Featured Lifestyle

ഡേറ്റിങ്ങിനു പോകുമ്പോൾ ഇനി കുളിക്കണ്ട, പെർഫ്യൂം അടിക്കണ്ട! ഇപ്പോൾ ട്രെൻഡ് ഫെറോമോൺ- മാക്സിങ്, അതെന്താണ് ?

ഇഷ്ടപ്പെട്ടയാളെ കാണാൻ പോകുമ്പോൾ കുളിച്ച് ഒരുങ്ങി, കുറിതൊട്ട്, പെർഫ്യൂമും വാരിപ്പൂശിപ്പോകുന്നതൊക്കെ പഴയ രീതിയാണെന്നാണ് പുതിയ തലമുറയുടെ (ജെൻസി) പക്ഷം. പ്രണയം സ്വാഭാവികമായി ഉണ്ടാകുന്നതുപോലെ ശരീരത്തിന്റെ സ്വാഭാവിക ഗന്ധങ്ങളിൽ ആകൃഷ്ടരായി പങ്കാളി തങ്ങളെ ഇഷ്ടപ്പെടട്ടെ എന്നാണ് അവരുടെ നിലപാട്. ഈ പുതിയ ഡേറ്റിങ് ട്രെൻഡിന് അവർ നൽകിയിരിക്കുന്ന പേരാണ് ‘ഫെറോമോൺ-മാക്സിങ്’. സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്ന ഈ ട്രെൻഡിന്റെ ലക്ഷ്യം, മറ്റുള്ളവരെ ആകർഷിക്കാനും സ്വന്തം വ്യക്തിത്വം മെച്ചപ്പെടുത്താനും ശരീരത്തിലെ പ്രകൃതിദത്ത വാസനകളെയും ഫെറോമോണുകളെയും പരമാവധി പ്രയോജനപ്പെടുത്തുക എന്നതാണ്. കൃത്രിമ പെർഫ്യൂമുകളെ ആശ്രയിക്കുന്നതിനു പകരം, ശരീരത്തിന്റെ തന്നെ സ്വാഭാവിക ആകർഷണീയത വർധിപ്പിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നത്.

മനുഷ്യരിലും മൃഗങ്ങളിലും ആശയവിനിമയത്തിനായി പുറപ്പെടുവിക്കുന്ന പ്രകൃതിദത്ത രാസസന്ദേശങ്ങളാണ് ഫെറോമോണുകൾ. ഇത് എതിർലിംഗത്തിൽപ്പെട്ടവരെ ആകർഷിക്കാനും പെരുമാറ്റങ്ങളെ സ്വാധീനിക്കാനും സഹായിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഡേറ്റിങ്ങിൽ ഫെറോമോൺ-മാക്സിങ് പിന്തുടരുന്നവർ ആത്മവിശ്വാസം ഉയർത്താനും പങ്കാളിയുമായി പെട്ടെന്ന് ഒരു ബന്ധം സ്ഥാപിച്ചെടുക്കാനുമാണ് ഇത് ഉപയോഗിക്കുന്നത്. സ്വന്തം ശരീരഗന്ധത്തിൽ തൃപ്തരല്ലാത്തവർ ഡേറ്റിന് പോകുന്നതിന് തൊട്ടുമുമ്പ് ഫെറോമോൺ അടങ്ങിയിട്ടുണ്ടെന്ന് അവകാശപ്പെടുന്ന പ്രത്യേക പെർഫ്യൂമുകൾ പൂശാറുണ്ട്. മറ്റ് കൃത്രിമ വാസനകൾ കൊണ്ട് സ്വന്തം ഗന്ധം മറച്ചുവെക്കുന്നതിന് പകരം പ്രകൃതിദത്തമായ ആകർഷണീയത നൽകാൻ ഇത് സഹായിക്കുമെന്നാണ് ഇവരുടെ അവകാശവാദം.

ശരീരത്തിന്റെ സ്വാഭാവിക ഗന്ധം നിലനിർത്താൻ ആഗ്രഹിക്കുന്നവർ ജീവിതശൈലിയിൽ അൽപം ശ്രദ്ധ ചെലുത്തണമെന്ന് ഈ തരംഗത്തിന്റെ വക്താക്കൾ വ്യക്തമാക്കുന്നു. ശരീരത്തിലെ സ്വാഭാവിക വാസനയും ഫെറോമോണുകളും മെച്ചപ്പെടുത്താൻ കൃത്യമായ ദിനചര്യകൾ, സിങ്ക് അടങ്ങിയ പോഷകാഹാരങ്ങൾ, ആവശ്യത്തിന് വെള്ളം കുടിക്കൽ, കൃത്യമായ ഉറക്കം, വ്യായാമം എന്നിവ അത്യാവശ്യമാണ്. ദുർഗന്ധത്തിന് കാരണമാകുന്ന സംസ്കരിച്ച ഭക്ഷണങ്ങളും ജങ്ക് ഫുഡുകളും ഒഴിവാക്കി ഇത്തരം ആരോഗ്യകരമായ ശീലങ്ങൾ പിന്തുടരുന്നത് ശരീരത്തിന്റെ പ്രകൃതിദത്ത ഗന്ധം നിലനിർത്താൻ സഹായിക്കുമെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.

ഫെറോമോൺ-മാക്സിങ്ങിന്റെ ശാസ്ത്രീയ അടിത്തറയെക്കുറിച്ച് വിദഗ്ധർക്കിടയിൽ ഇപ്പോഴും വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. വിപണിയിലിറങ്ങുന്ന ഫെറോമോൺ ഉൽപന്നങ്ങൾ മനുഷ്യരിൽ പൂർണമായും ഫലപ്രദമാണെന്ന് ശാസ്ത്രീയമായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. എന്നിരുന്നാലും, ഒരു വ്യക്തിയുടെ ആത്മവിശ്വാസം ഉയർത്താനും നല്ല ശുചിത്വവും ആരോഗ്യകരവുമായ ജീവിതശൈലി വളർത്താനും സഹായിക്കുന്നു എന്ന നിലയിലാണ് ഈ ട്രെൻഡ് യുവാക്കൾക്കിടയിൽ തരംഗമാകുന്നത്. ഈ രീതി പരീക്ഷിക്കുന്നവർ തങ്ങളുടെ ശരീരഭാഷയിലും വ്യക്തിത്വത്തിലും മികച്ച മാറ്റങ്ങൾ അനുഭവപ്പെടുന്നതായി അവകാശപ്പെടുന്നു. ശാസ്ത്രീയ തെളിവുകളേക്കാൾ, തങ്ങൾ ആകർഷകരാണെന്ന ബോധം നൽകുന്ന ആത്മവിശ്വാസമാണ് ഡേറ്റിങ്ങിൽ ഇവരെ കൂടുതൽ സജീവമാക്കുന്നത്.