ദുബായിൽ നടന്ന വനിതാ ഏഷ്യാ കപ്പിൽ ഹോങ്കോങ്ങിനെതിരെ 72 റൺസിന്റെ ജയം നേടി പാക്കിസ്ഥാൻ സെമി ഫൈനലിൽ പ്രവേശിച്ചു. ഈ വിജയത്തിനു ശേഷം ദുബായ് സ്റ്റേഡിയത്തിൽ ഗാലറിക്കരികിലെത്തി ആരാധകർക്ക് നന്ദി പറഞ്ഞ പരിശീലകൻ വഹാബ് റിയാസിനോടാണ് ഒരു പാക്ക് ആരാധകൻ വിചിത്രമായ അഭ്യർത്ഥന നടത്തിയത്. ഏഷ്യാ കപ്പ് ട്രോഫി കിട്ടിയില്ലെങ്കിലും കുഴപ്പമില്ലെന്നും ഇന്ത്യയെ തോൽപ്പിക്കുന്നത് കണ്ടാൽ മാത്രം മതിയെന്നുമായിരുന്നു ആരാധകന്റെ ആവശ്യം.
‘‘വഹാബ് സാർ, ഇന്ത്യയെ സൂക്ഷിക്കണം, ഞങ്ങൾക്ക് അവരെ തോൽപിക്കണം. പാക്കിസ്ഥാന് ട്രോഫിയൊന്നും വേണ്ട, ഇന്ത്യയെ തോൽപ്പിച്ചാൽ മാത്രം മതി. അവരെ ഒരു കാരണവശാലും വെറുതെ വിടരുത്’’ എന്ന് ആരാധകൻ വിഡിയോയിൽ പറയുന്നത് കേൾക്കാം. ഗ്രൂപ്പ് ഘട്ടത്തിലെ മത്സരത്തിൽ പാക്കിസ്ഥാനെതിരെ ഇന്ത്യ ഏഴ് വിക്കറ്റിന്റെ മികച്ച ജയം നേടിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ വെറും 55 റൺസിന് ഓൾഔട്ടായപ്പോൾ, മറുപടിയിറങ്ങിയ ഇന്ത്യ 8.4 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു.
ഗ്രൂപ്പ് എയിൽ ഒന്നാമന്മാരായാണ് ഇന്ത്യ സെമി ഫൈനലിലേക്ക് മുന്നേറിയത്. എന്നാൽ ഹോങ്കോങ്ങിനെ തോൽപ്പിച്ച പാക്കിസ്ഥാൻ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായാണ് സെമിയിലെത്തിയത്. ഇനിയൊരു ഇന്ത്യ-പാക്കിസ്ഥാൻ പോരാട്ടത്തിന് അവസരമൊരുങ്ങണമെങ്കിൽ പാക്കിസ്ഥാൻ ഫൈനലിൽ എത്തേണ്ടതുണ്ട്. സെമി ഫൈനലിൽ ശ്രീലങ്കയാണ് പാക്കിസ്ഥാന്റെ എതിരാളികൾ.




