Lifestyle

വീതി വെറും 72 സെന്റീമീറ്റർ മാത്രം! ലോകത്തിലെ ഏറ്റവും വീതി കുറഞ്ഞ വീടിനുള്ളിലേക്ക് ഒരു യാത്ര

ലോകത്തിലെ ഏറ്റവും വീതി കുറഞ്ഞ വീട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന കെറെറ്റ് ഹൗസ്, പോളണ്ടിലെ വാഴ്‌സോയിലുള്ള രണ്ട് കെട്ടിടങ്ങൾക്കിടയിലെ വളരെ ചെറിയൊരു സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ഇതിന്റെ ഏറ്റവും കുറഞ്ഞ വീതി 72 സെന്റീമീറ്ററും (28 ഇഞ്ച്), കൂടിയ വീതി 122 സെന്റീമീറ്ററുമാണ് (48 ഇഞ്ച്). പോളിഷ് ആർക്കിടെക്റ്റായ യാക്കൂബ് സ്സെസ്നി (Jakub Szczęsny) ഡിസൈൻ ചെയ്ത ഈ അപൂർവ്വ നിർമ്മിതി ഒരു ആർട്ട് ഇൻസ്റ്റാളേഷനായും താമസസ്ഥലമായും ഉപയോഗിക്കാം. മുൻപ് ഉപയോഗശൂന്യമായി കിടന്ന ഏകദേശം 150 ചതുരശ്ര അടി സ്ഥലത്താണ് ഇത് പടുതുയർത്തിയത്.

ഓരോ സെന്റീമീറ്റർ സ്ഥലവും പരമാവധി പ്രയോജനപ്പെടുത്തുന്ന രീതിയിലാണ് ഈ വീട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അടുക്കള, ഡൈനിംഗ്-സിറ്റിംഗ് ഏരിയ, ബാത്ത്റൂം, വർക്ക്സ്പേസ്, കിടപ്പുമുറി എന്നിവ വിവിധ തട്ടുകളിലായി ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇന്ത്യൻ ഇൻഫ്ലുവൻസറായ ഋഷഭ് വാധ്വ അടുത്തിടെ ഈ വീട് സന്ദർശിക്കുകയും ഇതിന്റെ വീഡിയോ പങ്കുവെക്കുകയും ചെയ്തിരുന്നു. വീടിന്റെ പ്രധാന പ്രവേശനം വഴിയിൽ നിന്ന് നേരിട്ടല്ല, മറിച്ച് ഒരു ചെറിയ ഇടുങ്ങിയ വഴിയിലൂടെ ഇരുമ്പ് പടികൾ കയറി വേണം അകത്തേക്ക് കടക്കാൻ. തറനിരപ്പിൽ നിന്ന് ഏകദേശം 6.5 അടി ഉയരമുള്ള ഒരു മതിൽ കാരണം തെരുവിൽ നിന്ന് നോക്കിയാൽ പ്രധാന വാതിൽ കാണാൻ കഴിയില്ല.

വീടിനുള്ളിൽ മൂന്ന് തട്ടുകളാണുള്ളത്. താഴത്തെ നിലയിൽ പ്രവേശന കവാടവും, അടുത്ത നിലയിൽ ബാത്ത്റൂം, അടുക്കള, ഇരിപ്പിടം, വർക്ക്സ്പേസ് എന്നിവയുമാണ് ഉള്ളത്. മുകളിലെ നിലയിലെ കിടപ്പുമുറിയിലേക്ക് കയറാൻ ഒരു ഗോവണിയുണ്ട്. ഇത്രയും ചെറിയ സ്ഥലമായിരുന്നിട്ടും ഷവർ, ടോയ്‌ലറ്റ്, കണ്ണാടി, സ്റ്റോറേജ് സൗകര്യം, പഠനമുറി എന്നിവയെല്ലാം ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. കൂരയിലുള്ള സ്കൈലൈറ്റിലൂടെ ധാരാളം സ്വാഭാവിക വെളിച്ചം ഉള്ളിലേക്ക് എത്തുന്നു.

തെരുവിലൂടെ നടക്കുമ്പോൾ രണ്ട് കെട്ടിടങ്ങൾക്കിടയിലുള്ള ഇടുങ്ങിയ വിടവ് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് യാക്കൂബിന് ഇങ്ങനെ ഒരു ആശയം തോണിയത്. ഇസ്രായേലി എഴുത്തുകാരനായ എറ്റ്ഗർ കെറെറ്റിന് (Etgar Keret) വേണ്ടിയാണ് ഈ വീട് നിർമ്മിച്ചത്. വാഴ്‌സോയിലെ നിർമ്മാണ നിയമങ്ങൾ കാരണം കടുത്ത വെല്ലുവിളികൾ നേരിട്ടതിനെത്തുടർന്ന് നഗരസഭ ഇതിനെ ഒരു ‘ആർട്ട് ഇൻസ്റ്റാളേഷൻ’ ആയാണ് തരംതിരിച്ചത്. ഏകദേശം മൂന്ന് വർഷത്തെ പ്രവൃത്തികൾക്ക് ശേഷം 2012 ഒക്ടോബറിലാണ് ഇതിന്റെ നിർമ്മാണം പൂർത്തിയായത്. ഇന്ന് വാഴ്‌സോയിലെ ഏറ്റവും ശ്രദ്ധേയമായ വാസ്തുവിദ്യാ അത്ഭുതങ്ങളിൽ ഒന്നാണ് കെറെറ്റ് ഹൗസ്.