സിംബാബ്വെയ്ക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിലും ബാറ്റിങ്ങിലും ബോളിങ്ങിലും പൂർണ ആധിപത്യം പുലർത്തി ഇന്ത്യൻ വനിതകൾ എട്ടു വിക്കറ്റിന്റെ മികച്ച വിജയം നേടി. അഞ്ചു വിക്കറ്റ് വീഴ്ത്തിയ വൈഷ്ണവി ശർമയുടെ ബോളിങ് മികവാണ് ഇന്ത്യയ്ക്ക് കരുത്തായത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബോൾ ചെയ്ത ഇന്ത്യ, സിംബാബ്വെയെ 39.5 ഓവറിൽ 131 റൺസിന് പുറത്താക്കി. തുടർന്ന് പ്രതിക റാവലിന്റെയും (59*) ഷെഫാലി വർമയുടെയും (51*) അർധസെഞ്ചറികളുടെ മികവിൽ 17 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ ലക്ഷ്യം കണ്ടു. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര 3–0ന് ഇന്ത്യ സ്വന്തമാക്കി.
എന്നാൽ മത്സരവിജയത്തിന് ശേഷം കളിക്കാർ പരസ്പരം ഹസ്തദാനം നൽകുന്നതിനിടെ നിലവിലെ ക്യാപ്റ്റൻ സ്മൃതി മന്ഥനയും മുൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും തമ്മിലുണ്ടായ സംഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. കൈകൊടുക്കാനായി ഹർമൻപ്രീത് എത്തിയപ്പോൾ സ്മൃതി മറ്റൊരു വശത്തേക്ക് നോക്കി നീങ്ങുകയായിരുന്നു. ഇരുവരും പരസ്പരം കൈകൊടുത്തതുമില്ല. അതിനുശേഷം മറ്റു താരങ്ങൾക്ക് രണ്ടുപേരും കൈകൊടുക്കുന്നുമുണ്ട്. ഈ ദൃശ്യങ്ങൾ പ്രചരിച്ചതോടെ ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന അഭ്യൂഹങ്ങൾ വീണ്ടും സജീവമായി.
സിംബാബ്വെ പരമ്പരയ്ക്ക് തൊട്ടുമുമ്പാണ് ഹർമൻപ്രീത് നായകസ്ഥാനം ഒഴിഞ്ഞതും സ്മൃതി മന്ഥന പുതിയ ക്യാപ്റ്റനായി ചുമതലയേറ്റതും. ഹർമൻപ്രീതിന്റെ മുൻകാല തീരുമാനങ്ങളിൽ സ്മൃതിക്ക് എതിരഭിപ്രായമുണ്ടായിരുന്നെന്നും ഡ്രസിങ് റൂമിലെ ഇരുവരുടെയും ബന്ധം അത്ര സുഖകരമായിരുന്നില്ലെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. മൂന്നാം ഏകദിനത്തിലെ സംഭവം ഇത് ശരിവെക്കുന്നതാണെന്ന് കരുതപ്പെടുന്നുണ്ടെങ്കിലും, രണ്ടാം മത്സരത്തിൽ ഹർമൻപ്രീത് സെഞ്ചറി (126) നേടിയപ്പോൾ സ്മൃതി കയ്യടിച്ച് അഭിനന്ദിച്ചതും ശ്രദ്ധേയമായിരുന്നു.




