ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്ററായ തിയാഷ ഗോസ്വാമി തന്റെ ഇൻസ്റ്റാഗ്രാം ഫോളോവേഴ്സിന്റെ എണ്ണത്തിൽ തുടർച്ചയായി ഉണ്ടാകുന്ന കുറവിനെക്കുറിച്ചും ജീവിതത്തിലെ പ്രതിസന്ധികളെക്കുറിച്ചും മനസ്സ് തുറന്നു. ചെറുപ്പത്തിൽ തന്നെ വലിയ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെങ്കിലും, ആഗ്രഹിച്ച പല ലക്ഷ്യങ്ങളും പൂർത്തിയാക്കാൻ കഴിയാത്തതിൽ താൻ നിരാശയാണെന്ന് താരം തുറന്നുപറഞ്ഞു.
വെള്ളിയാഴ്ച വൈകുന്നേരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ, ദയവായി തന്നെ അൺഫോളോ ചെയ്യരുതെന്ന് തിയാഷ ആരാധകരോട് അഭ്യർത്ഥിച്ചു. കഴിഞ്ഞ മാസം മാത്രം ഇൻസ്റ്റാഗ്രാമിലൂടെ 20 ലക്ഷം രൂപ സമ്പാദിച്ചതായും, 16-ാം വയസ്സിൽ സ്വന്തമായി ഒരു ബിസിനസ്സ് തുടങ്ങിയതായും അവർ വീഡിയോയിൽ പറഞ്ഞു. ഈ വർഷത്തെ തന്റെ 11-ാമത്തെ വിദേശ യാത്രയ്ക്ക് തയ്യാറെടുക്കുകയാണ് തിയാഷ. എന്നാൽ ഈ സാമ്പത്തിക നേട്ടങ്ങൾക്കൊന്നും തന്റെ നിരാശ മാറ്റാൻ കഴിഞ്ഞിട്ടില്ല.
തന്റെ വിഷൻ ബോർഡിൽ ഇൻസ്റ്റാഗ്രാമിൽ 2 ലക്ഷം ഫോളോവേഴ്സ് തികയ്ക്കണമെന്ന ലക്ഷ്യമുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ വർഷം നവംബറിൽ ഒരു ലക്ഷം ഫോളോവേഴ്സ് ഉണ്ടായിരുന്ന തനിക്ക്, മാസങ്ങൾ കഴിഞ്ഞിട്ടും ഫോളോവേഴ്സിന്റെ എണ്ണം കാര്യമായി വർദ്ധിച്ചില്ലെന്ന് മാത്രമല്ല, തുടർച്ചയായി കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും താരം പറഞ്ഞു.
കൊൽക്കത്തയിൽ നിന്ന് മുംബൈയിലേക്ക് താമസം മാറണമെന്നതും തിയാഷയുടെ വലിയൊരു ആഗ്രഹമായിരുന്നു. എന്നാൽ അത് നടപ്പിലാക്കാൻ സാധിക്കാതെ ഇപ്പോഴും കൊൽക്കത്തയിലെ മുറിയിൽ തന്നെ ഇരിക്കേണ്ടി വരുന്നതിൽ സങ്കടമുണ്ടെന്ന് അവർ വ്യക്തമാക്കി. എങ്കിലും ആരും പ്രതീക്ഷ കൈവിടരുതെന്നും ലക്ഷ്യങ്ങൾക്കായി പരിശ്രമിക്കുന്നത് തുടരണമെന്നും തിയാഷ കൂട്ടിച്ചേർത്തു. ഈ തുറന്നുപറച്ചിലിന് ശേഷം നിരവധി ആരാധകരാണ് തിയാഷയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയത്.




