Featured Myth and Reality

ചോരക്കറ പുരണ്ട ഐതിഹ്യമുള്ള കോട്ട; മാർക്ക് സക്കർബർഗിന്റെ 440 ഏക്കർ കൊട്ടാരത്തെപ്പറ്റി അറിയാം, ക്രൂരമായ കൊലപാതക കഥ!

മെറ്റാ സി.ഇ.ഒ മാർക്ക് സക്കർബർഗ് അയർലൻഡിലെ 440 ഏക്കറിൽ പരന്നുകിടക്കുന്ന ഒരു ചരിത്രപ്രസിദ്ധമായ കോട്ട സ്വന്തമാക്കി. മൈക്കൽ-ജിയാൻകാർല അലെൻ-ബക്ലി ദമ്പതികളിൽ നിന്നാണ് സക്കർബർഗ് സ്‌ട്രാൻകല്ലി കോട്ട (Strancally Castle) വാങ്ങിയത്. ഏകദേശം 20 ദശലക്ഷം മുതൽ 30 ദശലക്ഷം യൂറോ വരെയാണ് ഈ കരാറിന്റെ മൂല്യം പ്രതീക്ഷിക്കുന്നത്.

മുൻ ടോറി എം.പി ജോൺ കെയ്‌ലിക്ക് വേണ്ടി 1827-നും 1830-നും ഇടയിലാണ് ഈ ഗാംഭീര്യമുള്ള കോട്ട നിർമ്മിച്ചത്. ഒരു കഥാപുസ്തകത്തിലെന്ന പോലെ തോന്നിപ്പിക്കുന്ന ഈ കൂറ്റൻ മന്ദിരത്തിന് ഭയപ്പെടുത്തുന്ന ഒരു കറുത്ത ഭൂതകാലം കൂടിയുണ്ട്. ആളുകളെ ചതിയിൽപ്പെടുത്തി കൊലപ്പെടുത്താൻ ഉപയോഗിച്ചിരുന്ന ഒരു സംവിധാനം മുൻപ് ഈ കോട്ട നിലനിന്നിരുന്ന സ്ഥലത്തുണ്ടായിരുന്നു എന്നൊരു ഭീകരമായ കഥ ഇതിനോട് ചേർന്നുനിൽക്കുന്നുണ്ട്.

വില്യം ഹോവിറ്റ് എന്ന എഴുത്തുകാരൻ 1847-ൽ പ്രസിദ്ധീകരിച്ച തന്റെ പുസ്തകത്തിൽ ഈ പ്രദേശത്തെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. ബ്ലാക്ക്‌വാട്ടർ നദിയുടെ ആഴമേറിയ ഭാഗത്തേക്ക് അഭിമുഖമായി നിൽക്കുന്ന കുത്തനെയുള്ള പാറക്കെട്ടിന് മുകളിലാണ് ഈ കോട്ടയുടെ പഴയ അവശിഷ്ടങ്ങൾ ഉണ്ടായിരുന്നത്. കോട്ടയോട് ചേർന്ന് മനുഷ്യരെ കൊല്ലാൻ ഉപയോഗിച്ചിരുന്ന ഒരു കിണർ പോലെയുള്ള സംവിധാനമുണ്ടായിരുന്നു. കോട്ടയ്ക്കുള്ളിലേക്ക് വഞ്ചിച്ചുകൊണ്ടുവരുന്ന ആളുകളെ കയ്യും കാലും കെട്ടി ഈ കൊലപാതകക്കിണറ്റിലേക്ക് തള്ളിയിടുകയായിരുന്നു പതിവ്. വേഗത്തിലൊഴുകുന്ന നദി അവരുടെ നിലവിളികളെ ഇല്ലാതാക്കുകയും ചെയ്തുവെന്നാണ് പറയപ്പെടുന്നത്. എന്നാൽ ഈ കഥ പൂർണ്ണമായി വിശ്വസിക്കാതിരുന്ന ഹോവിറ്റ്, ഇത് വെറുമൊരു പ്രാദേശിക ഐതിഹ്യം മാത്രമായിരിക്കാം എന്നാണ് കരുതുന്നത്.

ജെയിംസ്, ജോർജ്ജ് റിച്ചാർഡ് പെയ്ൻ എന്നീ വാസ്തുശില്പികളാണ് ഇന്നത്തെ സ്‌ട്രാൻകല്ലി കോട്ട രൂപകല്പന ചെയ്തത്. ലണ്ടൻ ആസ്ഥാനമായുള്ള ഇൻവെസ്റ്റ്‌മെന്റ് ഫേം ആരംഭിക്കാൻ സഹായിച്ച മൈക്കൽ അലെൻ ബക്ലിയും ഭാര്യയും ചേർന്ന് 25 വർഷം മുൻപാണ് ഈ കോട്ട വാങ്ങിയത്.

ഡബ്ലിനിൽ നിന്ന് ഏകദേശം 150 കിലോമീറ്റർ തെക്കുപടിഞ്ഞാറായി കൗണ്ടി വാട്ടർഫോർഡിലാണ് മൂന്ന് നിലകളുള്ള ഈ ഗോഥിക് ശൈലിയിലുള്ള മന്ദിരം സ്ഥിതി ചെയ്യുന്നത്. 11 കിടപ്പുമുറികൾ, മാർബിൾ ഫയർപ്ലേസ്, പ്രത്യേകതരം ഗോവണി എന്നിവ ഈ കോട്ടയിലുണ്ട്. വിസ്തൃതമായ ഇടനാഴികളും ഭംഗിയുള്ള ജനലുകളും ഇതിന് ഒരു രാജകീയ പ്രൗഢി നൽകുന്നു. ബ്ലാക്ക്‌വാട്ടർ നദിയുടെ വളവിൽ ഉയർന്ന പ്രദേശത്ത സ്ഥിതി ചെയ്യുന്ന ഈ കോട്ടയ്ക്ക് ചുറ്റും പച്ചപ്പുനിറഞ്ഞ പുൽത്തകിടികളും ഇടതൂർന്ന മരങ്ങളുമുണ്ട്.

25 വർഷത്തെ ഓർമ്മകളോടെയാണ് തങ്ങൾ ഈ വീട് വിടറങ്ങുന്നതെന്നും, ചരിത്രപ്രസിദ്ധമായ ഈ കോട്ട സംരക്ഷിക്കാൻ തങ്ങൾക്ക് അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും അലെൻ ബക്ലിയുടെ കുടുംബ വക്താവ് ഐറിഷ് ടൈംസിനോട് പറഞ്ഞു. സക്കർബർഗും കുടുംബവും ഈ കോട്ടയുടെ ഭംഗിയും പരിസ്ഥിതിയും അതുപോലെ നിലനിർത്തിക്കൊണ്ട് തങ്ങളുടെ വസതിയായി സംരക്ഷിക്കുമെന്ന് കരുതുന്നതായും അവർ കൂട്ടിച്ചേർത്തു.

സക്കർബർഗും ഭാര്യയും അമേരിക്കയിലെ സ്വന്തം വീട്ടിൽ തന്നെയായിരിക്കും ഭൂരിഭാഗം സമയവും താമസിക്കുക. മെറ്റായുടെ യൂറോപ്യൻ ആസ്ഥാനം സ്ഥിതി ചെയ്യുന്ന അയർലൻഡ് സന്ദർശിക്കുന്ന സമയങ്ങളിൽ താമസിക്കാനാണ് അവർ സ്‌ട്രാൻകല്ലി കോട്ട ഉപയോഗിക്കാൻ പദ്ധതിയിടുന്നത്.