Celebrity

‘ജയം രവിയും കെനീഷയും ‘കഞ്ചാവ്’ വലിക്കുന്നു ?’; ഇരുവരുടെയും സ്വകാര്യ വീഡിയോ പുറത്ത്; സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനം

നടൻ ജയം രവിയും (രവി മോഹൻ) ഗായിക കെനീഷ ഫ്രാൻസിസും ഒരുമിച്ചിരുന്ന് പുകവലിക്കുന്ന സ്വകാര്യ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് വലിയ ചർച്ചയായിരിക്കുകയാണ്. എക്സ് പ്ലാറ്റ്ഫോം ഉൾപ്പെടെയുള്ളവയിൽ നടനെതിരെ ശക്തമായ വിമർശനങ്ങളാണ് ഉയരുന്നത്. ഇരുവരും ഉപയോഗിക്കുന്നത് കഞ്ചാവാണെന്നാണ് സോഷ്യൽ മീഡിയയിൽ പലരും ആരോപിക്കുന്നത്. എന്നാൽ ഈ വിഡിയോയുടെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ലെന്നതിനൊപ്പം വിഷയത്തിൽ നടന്റെ ഭാഗത്തുനിന്ന് പ്രതികരണങ്ങളൊന്നും വന്നിട്ടുമില്ല.

ഭാര്യ ആരതിയുമായുള്ള വിവാഹമോചന കേസിൽ നടനെ പിന്തുണച്ചിരുന്നവർ പോലും ഈ വിഡിയോ പുറത്തുവന്നതോടെ തങ്ങളുടെ നിലപാട് മാറ്റിക്കഴിഞ്ഞു. ജയം രവിയോടുണ്ടായിരുന്ന ബഹുമാനം പൂർണമായും നഷ്ടപ്പെട്ടുവെന്ന് വ്യക്തമാക്കുന്ന പ്രതികരണങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. മുൻപ് നടന്റെ ഭാഗത്താണ് ന്യായമെന്ന് വിശ്വസിച്ചിരുന്നെന്നും എന്നാൽ ഈ പുതിയ ദൃശ്യങ്ങൾ കണ്ടതോടെ വലിയ നിരാശ തോന്നിയെന്നും വ്യക്തമാക്കിക്കൊണ്ട് ആരാധകരടക്കം ഈ വിഡിയോ പങ്കുവെക്കുന്നുണ്ട്.

അന്ന് അദ്ദേഹത്തിന്റെ ഭാഗത്തായിരുന്നു ശരിയെന്ന് കരുതുകയും പിന്തുണയ്ക്കുകയും ചെയ്തിരുന്നുവെന്നും എന്നാൽ പുതിയ വിഡിയോകൾ യാഥാർഥ്യം വ്യക്തമാക്കുന്നുവെന്നും പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നു. കാര്യങ്ങൾ ഈ രീതിയിൽ അവസാനിച്ചതിൽ നിരാശയുണ്ടെന്നും നടനോടുണ്ടായിരുന്ന ബഹുമാനം നഷ്ടമായെന്നുമാണ് ഉയർന്നുവരുന്ന പ്രധാന പ്രതികരണങ്ങൾ.

താൻ കടുത്ത വിഷാദരോഗത്തിലൂടെയാണ് കടന്നുപോകുന്നതെന്നും കുടുംബം തന്നെ സാമ്പത്തികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്നും ജയം രവി മുൻപ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഈ വാർത്തകളും മാധ്യമങ്ങൾക്ക് മുന്നിലെ കരച്ചിലും ജനങ്ങളുടെ സഹതാപം നേടാനുള്ള തന്ത്രമായിരുന്നോ എന്നാണ് പുതിയ ദൃശ്യങ്ങൾ കണ്ടവർ ചോദിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഉയരുന്ന ഇത്തരം പ്രതികരണങ്ങൾ നടനെ വിശ്വസിച്ചിരുന്ന വലിയൊരു വിഭാഗം ആരാധകരുടെ പൊതുവികാരമാണെന്നും വിലയിരുത്തപ്പെടുന്നു.

അതിനിടെ, കുടുംബ കോടതിയിൽ ആരതി ആവശ്യപ്പെട്ട 40 ലക്ഷം രൂപയുടെ ഇടക്കാല ജീവനാംശ ഹർജിയിൽ പ്രതിമാസം 3 ലക്ഷം രൂപ നൽകാൻ ജയം രവിയോട് കോടതി നിർദേശിച്ചിട്ടുണ്ട്. എന്നാൽ നടന്റെ പരസ്യപ്രസ്താവനകൾ കാരണം താൻ കടുത്ത സൈബർ ആക്രമണങ്ങൾ നേരിട്ടതായി ആരതി വ്യക്തമാക്കുന്നു.

സോഷ്യൽ മീഡിയയിലെ ഈ ശക്തമായ വിമർശനങ്ങളും നടന്റെ വിശ്വസനീയതയ്ക്ക് ഏറ്റ തിരിച്ചടിയും വരും ദിവസങ്ങളിൽ കോടതിയിലെ ജീവനാംശ തർക്കങ്ങളിലും കുട്ടികളുടെ സംരക്ഷണാവകാശ കേസ് നടപടികളിലും ആരതിക്ക് അനുകൂലമായ തെളിവുകളായി മാറിയേക്കാമെന്നാണ് നിയമവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.