സയ്ക്കായി ക്ലിനിക്കിലെത്തിയ നിതിൻ മൽഹോത്രയോട് ഒരു പല്ല് എടുത്തുമാറ്റുന്നതിനും തുടർന്നുള്ള ചികിത്സയ്ക്കുമായി ആവശ്യപ്പെട്ടത് 8000 ഡോളറായിരുന്നു, അതായത് ഏകദേശം ഏഴു ലക്ഷം രൂപ. ഇൻഷുറൻസ് ആനുകൂല്യം കിഴിച്ചതിനു ശേഷവും 2500 ഡോളർ (ഏകദേശം 2.37 ലക്ഷം രൂപ) അടയ്ക്കാനാണ് ക്ലിനിക്ക് അധികൃതർ നിതിനോട് ആവശ്യപ്പെട്ടത്.
ഇന്ത്യയിൽ വെറും 15,000 മുതൽ 20,000 രൂപ വരെ മാത്രം ചെലവ് വരുന്ന ചികിത്സയ്ക്കാണ് അവിടെ ഇത്രയും ഭീമമായ തുക നൽകേണ്ടിവരുന്നത്. ഇതിനുപുറമെ എക്സ്റേ എടുക്കുന്നതിന് മാത്രം വേറെയും നൽകേണ്ടിവന്നു ഏകദേശം 17,000 രൂപ. ഈ തുകയുണ്ടെങ്കിൽ സ്വന്തം നാട്ടിൽ പോയി പല്ലെടുത്ത് ആവശ്യമായ എല്ലാ ചികിത്സകളും പൂർത്തിയാക്കി സുഖമായി തിരികെ വരാമല്ലോ എന്നാണ് അദ്ദേഹം വീഡിയോയിലൂടെ ചോദിക്കുന്നത്.
അമേരിക്കയിൽ ജീവിക്കുന്ന പ്രവാസികൾ നേരിടുന്ന അടിയന്തര ചികിത്സാച്ചെലവുകളുടെ യാഥാർഥ്യം തുറന്നുകാട്ടുന്ന ഒന്നാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോ. ഇന്ത്യയിലെയും വിദേശത്തെയും ആരോഗ്യരംഗത്തെ ചികിത്സാച്ചെലവുകളിലെ വലിയ വ്യത്യാസത്തെക്കുറിച്ച് അനുകൂലിച്ചും തങ്ങളുടെ സ്വന്തം അനുഭവങ്ങൾ പങ്കുവച്ചും നിരവധി പ്രവാസികളാണ് പ്രതികരണവുമായി എത്തുന്നത്.




