Oddly News

‘അമേരിക്കയില്‍ മോഷണമില്ലെന്ന് ആരാ പറഞ്ഞേ?’: കാറിന്റെ 4 ടയറുകളും മോഷ്ടിക്കപ്പെട്ടെന്ന് ഇന്ത്യൻ യുവതി, കള്ളന്റെ മുന്നറിയിപ്പ് കത്തും!

അമേരിക്കയിൽ താമസിക്കുന്ന ഒരു ഇന്ത്യൻ വനിത, അവിടുത്തെ ഒരു റെസിഡൻഷ്യൽ പാർക്കിംഗ് മേഖലയിൽ തന്റെ സഹോദരന്റെ കാറിന്റെ നാല് വീലുകളും രാത്രിക്ക് രാവും മോഷണം പോയ വിവരം പങ്കുവെച്ചതോടെ സംഭവം സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്.

രാവിലെ ഉണർന്നു നോക്കിയപ്പോഴാണ് വാഹനത്തിന്റെ നാല് ചക്രങ്ങളും മോഷണം പോയതായി സഹോദരൻ കണ്ടെത്തിയത്. എന്നാൽ ഇതിനേക്കാൾ ആളുകളെ അത്ഭുതപ്പെടുത്തിയത് മോഷണം നടത്തിയവർ അവിടെ ഉപേക്ഷിച്ചു പോയ ഒരു കുറിപ്പാണ്. “കഴിഞ്ഞ വാരാന്ത്യത്തിൽ ക്രിസ്റ്റൽ ഹൗസ് പ്രോപ്പർട്ടിയിൽ കുറഞ്ഞത് 3 കാറുകളെങ്കിലും നശിപ്പിക്കപ്പെട്ടു. ഈ വാരാന്ത്യത്തിൽ കുറഞ്ഞത് 3 കാറുകളുടെ വീലുകൾ മോഷണം പോയി. പാർക്കിംഗ് സ്ഥലങ്ങളിലെ കുറ്റകൃത്യങ്ങളെക്കുറിച്ച് ക്രിസ്റ്റൽ ഹൗസ് മാനേജ്‌മെന്റ് ഗൗരവമായി ചിന്തിക്കാതെ ഇത് തടയാനാവില്ല. ഇക്കാര്യം അവരെ അറിയിക്കുക” എന്നായിരുന്നു കുറിപ്പിൽ ഉണ്ടായിരുന്നത്.

ക്രിസ്റ്റൽ ഹൗസ് എന്ന സ്ഥലത്താണ് സംഭവം നടന്നതെന്ന് സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നുണ്ടെങ്കിലും, ഇത് എവിടെയാണെന്ന് സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ല. വിർജീനിയയിലെ ആർലിംഗ്ടണിൽ ‘ക്രിസ്റ്റൽ ഹൗസ്’ എന്ന പേരിൽ ഒരു റെസിഡൻഷ്യൽ കോംപ്ലക്സ് നിലവിലുണ്ടെങ്കിലും സംഭവം നടന്നത് അവിടെത്തന്നെയാണോ എന്നതിൽ വ്യക്തതയില്ല. കൂടാതെ ഇത് സംബന്ധിച്ച് പോലീസിന്റെ ഔദ്യോഗിക റിപ്പോർട്ടുകളോ വിശദീകരണങ്ങളോ ലഭ്യമാകാത്തതിനാൽ പ്രചരിക്കുന്ന വിവരങ്ങൾ പൂർണ്ണമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

ഈ വാർത്ത പുറത്തുവന്നതോടെ നിരവധിപ്പേരാണ് സോഷ്യൽ മീഡിയയിൽ പ്രതികരണങ്ങളുമായി എത്തിയത്. അമേരിക്കയിൽ കുറ്റകൃത്യങ്ങൾ വർദ്ധിച്ചു വരികയാണെന്ന് ചിലർ അഭിപ്രായപ്പെട്ടപ്പോൾ, ഇംഗ്ലീഷിൽ പ്രിന്റ് ചെയ്ത കുറിപ്പ് വെച്ചുപോയ കള്ളന്മാരുടെ ‘ഉപദേശത്തെ’ പരിഹസിച്ചായിരുന്നു മറ്റു ചിലരുടെ കമന്റുകൾ. നീണ്ട ഒരു ദിവസത്തെ ജോലിക്ക് ശേഷം പുറത്തുവരുമ്പോൾ കാറിന്റെ ടയറുകൾ മുഴുവൻ നഷ്ടപ്പെട്ടതായി കാണുന്ന അവസ്ഥ ദാരുണമാണെന്നും ചിലർ കുറിച്ചു.