കൈകൊണ്ട് ഭക്ഷണം കഴിക്കുന്ന ഇന്ത്യൻ ശീലത്തെക്കുറിച്ചുള്ള സാമ്പത്തിക ശാസ്ത്രജ്ഞൻ സഞ്ജീവ് സന്യാലിന്റെ ഒറ്റവരി മറുപടി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. ഫ്ലോറിഡ സ്വദേശിയായ അകാ എന്ന സോഷ്യൽ മീഡിയ ഉപയോക്താവ്, ദക്ഷിണേന്ത്യൻ കല്യാണച്ചടങ്ങിൽ ആളുകൾ കൈകൊണ്ട് ഭക്ഷണം കഴിക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ട് “എന്തുകൊണ്ടാണ് ഇവർ കൈകൊണ്ട് ഭക്ഷണം കഴിക്കുന്നത്?” എന്ന് ചോദിച്ചിരുന്നു. ഇതിനാണ് സന്യാൽ രസകരമായ മറുപടി നൽകിയത്.
“ഇതൊരു ലളിതമായ പരിശോധനയാണ്… നിങ്ങൾക്ക് കൈകൊണ്ട് തൊടാൻ പോലും അറപ്പുള്ള ഒരു സാധനമാണെങ്കിൽ, അത് വായയിൽ വെക്കുന്നതും നല്ല കാര്യമായിരിക്കില്ല” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സന്യാലിന്റെ ഈ മറുപടി പെട്ടെന്ന് തന്നെ തരംഗമാവുകയും രണ്ട് ലക്ഷത്തിലധികം ആളുകൾ കാണുകയും ചെയ്തു. ഇത് ഏറ്റവും ലളിതവും യുക്തിസഹവുമായ വിശദീകരണമാണെന്ന് പറഞ്ഞ് നിരവധി ആളുകൾ അദ്ദേഹത്തെ പിന്തുണച്ചു. കൈകൊണ്ട് കഴിക്കുമ്പോഴാണ് ഇന്ത്യൻ ഭക്ഷണത്തിന് കൂടുതൽ രുചി ലഭിക്കുന്നതെന്നും പലരും അഭിപ്രായപ്പെട്ടു.
ചോറ്, കറി, റോട്ടി, ദോശ തുടങ്ങിയ വിഭവങ്ങൾ കൈകൊണ്ട് കഴിക്കുന്നത് ഇന്ത്യയിലുടനീളം വളരെ സാധാരണമായ ഒരു രീതിയാണ്. വിഭവങ്ങൾ നന്നായി കൂട്ടികലർത്താനും, ഭക്ഷണത്തിന്റെ ചൂടും ഘടനയും അനുഭവിച്ചറിയാനും ഇത് സഹായിക്കുന്നു. സാംസ്കാരികമായ വലിയ തർക്കങ്ങൾക്ക് നിൽക്കാതെ വളരെ ലളിതമായി നൽകിയ ഈ മറുപടിയാണ് ആളുകളുടെ ശ്രദ്ധ കവർന്നത്.




