Spotlight

കാറിലുണ്ടായിരുന്നവര്‍ മദ്യലഹരിയിൽ, അപകടം സംഘർഷം ഉണ്ടാക്കി പോലീസിനെ വെട്ടിച്ച് പായുന്നതിനിടെ? എട്ടുപേരുടെ മരണത്തില്‍ ട്വിസ്റ്റ്

തൃശൂര്‍: കയ്പമംഗലം പനമ്പിക്കുന്നില്‍ നിര്‍മാണത്തിലുള്ള ദേശീയപാത 66ല്‍ എട്ടുപേരുടെ മരണത്തിനിടയാക്കിയ കാറപകടത്തില്‍ നിർണായക വെളിപ്പെടുത്തൽ. കാറിലുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശികളായ എട്ടുപേരും അപകടസമയത്ത് മദ്യപിച്ചിരുന്നതായാണ് ഫോറന്‍സിക് പരിശോധനയിലെ കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിശദ പരിശോധനകൾക്കായി സാമ്പിളുകൾ കാക്കനാട്ടിലെ കെമിക്കൽ എക്സാമിനേഷൻ ലാബിലേക്ക് അയച്ചിട്ടുണ്ട്.

അതേസമയം, അപകടത്തിന് തൊട്ടുമുമ്പ് തളിക്കുളത്തെ ഒരു ഹോട്ടലിൽ മുറിയെടുക്കുന്നതുമായി ബന്ധപ്പെട്ട് ഈ എട്ടംഗസംഘം പത്താംകല്ലിൽ വച്ച് നാട്ടുകാരുമായി തർക്കത്തിലും കൈയാങ്കളിയിലും ഏർപ്പെട്ടിരുന്നതായി വിവരമുണ്ട്. തുടർന്ന് നാട്ടുകാർ വാടാനപ്പള്ളി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തുമെന്നായതോടെ സംഘം വേഗത്തിൽ അവിടെനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. പൊലീസിന്റെ പിടിയിലാകാതിരിക്കാൻ അമിതവേഗത്തിൽ കൊച്ചി ഭാഗത്തേക്ക് വാഹനമോടിച്ചു പോകുന്നതിനിടെയാണ് വാഹനം അപകടത്തിൽപ്പെടുന്നത്. സംഭവം നടന്ന തളിക്കുളം പത്താംകല്ലിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

മൂന്നുപീടിക ബൈപാസിന്റെ തുടക്കത്തിന് സമീപത്താണ് നടുക്കുന്ന അപകടമുണ്ടായത്. തമിഴ്‌നാട്ടിലെ ഡിണ്ടിഗലിൽ നിന്നുള്ള വിദ്യാർഥികൾ സഞ്ചരിച്ച കിയ സെൽറ്റോസ് കാർ നിർത്തിയിട്ടിരുന്ന ലോറിയുടെ പിൻഭാഗത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. ഗുരുവായൂർ ഭാഗത്തുനിന്ന് കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പോകുകയായിരുന്നു കാർ. പനമ്പിക്കുന്നിൽ മൂന്നുപീടിക വരെ മാത്രമാണ് നിലവിൽ ദേശീയപാതയിലൂടെ വാഹനങ്ങൾക്ക് പോകാൻ സാധിക്കുന്നത്. നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ അവിടെനിന്ന് സർവീസ് റോഡിലേക്ക് ഇറങ്ങിയാണ് യാത്ര തുടരേണ്ടിയിരുന്നത്. ഈ ഭാഗത്താണ് റോഡിൽ ലോറി നിർത്തിയിട്ടിരുന്നത്. അമിതവേഗത്തിലെത്തിയ കാറിന് സർവീസ് റോഡിലേക്ക് ഇറക്കാൻ സാധിക്കാതെ വരികയും നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് നേരിട്ട് ഇടിച്ചുകയറുകയുമായിരുന്നു.