ഗുരുഗ്രാമിലെ റെസ്റ്റോറന്റിൽ സലാഡിൽ വിര, ഗ്രേറ്റർ നോയിഡയിലെ കെ.എഫ്.സിയിൽ ചിക്കനിൽ പുഴു, മുംബൈയിൽ പേസ്ട്രി ട്രേയിൽ പാറ്റകൾ—ഇതിന് പിന്നാലെ ഇന്ത്യയിലെ ശുചിത്വമില്ലായ്മയുടെയും ഭക്ഷ്യസുരക്ഷാ വീഴ്ചകളുടെയും നീണ്ട പട്ടികയിലേക്ക് പൂനെയിലെ ഒരു ഹോട്ടൽ കൂടി ചേർന്നിരിക്കുകയാണ്.
പൂനെയിലെ ഒരു ഹോട്ടലിൽ നിന്ന് ലഭിച്ച റൊട്ടിക്കുള്ളിൽ ‘റബ്ബർ ബാൻഡ്’ കണ്ടതിനെക്കുറിച്ചുള്ള വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. റൊട്ടി മുറിച്ചു നോക്കുമ്പോൾ മാവിനൊപ്പം വെന്തുപോയ മഞ്ഞ നിറത്തിലുള്ള റബ്ബർ ബാൻഡ് കണ്ട് ഉപഭോക്താവ് ഞെട്ടിനിൽക്കുന്നത് വിഡിയോയിൽ കാണാം. വിഡിയോ വൈറലായതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. ഇന്ത്യയിൽ ഇതൊരു “സ്ഥിരം സംഭവമായി” മാറിയെന്ന് പലരും അഭിപ്രായപ്പെട്ടപ്പോൾ, ഹോട്ടലിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മറ്റ് ചിലർ ആവശ്യപ്പെട്ടു. ഭക്ഷ്യസുരക്ഷാ അതോറിറ്റിയെ (FSSAI) ടാഗ് ചെയ്തുകൊണ്ടാണ് പലരും വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
“മുമ്പ് ഹോട്ടൽ ഭക്ഷണത്തിൽ മുടിയും ഈച്ചയുമായിരുന്നു കണ്ടിരുന്നതെങ്കിൽ, ഇപ്പോൾ റബ്ബർ ബാൻഡുകളാണ് ട്രെൻഡ്. പൂനെയിലെ സന്ദീപ് ഹോട്ടൽ ഭാക്രിക്ക് (ഒരുതരം റൊട്ടി) ഉള്ളിൽ റബ്ബർ ബാൻഡ് നൽകുന്നു. പുറത്തുനിന്ന് എന്താണ് കഴിക്കുന്നതെന്ന് ദയവായി ശ്രദ്ധിക്കുക,” എന്ന അടിക്കുറിപ്പോടെ ‘ravindraJourno’ എന്ന എക്സ് (ട്വിറ്റർ) അക്കൗണ്ടിലാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്.
വിഡിയോയ്ക്ക് താഴെ നിരവധി ആളുകൾ രസകരവും രോഷാകുലവുമായ കമന്റുകളുമായി എത്തി. “റബ്ബർ ബാൻഡ് ഉരുകാതിരുന്നത് എന്തുകൊണ്ട്?” എന്ന് ഒരാൾ ചോദിച്ചപ്പോൾ, മാവ് വാങ്ങിയ കവറിലെ റബ്ബർ ബാൻഡ് സൗജന്യമായി ഉപഭോക്താവിന് നൽകിയതാണെന്ന് മറ്റൊരു ഉപയോക്താവ് പരിഹസിച്ചു. ഈ സംഭവത്തിൽ ഹോട്ടൽ അധികൃതർ മറുപടി നൽകേണ്ടതുണ്ടെന്നും ഇത്തരം വീഴ്ചകൾ വച്ചുപൊറുപ്പിക്കരുതെന്നും ജനങ്ങൾ ആവശ്യപ്പെടുന്നു.




