Featured Sports

സിക്സടിച്ച് കളി തീർത്ത് ഹർമൻപ്രീത്, പാകിസ്താനെ 55ന് എറിഞ്ഞിട്ട് ഇന്ത്യൻ പെൺപുലികൾ, ഒറ്റയക്കത്തിൽ പുറത്തായത് എട്ട് താരങ്ങള്‍ ഏഷ്യാകപ്പ് സെമിയിൽ

വനിതകളുടെ ഏഷ്യാ കപ്പ്‌ ട്വന്റി20 ക്രിക്കറ്റ്‌ മത്സരത്തില്‍ പാകിസ്‌താനെതിരേ ഏഴ്‌ വിക്കറ്റിന്റെ മികച്ച ജയവുമായി ഇന്ത്യ. എ ഗ്രൂപ്പിലെ പോരാട്ടത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത പാകിസ്‌താന്‍ 55 റണ്ണിന്‌ ഓള്‍ഔട്ടാവുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ കളി തീരാന്‍ 68 പന്തുകള്‍ ബാക്കിനില്‍ക്കേ വിജയ ലക്ഷ്യം മറികടന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്‌. ഇതോടെ ആറ്‌ പോയിന്റോടെ പട്ടികയില്‍ ഒന്നാം സ്‌ഥാനത്ത്‌ തുടരാനും ഇന്ത്യക്കായി. ഇന്ത്യ നേരത്തെ തന്നെ സെമി ഫൈനല്‍ ഉറപ്പിച്ചിരുന്നെങ്കിലും സെമി ബെര്‍ത്ത്‌ ലക്ഷ്യമിട്ടാണ് പാകിസ്‌താന്‍ കളത്തിലിറങ്ങിയത്.

തുടക്കത്തില്‍ പവർ പ്ലേയിൽ മൂന്നു മുന്‍നിര വിക്കറ്റുകൾ നഷ്ടമായെങ്കിലും ഇന്ത്യ കളി തിരികെ പിടിച്ച് അനായാസ വിജയം സ്വന്തമാക്കുകയായിരുന്നു. പാക്ക് ബോളർ നഷ്റ സന്ധു എറിഞ്ഞ ഒൻപതാം ഓവറിലെ മൂന്നും നാലും പന്തുകളിൽ സിക്സും ഫോറും അടിച്ച് ക്യാപ്റ്റൻ ഹർമൻപ്രീത് കൗറാണ് ഇന്ത്യയ്ക്ക് ജയം ഉറപ്പാക്കിയത്. ടൂർണമെന്റിലെ കഴിഞ്ഞ മത്സരങ്ങളിൽ തായ്‍ലൻഡിനെതിരെ 94 റൺസിനും ഹോങ് കോങ്ങിനെതിരെ 137 റൺസിനും ഇന്ത്യ വിജയിച്ചിരുന്നു. ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തുള്ള പാക്കിസ്ഥാന് ഇനി ഹോങ്കോങ്ങിനെതിരായ പോരാട്ടമുണ്ട്. സെപ്റ്റംബർ പത്തിന് നടക്കുന്ന സെമി ഫൈനലിൽ ബി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരെയാകും ഇന്ത്യ നേരിടുക.

തന്റെ 150-ാം ട്വന്റി20 മത്സരം കളിക്കുന്ന നായിക ഹര്‍മന്‍പ്രീത്‌ കൗറും (18 പന്തില്‍ ഒരു സിക്‌സും ഫോറുമടക്കം 18) ദീപ്‌തി ശര്‍മയും (14 പന്തില്‍ 12) ചേര്‍ന്നാണ് ടീമിനെ വിജയതീരത്തെത്തിച്ചത്‌. നഷ്‌റ സന്ധുവിനെ സിക്‌സറി പറത്തി ഹര്‍മന്‍പ്രീതാണ്‌ വിജയ റണ്ണെടുത്തത്‌. ഷഫാലി വര്‍മ (12), സ്‌മൃതി മന്ദാന (9), പ്രതീക റാവല്‍ (4) എന്നിവരുടെ വിക്കറ്റുകൾ വീഴ്ത്താനായത് മാത്രമാണ് പാകിസ്‌താന്‌ ആശ്വാസമായത്‌.

ദുബായ്‌ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ്‌ സ്‌റ്റേഡിയത്തില്‍ ടോസ്‌ നേടിയ പാക് നായിക ഫാതിമ സന ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നാല്‌ ഓവറില്‍ ഒന്‍പത്‌ റണ്‍ വഴങ്ങി മൂന്ന്‌ വിക്കറ്റെടുത്ത പ്രേമ റാവത്തും ഏഴ്‌ റണ്ണിന് മൂന്ന്‌ വിക്കറ്റെടുത്ത ശ്രീ ചരണിയുമാണ്‌ പാക്‌ പടയെ തകർത്തത്. ദീപ്‌തി ശര്‍മ രണ്ടും ഷഫാലി വര്‍മ ഒരു വിക്കറ്റും വീഴ്ത്തി. മുനീബ അലിയും (15 പന്തില്‍ 13) ഷവാല്‍ സുള്‍ഫിഖറും (14 പന്തില്‍ 14) ചേർന്ന് നല്ല തുടക്കം നൽകിയെങ്കിലും കൂട്ടുകെട്ട് അധികം നീണ്ടില്ല. മുനീബയെ പുറത്താക്കി ഷഫാലിയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നാലെ ഗുല്‍ ഫിറോസയെ (0) പുറത്താക്കി ശ്രീ ചരണിയും തിളങ്ങി. തുടര്‍ന്ന് ആയേഷ സഫര്‍ (2), ഷവാല്‍ എന്നിവരെയും ശ്രീ ചരണി തന്നെ മടക്കി. സദാഫ്‌ ഷാംസ്‌ (3), ഉം-ഇ-ഹാനി (6), നഷ്‌റ സന്ധു (0) എന്നിവരെ പ്രേമ റാവത്തും വീഴ്ത്തി. ഐമാന്‍ ഫാതിമ (5) റണ്ണൗട്ടായപ്പോള്‍ നായിക ഫാത്തിമ സനയെ (0) ദീപ്‌തി ശര്‍മ എൽ.ബി.ഡബ്ല്യുവിൽ കുടുക്കി.

കൃത്യതയോടെ പന്തെറിഞ്ഞ ഇന്ത്യന്‍ ബൗളർമാർ ആകെ മൂന്ന്‌ അധിക റണ്ണുകള്‍ മാത്രമാണ് വിട്ടുകൊടുത്തത്. വിക്കറ്റ്‌ നഷ്‌ടമില്ലാതെ 27 റണ്ണെന്ന ശക്തമായ നിലയില്‍നിന്ന്‌ ആറിന്‌ 35 എന്ന അവസ്ഥയിലേക്ക്‌ പാകിസ്‌താന്‍ തകരുകയായിരുന്നു. അഞ്ചാം ഓവര്‍ മുതലാണ്‌ ഇന്ത്യന്‍ ബൗളർമാർ ആധിപത്യം സ്ഥാപിച്ചത്. 27 റണ്‍സിൽ നിൽക്കേ ആദ്യവിക്കറ്റായി മുനീബ അലിയെ ഷഫാലി വര്‍മ പുറത്താക്കി. ആറാം ഓവറില്‍ ഗുള്‍ ഫെറോസയും സുല്‍ഫിക്കറും പുറത്തായി. പിന്നീട്‌ എത്തിയ ബാറ്റർമാർക്കൊന്നും പിടിച്ചുനിൽക്കാനായില്ല. ഇന്ത്യന്‍ ബോളിങ് വ്യൂഹത്തിന് മുന്നില്‍ പാക്‌ വിക്കറ്റുകൾ വേഗത്തിൽ നിലംപൊത്തുകയായിരുന്നു.