Featured Good News

തോല്‍ക്കാന്‍ എനിക്ക് മനസ്സില്ല! സെറിബ്രൽ പൾസിയെ തോൽപ്പിച്ച് 12,500 അടി ഉയരത്തിൽ 10 കിലോമീറ്റർ ഓടി അനുരാഗ് റാവത്ത്!

അനുരാഗ് റാവത്തിന് ജീവിതത്തിൽ എന്തൊക്കെ സാധിച്ചെടുക്കാൻ കഴിയുമെന്ന് ആളുകൾ സംശയിച്ച ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇന്ന് 12,500 അടി ഉയരമുള്ള പ്രദേശത്ത് 10 കിലോമീറ്റർ ഓടി ആയിരക്കണക്കിന് ആളുകൾക്കാണ് ഇദ്ദേഹം പ്രചോദനമാകുന്നത്.

സെറിബ്രൽ പാൾസി (Cerebral palsy) എന്ന അവസ്ഥയോട് പോരാടുന്ന റാവത്ത്, ഇന്ത്യയിൽ രണ്ടാം തവണയാണ് ഉയർന്ന പ്രദേശത്തെ ഈ ദീർഘദൂര ഓട്ടം പൂർത്തിയാക്കുന്നത്. സെറിബ്രൽ പാൾസി ബാധിച്ച ഒരാൾ 12,500 അടി ഉയരത്തിൽ 10 കിലോമീറ്റർ ഓട്ടം പൂർത്തിയാക്കി രാജ്യത്തിന് അന്താരാഷ്ട്ര തലത്തിൽ പ്രശസ്തി കൊണ്ടുവരുന്നത് ഇത് രണ്ടാം തവണയാണെന്ന് ഇദ്ദേഹത്തിന്റെ നേട്ടത്തെ പ്രശംസിച്ചുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

മാരത്തണുകളിലും ഫിറ്റ്നസ് വെല്ലുവിളികളിലും സ്ഥിരമായി പങ്കെടുക്കുന്ന റാവത്ത്, തന്റെ അനുഭവങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. രണ്ടു ലക്ഷത്തിലധികം അനുയായികളാണ് (followers) ഇന്ന് ഇദ്ദേഹത്തിന് സോഷ്യൽ മീഡിയയിലുള്ളത്. ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് അനുസരിച്ച്, രണ്ട് വയസ്സുള്ളപ്പോഴാണ് റാവത്തിന് സെറിബ്രൽ പാൾസി സ്ഥിരീകരിക്കുന്നത്. സൈനികനായ അച്ഛനെപ്പോലെ സൈന്യത്തിൽ ചേരണമെന്ന് ആഗ്രഹിച്ചെങ്കിലും എട്ടാം ക്ലാസിനു ശേഷം പഠനം ഉപേക്ഷിക്കേണ്ടി വന്നു.

സ്കൂൾ പഠനം അവസാനിപ്പിക്കേണ്ടി വന്നത് റാവത്തിന് വലിയ മാനസിക ബുദ്ധിമുട്ടുണ്ടാക്കി. എന്നാൽ തന്റെ പരിമിതികളിൽ തളരാതെ സ്വന്തമായി ഒരു വഴി വെട്ടിത്തുറക്കാൻ ഇദ്ദേഹം തീരുമാനിക്കുകയായിരുന്നു. വീഡിയോ ചിത്രീകരണവും എഡിറ്റിംഗും സ്വയം പഠിച്ചെടുത്ത ഇദ്ദേഹം റണ്ണിംഗ്, ജിം വർക്കൗട്ടുകൾ, ദിനചര്യകൾ എന്നിവ വീഡിയോകളാക്കി പങ്കുവെക്കാൻ തുടങ്ങി.

റാവത്തിന്റെ ഈ പുതിയ നേട്ടത്തിന് സോഷ്യൽ മീഡിയയിൽ വലിയ പ്രശംസയാണ് ലഭിക്കുന്നത്. “അനുരാഗ്, താങ്കളെയോർത്ത് അഭിമാനം കൊള്ളുന്നു, താങ്കൾ എനിക്ക് നൽകിയ പ്രചോദനം വാക്കുകൾക്ക് അതീതമാണ്”, “ശ്രമം ഉപേക്ഷിക്കില്ല എന്ന വാക്കിന്റെ യഥാർത്ഥ ഉദാഹരണമാണ് താങ്കൾ”, “ശരീരത്തിന്റെ പൂർണ്ണതയിലല്ല, തോൽക്കാത്ത മനസ്സിലാണ് യഥാർത്ഥ കരുത്ത്” എന്നിങ്ങനെ പോകുന്നു ആളുകളുടെ കമന്റുകൾ.