Crime Featured

നിരീക്ഷിക്കാന്‍ CCTV, നൈറ്റ് പാർട്ടിക്ക് പോകുന്നതില്‍ വിലക്ക്; അമ്മായിയപ്പനെ കൊല്ലാൻ ക്വട്ടേഷൻ നൽകി മരുമകൾ- ‘കാരണവര്‍ മോഡല്‍’ കൊല

ഉത്തർപ്രദേശിലെ കാൺപൂരിൽ വ്യാപാരിയെ കൊലപ്പെടുത്താൻ മരുമകൾ ക്വട്ടേഷൻ നൽകി. കാണ്‍പൂർ സ്വദേശിയായ മരുന്ന് വ്യാപാരി വിനീത് മിനോച്ച (63) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ മരുമകൾ ഷാലുവിനെയും കൊലപാതകം നടത്തിയ പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് വിനീതിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ വീട്ടിലെ മുൻ ജീവനക്കാരനായ വിശാൽ, ഇയാളുടെ കൂട്ടാളി രാജ് കിഷോർ എന്നിവരാണ് കൊലപാതകത്തിന് പിന്നിലെന്ന് വ്യക്തമായി. ഞായറാഴ്ച വൈകിട്ടോടെ കസ്റ്റഡിയിലായ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് വിനീതിന്റെ മരുമകൾ ഷാലുവിന്റെ (36) നിർദേശപ്രകാരമാണ് കൃത്യം നടത്തിയതെന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്.

തുടർന്ന് ഷാലുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ ഇവർ കുറ്റം സമ്മതിച്ചു. ഭർതൃപിതാവ് സിസിടിവി വഴി തന്നെ നിരന്തരം നിരീക്ഷിച്ചിരുന്നതായും രാത്രി വൈകിയുള്ള പാർട്ടികളിൽ പങ്കെടുക്കുന്നതിനെയും വീട്ടിൽ വൈകിയെത്തുന്നതിനെയും എതിർത്തിരുന്നതായും ഷാലു പൊലീസിനോട് പറഞ്ഞു. സമ്പന്ന കുടുംബമായിരുന്നിട്ടും സാമ്പത്തിക സ്വാതന്ത്ര്യമില്ലാത്തതും ഭർത്താവിനും തനിക്കും ആവശ്യമായ പണത്തിനായി ഭർതൃപിതാവിനെ ആശ്രയിക്കേണ്ടി വന്നതും ഇവരെ ചൊടിപ്പിച്ചിരുന്നു.

ജൂലൈ 28-ന് രാത്രി വൈകിയെത്തിയതിന് ഭർതൃപിതാവ് വഴക്കുപറഞ്ഞതോടെയാണ് ഇയാളെ വകവരുത്താൻ യുവതി തീരുമാനിച്ചത്. ഇതിനായി മുൻ ജീവനക്കാരനായ വിശാലിന് ആറ് ലക്ഷം രൂപ വാഗ്ദാനം ചെയ്യുകയും സെപ്റ്റംബർ 6-ന് രണ്ട് ലക്ഷം രൂപ മുൻകൂറായി നൽകുകയും ചെയ്തു.

ഫ്ലാറ്റിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോൽ നിർമിച്ച് നൽകിയാണ് ഷാലു പ്രതികളെ വീട്ടിനുള്ളിൽ പ്രവേശിപ്പിച്ചത്. കൊലപാതകം നടക്കുന്ന സമയത്ത് ഷാലു ഭർത്താവിനും മകൾക്കുമൊപ്പം പുറത്തുപോയിരുന്നു. ശ്വാസം മുട്ടിച്ച് കൊല്ലാനായിരുന്നു ആദ്യ പദ്ധതിയെങ്കിലും അത് സാധിക്കാതെ വന്നതോടെ കത്തി ഉപയോഗിച്ച് 26 തവണ കുത്തിപ്പരിക്കേൽപ്പിച്ചാണ് വിനീതിനെ കൊലപ്പെടുത്തിയതെന്ന് പ്രതികൾ സമ്മതിച്ചു.