Oddly News

ലൈറ്റില്ലാതെ കെ.എസ്.ആർ.ടി.സി ബസ്; മൊബൈൽ ഫ്ലാഷുകൾ തെളിയിച്ച് വഴി കാട്ടി യാത്രക്കാർ, അപൂർവ്വ കാഴ്ച!

കർണാടകയിലെ ധാർവാഡ് ജില്ലയിൽ ഹെഡ്‌ലൈറ്റ് തകരാറിലായതിനെ തുടർന്ന് യാത്രികരുടെ മൊബൈൽ ഫോൺ ഫ്ലാഷ്‌ലൈറ്റുകളുടെ വെളിച്ചത്തിൽ ബസ് സർവീസ് നടത്തിയതായി റിപോർട്ട്. നോർത്ത് വെസ്റ്റേൺ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (NWKRTC) ബസിലാണ് യാത്രക്കാരുടെ ജീവൻ പണയം വെച്ചുള്ള ഈ സംഭവം നടന്നത്.

ഹുബ്ബള്ളിയിൽ നിന്ന് രാത്രി 8 മണിയോടെ അട്ടിഗേരിയിലേക്ക് പുറപ്പെട്ട ബസ് കുന്ദ്ഗോൾ താലൂക്കിലെ സാൻഷി ബസ് സ്റ്റോപ്പിന് സമീപമെത്തിയപ്പോഴാണ് ഹെഡ്‌ലൈറ്റ് കേടായത്. എന്നാൽ യാത്ര വഴിയിൽ ഉപേക്ഷിക്കുന്നതിന് പകരം, ഡ്രൈവർ യാത്രക്കാരുടെ സഹായത്തോടെ ബസ് മുന്നോട്ട് എടുക്കുകയായിരുന്നു. സാൻഷി, ഗുഡ്ഗേരി വഴി അട്ടിഗേരിയിലേക്ക് യാത്ര ചെയ്യുന്നതിനായി യാത്രക്കാർ തങ്ങളുടെ മൊബൈൽ ഫോൺ ഫ്ലാഷ്‌ലൈറ്റുകൾ തെളിച്ച് റോഡിലേക്ക് വെളിച്ചം പകർന്നു നൽകി. ഈ വെളിച്ചത്തിന്റെ സഹായത്തോടെ ഡ്രൈവർ ബസ് ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയും ചെയ്തു.

യാത്രക്കാർ മൊബൈൽ ഫ്ലാഷ്‌ലൈറ്റുകൾ തെളിയിച്ച് സഹായിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഹെഡ്‌ലൈറ്റ് തകരാറിലായിട്ടും യാത്രക്കാരുടെ സുരക്ഷ കണക്കിലെടുക്കാതെ ബസ് സർവീസ് തുടരാൻ അനുവദിച്ചതിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.

സമാനമായ മറ്റൊരു സംഭവം 2026 ജൂലൈയിൽ കർണാടകയിൽ തന്നെ നടന്നിരുന്നു. കലബുറഗിയിൽ നിന്ന് ചിഞ്ചോളിയിലേക്ക് പോവുകയായിരുന്ന കല്യാണ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (KKRTC) ബസിന്റെ ഹെഡ്‌ലൈറ്റ് കത്താത്തതിനെ തുടർന്ന് കണ്ടക്ടർ മൊബൈൽ ടോർച്ച് വെളിച്ചം കാണിച്ചാണ് ഡ്രൈവർക്ക് വഴി കാട്ടിക്കൊടുത്തത്. രാത്രി ഇരുളടഞ്ഞ റോഡിലൂടെ അപകടകരമായി ബസ് ഓടിക്കുന്ന ഇതിന്റെ വീഡിയോയും അന്ന് വലിയ രീതിയിൽ പ്രചരിച്ചിരുന്നു.