Featured Health

ഹെർബൽ ഡിടോക്സ് ഡ്രിങ്കുകൾ വൃക്കകളെ തകർക്കുമോ? മുന്നറിയിപ്പുമായി ഡോക്ടർമാർ!

രാവിലെ കുടിക്കുന്ന “ഡിറ്റോക്സ്” പാനീയങ്ങളും ഹെർബൽ ജ്യൂസുകളും ശരീരത്തിലെ വിഷാംശം പുറന്തള്ളാനും ചർമ്മം തിളങ്ങാനും തടി കുറയ്ക്കാനും സഹായിക്കുമെന്നാണ് പരക്കെ കരുതപ്പെടുന്നത്. ഹാനികരമല്ലെന്ന് തോന്നിക്കുന്ന ഇത്തരം ശീലങ്ങൾ യഥാർത്ഥത്തിൽ നിങ്ങളുടെ വൃക്കകൾ ഉൾപ്പെടെയുള്ള അവയവങ്ങളെ അമിതമായി ജോലി ചെയ്യിക്കുകയാണ് ചെയ്യുന്നത്. ഹെർബൽ ഡിറ്റോക്സ് പാനീയങ്ങൾ വൃക്കകളുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നുവെന്നതിനെക്കുറിച്ച് മെഡിക്കൽ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.

ആരോഗ്യമുള്ള ഒരു മനുഷ്യശരീരത്തിൽ വിഷാംശങ്ങൾ പുറന്തള്ളാൻ അതിന്റേതായ സ്വാഭാവിക സംവിധാനമുണ്ട്. മരുന്നുകളും കെമിക്കലുകളും ശരീരത്തിലെ മാലിന്യങ്ങളും സംസ്കരിക്കുന്ന പ്രധാന കേന്ദ്രമായി കരൾ പ്രവർത്തിക്കുമ്പോൾ, വൃക്കകൾ ദിവസവും 120 മുതൽ 150 ക്വാർട്ട് വരെ രക്തം ശുദ്ധീകരിച്ച് മൂത്രത്തിലൂടെ മാലിന്യങ്ങൾ പുറന്തള്ളുന്നു. അതിനാൽ ഇത്തരം അവയവങ്ങളെ “വൃത്തിയാക്കാൻ” പ്രത്യേക ഡിറ്റോക്സ് പാനീയങ്ങളുടെ ആവശ്യമില്ല.

നിങ്ങള്‍ക്ക് ആരോഗ്യമുള്ള വൃക്കകളുണ്ടെങ്കിൽ വിഷാംശം കളയാൻ പുറത്തുനിന്നുള്ള ഹെർബൽ കൂട്ടുകളുടെ ആവശ്യമില്ലെന്ന് നാഷണൽ കിഡ്നി ഫൗണ്ടേഷൻ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ജോസഫ് വാസലോട്ടി വ്യക്തമാക്കുന്നു.

സാധാരണ പുതിനയിലയോ ചമോമൈലോ ഇട്ടുവെച്ച വെള്ളം കുടിക്കുന്നത് കുഴപ്പമില്ലെങ്കിലും, ഉയർന്ന ശേഷിയുള്ള ഹെർബൽ ഡിറ്റോക്സ് മിശ്രിതങ്ങൾ ആരോഗ്യത്തിന് വലിയ ഭീഷണിയാണ്.

കാട്ടുപൂച്ചെടികളുടെ വേരുകൾ (Dandelion) തുടങ്ങിയവ അടങ്ങിയ ഡിറ്റോക്സ് പാനീയങ്ങൾ ശരീരത്തിലെ വെള്ളം വേഗത്തിൽ പുറന്തള്ളുന്നു. ഇത് കൊഴുപ്പ് കുറയുന്നതിന് പകരം ശരീരത്തിൽ പെട്ടെന്ന് നിർജ്ജലീകരണത്തിന് (Dehydration) കാരണമാകുകയും വൃക്കകളുടെ പ്രവർത്തനത്തെ നേരിട്ട് ബാധിക്കുകയും ചെയ്യുന്നു. ചീര, ബീറ്റ്‌റൂട്ട്, ചില ടീ എക്സ്ട്രാക്ടുകൾ എന്നിവ അടങ്ങിയ ഗ്രീൻ ജ്യൂസുകളിൽ ഓക്സലേറ്റിന്റെ (Oxalate) അളവ് കൂടുതലാണ്. ഇത് മൂത്രനാളിയിലെ കാൽസ്യവുമായി ചേർന്ന് വൃക്കയിൽ കല്ലുകൾ രൂപപ്പെടാനോ വൃക്ക തകരാറിലാകാനോ സാധ്യതയുണ്ടാക്കുന്നു.

ഡിറ്റോക്സ് ചായകളിൽ അടങ്ങിയിരിക്കുന്ന ചില ചേരുവകൾ വയറിളക്കത്തിനും പൊട്ടാസ്യം, സോഡിയം തുടങ്ങിയ അവശ്യ ധാതുക്കളുടെ നഷ്ടത്തിനും കാരണമാകുന്നു. ഇത് വൃക്കകളുടെ രക്തസമ്മർദ്ദം നിയന്ത്രിക്കാനുള്ള ശേഷിയെ ബാധിക്കും. കൂടാതെ, കൃത്യമായ നിരീക്ഷണങ്ങളില്ലാതെ വിപണിയിലെത്തുന്ന ഇത്തരം സപ്ലിമെന്റുകളിലെ ചേരുവകൾ രക്തസമ്മർദ്ദം വർദ്ധിപ്പിക്കാനും സാധ്യതയുണ്ട്.

നേരത്തെ തന്നെ വൃക്കരോഗമുള്ളവർ, ബിപി അല്ലെങ്കിൽ പ്രമേഹത്തിന് സ്ഥിരമായി മരുന്ന് കഴിക്കുന്നവർ, പ്രായമായവർ എന്നിവർ ഇത്തരം ഡിറ്റോക്സ് പാനീയങ്ങൾ ഉപയോഗിക്കുന്നത് അതീവ അപകടകരമാണ്.

വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാൻ ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുക, ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കുറയ്ക്കുക, ഡോക്ടറുടെ നിർദ്ദേശമില്ലാതെ വേദനസംഹാരികൾ (NSAIDs) അമിതമായി ഉപയോഗിക്കാതിരിക്കുക, പോഷകസമ്പന്നമായ സമീകൃതാഹാരം കഴിക്കുക എന്നിവയാണ് അപ്പോളോ ആശുപത്രിയിലെ കൺസൾട്ടന്റായ ഡോ. ജാതിൻ അഹൂജ നിർദ്ദേശിക്കുന്നത്.

നിങ്ങളുടെ വൃക്കകൾ തന്നെയാണ് ശരീരത്തിലെ ഏറ്റവും വലിയ ഡിറ്റോക്സ് സംവിധാനം. അതിനാൽ ഇത്തരം പാക്കറ്റ് പാനീയങ്ങൾക്ക് പിന്നാലെ പോകാതെ, ഉയർന്ന ശേഷിയുള്ള ഹെർബൽ സപ്ലിമെന്റുകൾ ഉപയോഗിക്കുന്നതിന് മുൻപ് ഒരു ഡോക്ടറുടെ ഉപദേശം തേടേണ്ടത് അത്യന്താപേക്ഷിതമാണ്.