ഭോപ്പാൽ: ജയിലിൽ കഴിയുന്ന സഹോദരനെക്കുറിച്ച് പരിഹസിച്ചു സംസാരിച്ചതിൽ പ്രകോപിതയായി യുവതി സഹോദരഭാര്യയെ കുത്തിക്കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഇൻഡോറിൽ നടന്ന സംഭവത്തിൽ വന്ദന എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം പൊലീസിനെയും വീട്ടുകാരെയും തെറ്റിദ്ധരിപ്പിക്കുന്നതിനായി മൃതദേഹം വീടിന് പുറത്തുള്ള വാട്ടർ ടാങ്കിൽ തള്ളുകയായിരുന്നു. തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയായ പാർവതി ഭായ് കുശ്വാഹിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കൊല്ലപ്പെട്ട വന്ദനയും പാർവതിയുടെ സഹോദരൻ ഉപേന്ദ്രയും കുടുംബത്തിന്റെ എതിർപ്പ് അവഗണിച്ച് ഓഗസ്റ്റ് 11-നാണ് ക്ഷേത്രത്തിൽ വച്ച് വിവാഹിതരായത്. കുടുംബവുമായുള്ള അഭിപ്രായവ്യത്യാസങ്ങളെയും മാനസിക അകൽച്ചയെയും തുടർന്ന് ഇരുവരും പ്രത്യേകം വാടകവീട്ടിലാണ് താമസിച്ചിരുന്നത്.
പീഡനക്കേസിൽ പ്രതിയായ പാർവതിയുടെ മറ്റൊരു സഹോദരൻ നിലവിൽ ദാമോയിലെ ജയിലിൽ കഴിഞ്ഞുവരികയാണ്. രക്ഷാബന്ധൻ ദിനത്തിൽ ഇയാളെക്കുറിച്ച് വന്ദന നടത്തിയ കളിയാക്കലുകളാണ് പാർവതിയെ പ്രകോപിപ്പിച്ചതും കൊലപാതകത്തിലേക്ക് നയിച്ചതും. വന്ദനയുടെ കഴുത്തിൽ കത്തികൊണ്ട് രണ്ടുതവണ കുത്തിയാണ് കൊലപ്പെടുത്തിയത്. ഈ സമയം പാർവതിയുടെ മക്കൾ സ്കൂളിലും ഭർത്താവ് ആശുപത്രിയിലുമായിരുന്നു.
കൊലപാതകത്തിന് ശേഷം മൃതദേഹം വലിച്ചിഴച്ച് പുറത്തെ ടാങ്കിൽ തള്ളിയ ശേഷം യുവതി നേരെ ഭർത്താവിന്റെ അടുത്തേക്ക് ആശുപത്രിയിലേക്ക് പോയി. ഇതിനിടെ വന്ദനയെ കാണാനില്ലെന്ന് മനസ്സിലാക്കിയ കുടുംബം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സി.സി.ടി.വി പരിശോധിച്ച പൊലീസ് പാർവതിയിലേക്ക് എത്തിച്ചേർന്നു. ആദ്യഘട്ടത്തിൽ പൊലീസ് അന്വേഷണത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെങ്കിലും, കുറ്റകൃത്യത്തിന് ഉപയോഗിച്ച കത്തിയിൽ നിന്ന് വിരലടയാളം ലഭിച്ചതോടെ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.




